'നിലത്ത് കുഴികുത്തി കഞ്ഞി കൊടുക്കല്‍'; കൃഷ്ണ കുമാറിനെതിരെ പട്ടിക ജാതി- പട്ടിക വർഗ കമീഷൻ കേസെടുത്തു

തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന തരത്തിലുള്ള ബി.ജെ.പി നേതാവും നടനുമായ കൃഷ്ണ കുമാറിന്റെ വിവാദ പരാമർശത്തിൽ പട്ടിക ജാതി- പട്ടിക വർഗ കമീഷൻ കേസെടുത്തു. ദിശ പ്രസിഡൻറും സമൂഹിക പ്രവർത്തകനുമായ ദിനു വെയിൽ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ജില്ല പൊലീസ് മേധവിയോട് അടുത്ത ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷ്ണ കുമാറിനെതിരെ സമൂഹിക പ്രവർത്തക ധന്യ രാമനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കാണ് പരാതി നൽകിയത്.

മാസങ്ങൾക്ക് മുമ്പ് ഭാര്യ സിന്ധു കൃഷ്ണ പങ്കുവെച്ച് വ്ലോഗിലായിരുന്നു നടന്റെ വിവാദ പരാമർശം.പണ്ട് തന്റെ വീട്ടിൽ പണിക്കു വരുന്ന ആളുകൾക്ക് പറമ്പിൽ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിരുന്നു എന്നും പ്ലാവില ഉപയോഗിച്ച് അവർ ആ കഞ്ഞി കുടിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും എന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.

'ഞങ്ങള്‍ തൃപ്പൂണിത്തറയില്‍ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. അവര്‍ രാവിലെ വരുമ്പോള്‍ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു പതിനൊന്ന് മണിയാകുമ്പോള്‍ മണിയാകുമ്പോള്‍ ഇവര്‍ക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പില്‍ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിരിച്ച കുഴിയില്‍ നിന്ന് പണിക്കാര്‍ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും''. കൊച്ചി മാരിയറ്റില്‍ താമസിക്കുമ്പോള്‍ പ്രഭാത ഭക്ഷണത്തിനായി പഴങ്കഞ്ഞി ഉണ്ടായിരുന്നു അതുകണ്ടപ്പോള്‍ ഉണ്ടായ ഓര്‍മകളാണെന്നാണ്' കൃഷ്ണ കുമാര്‍ വിഡിയോയില്‍ പറയുന്നത്.

വിഡിയോ വൈറലായതോടെ കൃഷ്ണകുമാറിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

Tags:    
News Summary - SC and St Commission Register Case Aganist krishna kumar's casteist controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.