തൃശൂര്‍: എ.ടി.എം കവര്‍ച്ചയില്‍ കൊള്ളസംഘത്തെ പിടികൂടാന്‍ പൊലീസിന് നിര്‍ണായക സഹായകമായത് എസ്.ബി.ഐയുടെ കണ്ട്രോള് റൂമില്‍നിന്നുള്ള സന്ദേശം. ഇരിങ്ങാലക്കുടയിലെ മാപ്രാണത്ത് പുലര്‍ച്ച 2.10നാണ് ആദ്യ കവര്‍ച്ച നടന്നത്. ഇതുസംബന്ധിച്ച് എസ്.ബി.ഐയുടെ കണ്ട്രോള് റൂമില്‍നിന്ന് പുലര്‍ച്ച 2.35ന് തൃശൂര്‍ റൂറല്‍ പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് റൂറല്‍ പൊലീസ് സിറ്റി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ 3.08ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് പരിധിയിലെ ഷൊര്‍ണൂര്‍ റോഡ് എ.ടി.എമ്മില്‍ രണ്ടാമത്തെ കവര്‍ച്ച അരങ്ങേറി. ഈ വിവരം 3.58ന് എസ്.ബി.ഐയില്‍നിന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസിന് കിട്ടി. 3.25നാണ് വിയ്യൂര്‍ പൊലീസ് പരിധിയിലെ കോലഴിയില്‍ മൂന്നാമത്തെ കവര്‍ച്ച നടന്നത്. ഈ വിവരം 4.20ഓടെ എസ്.ബി.ഐ കണ്ട്രോള് റൂം പൊലീസിനെ അറിയിച്ചു.
ഗൗരവം ബോധ്യപ്പെട്ടതോടെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോ അന്വേഷണം ഏകോപിപ്പിക്കാന്‍ രംഗത്തുവരുകയായിരുന്നു. ഇതിനിടെ സി.സി ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തുകയും വെളുത്ത നിറത്തിലുള്ള കാറാണ് മൂന്ന് എ.ടി.എമ്മുകളിലും എത്തിയതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കവര്‍ച്ചസംഘം തമിഴ്നാട്ടിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട്, കോയമ്പത്തൂര്‍, കൃഷ്ണഗിരി, നാമക്കല്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലെ പൊലീസിന് വിവരം കൈമാറുകയായിരുന്നു.
തൃശൂര്‍: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തുന്നതില്‍ കുപ്രസിദ്ധി നേടിയ സംഘം തന്നെയാണ് തൃശൂരിലും കവര്‍ച്ച നടത്തിയതെന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോ. 2017-18ല്‍ ആലപ്പുഴയിലും 2021ല്‍ കണ്ണൂരിലും സംഘം എത്തിയിട്ടുണ്ട്. തൃശൂരിലെത്തിയ സംഘത്തിന്റെ രീതിയും ശൈലിയും പരിശോധിച്ചാണ് ഹരിയാനയിലെ മേവത്തില്‍നിന്നുള്ള ഗ്യാസ് കട്ടര്‍ സംഘമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. കാർ കണ്ടെയ്നര്‍ ലോറിയില്‍ കയറ്റുന്നത് ഈ സംഘത്തിന്റെ രീതിയാണെന്ന് മനസ്സിലാക്കിയിരുന്ന തൃശൂര്‍ പൊലീസ് കാറുകളും കണ്ടെയ്നര്‍ ലോറികളും കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.