തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുന്നത് സർക്കാർ പരിഗണനയിൽ. വിധിപ്പകർപ്പ് ലഭിച്ചശേഷം അഡ്വക്കറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടിയായിരിക്കും തുടർനടപടി. നേരത്തേ ഹൈകോടതിയിൽ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ശരിവെച്ച നിയമനമായിരുന്നു സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്. രാജശ്രീയുടെത്. എന്നാൽ, യു.ജി.സി വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി വിധി.
യു.ജി.സി വ്യവസ്ഥ പ്രകാരം വി.സിയുടെ കാലാവധി കഴിയുന്നതോടെ പ്രോ വൈസ് ചാൻസലറുടെയും കാലാവധി അവസാനിക്കും. എന്നാൽ, സാങ്കേതിക സർവകലാശാല വി.സിയുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിയമനം സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. അതിനാൽ വി.സിക്കൊപ്പം പി.വി.സിയും ഒഴിയണമെന്ന വ്യവസ്ഥ സാങ്കേതിക സർവകലാശാലയുടെ കാര്യത്തിൽ ബാധകമാകില്ല. നേരത്തേ സാങ്കേതിക സർവകലാശാലയുടെ ആദ്യ വി.സിയായിരുന്ന ഡോ. കുഞ്ചെറിയ പി.ഐസക് സർക്കാറുമായി ഇടഞ്ഞ് വി.സി സ്ഥാനം രാജിവെച്ചിരുന്നു.
ഇതിനെതുടർന്ന് പി.വി.സിയായിരുന്ന ഡോ.എം. അബ്ദുറഹിമാൻ തൽസ്ഥാനത്ത് തുടർന്നപ്പോൾ ചാൻസലറായ ഗവർണർ പദവിയിൽനിന്ന് നീക്കം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് ഡോ. അബ്ദുറഹിമാൻ ഹൈകോടതിയെ സമീപിക്കുകയും ഗവർണറുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. വി.സി കാലാവധി പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് പി.വി.സിയും അതോടൊപ്പം ചുമതല ഒഴിയേണ്ടതെന്നും വി.സി രാജിവെച്ച സാഹചര്യത്തിൽ പി.വി.സിക്ക് തുടരാമെന്നുമായിരുന്നു 2018 ജൂലൈ 26ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ വിധി.
ചുമതലയിലിരിക്കുന്ന വി.സിമാരുടെ കസേരക്കും ഭീഷണി
തിരുവനന്തപുരം: യു.ജി.സി വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ.ടി.യു) വൈസ് ചാൻസലർ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെ സംസ്ഥാനത്ത് സമാനരീതിയിൽ നടത്തിയ വി.സി നിയമനങ്ങളുടെയും നിയമസാധുതയും ചോദ്യം ചെയ്യപ്പെടുന്നു. സെർച്ച് കമ്മിറ്റി പാനൽ സമർപ്പിക്കുകയും അതിൽ നിന്ന് വി.സിയെ ചാൻസലർ നിയമിക്കുകയും ചെയ്യണമെന്ന യു.ജി.സി െറഗുലേഷന് വിരുദ്ധമായി പാനൽ ഒഴിവാക്കി ഒറ്റപ്പേരാണ് കെ.ടി.യു വി.സി നിയമനത്തിനായി നൽകിയത്. ജസ്റ്റിസ് പി. സദാശിവം ഗവർണറായിരുന്നപ്പോൾ 2019 ഫെബ്രുവരിയിലായിരുന്നു വി.സി നിയമനം. യു.ജി.സി പ്രതിനിധിയെ സാങ്കേതിക സർവകലാശാല നിയമപ്രകാരം സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ആറുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയെങ്കിലും നിയമനം ലഭിച്ച വി.സി ഡോ.എം.എസ്. രാജശ്രീയുടെ പേര് മാത്രമാണ് ഗവർണർക്ക് ശിപാർശ ചെയ്തത്. യു.ജി.സി െറഗുലേഷൻ പ്രകാരം മൂന്നുമുതൽ അഞ്ചുവരെയുള്ളവരുടെ പാനലിൽ നിന്ന് അക്കാദമിക നിലവാരം പരിശോധിച്ച് ചാൻസലർ കൂടിയായ ഗവർണർ വി.സി നിയമനം നടത്തണമെന്നതാണ് വ്യവസ്ഥ.
സർവകലാശാലകൾ യു.ജി.സി െറഗുലേഷന് അനുസൃതമായി സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്തില്ലെങ്കിൽ അവ നടപ്പാക്കിയതായി കണക്കാക്കണമെന്ന് 2016ലെ സുപ്രീംകോടതി വിധി നിലവിലുണ്ട്. പുനർനിയമനം നൽകിയ കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ ആദ്യ നിയമനം തന്നെ പാനൽ ഇല്ലാതെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.