സുൽത്താൻ ബത്തേരി: മുസ്ലിംലീഗ് മുന്നണി മാറില്ലെന്നുറപ്പിച്ച് വ്യക്തമാക്കി ലീഗ് നേതാക്കൾ. യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്നതാണ് പാർട്ടിയുടെ പ്രധാന ചുമതലയെന്നും അതിൽനിന്ന് ഒരിഞ്ചുപോലും വഴിമാറാൻ മുസ്ലിംലീഗ് തയാറല്ലെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വിശ്വാസ്യതയുടെ കാര്യത്തിൽ ഒരു വഞ്ചനയും കാട്ടുന്ന പാർട്ടിയല്ല മുസ്ലിംലീഗെന്നും ഐക്യജനാധിപത്യ മുന്നണിയുടെ നെടുംതൂണായി പ്രവർത്തിക്കുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
സുൽത്താൻ ബത്തേരിയില്‍ വയനാട് ജില്ല മുസ്ലിംലീഗ് കൗണ്‍സില്‍ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു ഇരുവരും. സമീപകാലത്തായി നടക്കുന്ന മുന്നണിമാറ്റ ചർച്ചയിൽ കാര്യമൊന്നുമില്ല. മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽകൂടി കടക്കേണ്ട അവസ്ഥ ലീഗിനില്ല. മുന്നണി മാറുന്നുണ്ടെങ്കിൽ കാര്യകാരണ സഹിതം തുറന്നുപറയുമെന്നും ഇപ്പോൾ അതിന്റെ സാഹചര്യമില്ലെന്നും തങ്ങൾ വ്യക്തമാക്കി. മുന്നണി മാറാനുള്ള കാരണമായി ചിലർ പറയുന്നതിന്റെ ആയിരം ഇരട്ടി മുന്നണിയെ നിലനിർത്താനാണ് മുസ്ലിം ലീഗിന്റെ ഉത്തരവാദിത്തമെന്നതാണ് വാസ്തവം. ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകണം. വേറെ ആരെങ്കിലും വല്ല വെള്ളവും അടുപ്പത്തുവെച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് എന്ന സംവിധാനം രൂപപ്പെടുത്തിയ പാര്‍ട്ടിയാണ് ലീഗ്. യു.ഡി.എഫിന്റെ കെട്ടുറപ്പ് ലീഗിന് പ്രധാനമാണ്. യു.ഡി.എഫില്‍ ഉറച്ചുനില്ക്കാന് മുസ്ലിംലീഗിന് ആയിരം കാരണങ്ങളുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
യു.ഡി.എഫിൽ എന്തെങ്കിലും വിഷയം വന്നാൽ ലീഗിന് അതിന്റേതായ അഭിപ്രായങ്ങളുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പല വിഷയങ്ങളിലും ലീഗ് പറയുന്നതുപോലെ കോൺഗ്രസിന് പറയാൻ സാധിക്കില്ല. വ്യത്യസ്തമായ പാർട്ടികളാണ്. പക്ഷേ, ഐക്യജനാധിപത്യ മുന്നണിക്ക് ഒരു സമിതിയുണ്ട്. അവിടെ അതെല്ലാം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യകാല നേതാക്കൾ ഏതുരീതിയിൽ പാർട്ടിയെ പടുത്തുയർത്തിയോ അതിനേക്കാൾ ശക്തമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുന്നോട്ടുകൊണ്ടുപോകും. ലീഗിന്റെ ആവശ്യങ്ങൾ പറയും. പ്രശ്നങ്ങൾ സ്വാതന്ത്ര്യത്തോടെ അവതരിപ്പിക്കും. മാധ്യമങ്ങൾ കൊടുക്കുന്ന വ്യാഖ്യാനങ്ങളൊന്നും ലീഗിന് പ്രശ്നമല്ല. നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ടതിന്. ജനദ്രോഹ സര്‍ക്കാറിനെതിരെ ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.