കോഴിക്കോട് : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വ്യാജ ബിൽ നൽകിയ തട്ടിയെടുത്ത 58,332 രൂപ നൂൽപ്പുഴ പഞ്ചായത്ത് മുൻ സെക്രട്ടറി എം.ആർ. ഹേമലത തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. റിസോർട്ടുകൾ വൃത്തിയാക്കി എന്ന് വ്യാജമായി കാണിച്ച് ദുരുപയോഗം ചെയ്തുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഈ കാലയളവിൽ എം.ആർ. ഹേമലത ആയിരുന്നു ഗ്രാമപഞ്ചായത്ത് സെക്രട്ടറി. ഹേമലതക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
കോവിഡിന്റെ ഭാഗമായി റിസോർട്ടുകളും കോളനികളും വൃത്തിയാക്കുന്ന വകയിൽ രാജൻ, ഷമീം എന്നിവരുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി ജൂനിയർ സൂപ്രണ്ട് എം. ഷാജു പണം കൈക്കലാക്കിയെന്നാണ് എന്നാണ് പരാതി ലഭിച്ചത്. ഉദ്യോഗസ്ഥർ താമസിക്കുകയും പ്രതിരോ പ്രവർത്തനങ്ങളുടെ ആവശ്യങ്ങൾക്കായി ഏറ്റെടുക്കുകയും ചെയ്തിരുന്ന റിസോർട്ടുകളുടെ ക്ലീനിങ്, ബോർഡർ ഫെസിലിറ്റേഷൻ സെൻറർ ക്ലീനിങ് എന്നിവയിലെ ചെലവ് സംബന്ധിച്ച് പരാതിയിൽ പരാമർശിച്ചിരുന്നു.
2010 ജൂൺ ഒന്ന് മുതൽ 2020 നവംമ്പർ 16 വരെ കോവിഡ് പ്രതിമാധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥർ താമസിച്ച സ്ഥാപനങ്ങൾ ക്ലീൻ ചെയ്ത വകയിൽ 48,840 രൂപ രാജനും 7,920 രൂപ ശിവരാമനും നൽകിയതായി പരിശോധനയിൽ കണ്ടെത്തി. അതിൽ സൂചിപ്പിച്ച ഗ്രീൻ ട്രീസ്, എമറാൾഡ്, ബാംബു ഗ്രൂവ്‌സ്, വയനാട് നേച്ചർ, ഹിൽ ബ്ലൂംസ്, ഗ്രീൻ വില്ല എന്നീ സ്ഥാപനങ്ങൾ ക്ലീൻ ചെയ്തു വകയിൽ ആണ് തുക അനുവദിച്ചത്.
ഈ സ്ഥാപനങ്ങളിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽനിന്ന് ലഭിച്ച ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി. ഗ്രീൻ ടീസ്, ബാംബു ഗ്രൂവ്‌സ്, വയനാട് നേച്ചർ, ഹിൽ ബ്ലൂംസ് എന്നീ സ്ഥാപനങ്ങളുടെ ഉടമകൾ തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർ തന്നെയാണ് മുറികൾ ശുചിയാക്കിയതെന്നും പഞ്ചായത്ത് നിയോഗിച്ച ജീവനക്കാരോ സർക്കാർ നിയോഗിച്ച മറ്റ് ജീവനക്കാരോ സ്ഥാപനം വൃത്തിയാക്കുവാൻ വന്നിരുന്നില്ല എന്നും ജില്ലാ ധനകാര്യ പരിശോധന സ്മാഡിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
എമറാൾഡ് എന്ന സ്ഥാപനത്തിൽ ഏപ്രിൽ മെയ്, ജൂൺ എന്നീ മാസങ്ങളിൽ മാത്രമേ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥർ താമസിച്ചിട്ടുള്ളു എന്നും ഈ കാലയളവിൽ സ്ഥാപനം വൃത്തിയാക്കാൻ ആരോഗ്യ വകുപ്പിൽ നിന്നും ജീവനക്കാർ ഒരു തവണ മാത്രമേ വന്നിട്ടുള്ളുവെന്നും രേഖാമൂലം അറിയിച്ചു.
പണം കൈപ്പറ്റിയെന്ന് രേഖപ്പെടുത്തിയ നൂൽപ്പുഴ നായ്ക്കുട്ടി രാജൻ, ശിവരാമൻ എന്നീ പേരിലുള്ള ആളുകളെ ഫീൽഡ് പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. റിസോർട്ടുകളും കോളനികളും ക്ലീൻ ചെയ്തു വ്യാജ മസ്റ്റർ റോളുണ്ടാക്കി 58,332 രൂപ തട്ടെയുത്തതായി സൂചിപ്പിക്കുന്ന അടിസ്ഥാനമുള്ളതായി വ്യക്തമായി. കോവിഡ് കാലത്ത് നടന്ന തട്ടിപ്പാണ് അന്വേഷണത്തിൽ പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.