ഗർഭിണികൾക്ക് നിയമന വിലക്ക്: എസ്​.ബി.ഐയുടെ തീരുമാനം അപരിഷ്‌കൃതം -ഡി.വൈ.എഫ്‌.ഐ

തിരുവനന്തപുരം: ഗർഭിണികൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം അപരിഷ്‌കൃതമാണെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് മാസമോ അതിൽ കൂടുതലോ ഗർഭിണികളായ സ്ത്രീകളെ നിയമിക്കരുത് എന്ന വിവേചനപരമായ നിയമം ഏർപ്പെടുത്താനുള്ള എസ്​.ബി.ഐ തീരുമാനം അപലപനീയമാണ്.

നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി ഗർഭിണിയാണെങ്കിൽ, അവരുടെ ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ അത് നിയമനത്തിൽ താൽകാലിക അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്.ബി.ഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. സ്ത്രീകളോടുള്ള ഈ വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.

എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണിത്. ഗർഭിണികൾക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്ന എസ്​.ബി.ഐയിൽ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെതുടർന്ന് 2009ലാണ് മാറ്റം വന്നത്.

ഈ നിയമന വിലക്ക് വീണ്ടും പുനഃസ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - SBI's decision to ban employment of pregnant women is unconstitutional: DYFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.