തിരുവനന്തപുരം: സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിൽ എതിർപ്പുന്നയിച്ച സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ നിലപാടിനെ തള്ളി വിദ്യാഭ്യാസ മന്ത്രി. സർക്കാർ നിലപാടുകൾ വ്യക്തമാണെന്നും ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു.
ഏത് അധ്യാപക സംഘടനക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പലരും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. സർക്കാർ എടുത്ത തീരുമാനം സർക്കാർ പ്രാവർത്തികമാക്കിയിട്ടുണ്ട്. ആദ്യ ശനിയാഴ്ച പ്രവൃത്തി ദിനമായിരുന്നു. എല്ലാസ്ഥലത്തും എല്ലാവരും സഹകരിച്ചു. അധ്യാപക സംഘടനയിൽ എല്ലാവർക്കും എതിപ്പുണ്ടെന്നൊന്നും കരുതുന്നില്ല. എതിർപ്പ് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു.
വേണ്ടത്ര കൂടിയാലോചനയും ചർച്ചയും ഇല്ലാതെ വിദ്യാഭ്യാസ കലണ്ടർ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജന്റെ നിലപാട്.
പ്രതിപക്ഷ അധ്യാപക സംഘടനകൾ തീരുമാനത്തിനെതിരെ പ്രക്ഷോഭം തുടങ്ങാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഭരണപക്ഷ സംഘടനയും അതൃപ്തി പരസ്യപ്പെടുത്തിയത്. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽപോലും ചർച്ചചെയ്യാത്ത കാര്യങ്ങളാണ് വിദ്യാഭ്യാസ കലണ്ടർ രൂപത്തിൽ പുറത്തുവന്നതെന്ന് കെ.എസ്.ടി.എ കുറ്റപ്പെടുത്തിയിരുന്നു.
സംസ്ഥാനത്തെ സ്കൂളുകൾക്ക് 210 അധ്യയന ദിനങ്ങൾ നിശ്ചയിച്ചാണ് വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കിയത്. ഇസ്കൂളുകൾ മധ്യവേനലവധിക്ക് അടക്കുന്നത് മാർച്ചിലെ അവസാന പ്രവൃത്തിദിവസത്തിൽനിന്ന് ഏപ്രിൽ ആറിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ മന്ത്രി വി. ശിവൻകുട്ടിയായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്.
നേരത്തേ 220 അധ്യയനദിനങ്ങൾ തികക്കാൻ ലക്ഷ്യമിട്ടായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ആഴ്ചയിൽ ആറ് പ്രവൃത്തിദിവസം വരുന്ന രീതിയിൽ ശനിയാഴ്ച അധ്യയനദിനമാക്കുന്നതിൽ അധ്യാപക സംഘടനകളിൽനിന്ന് എതിർപ്പുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് 210 അധ്യയനദിനങ്ങൾ നടപ്പാക്കാനും അതിനനുസൃതമായി മാർച്ചിലെ അവസാന പ്രവൃത്തിദിനത്തിന് പകരം ഏപ്രിൽ ആറുവരെ അധ്യയനദിനം നീട്ടാനും തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.