എസ്.സി-എസ്.ടി വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഫീസ് ലഭിക്കാത്തതിനാൽ പഠനം പ്രതിസന്ധിയിലായത് ശ്രദ്ധയിൽപെട്ടില്ല -ഒ.ആർ. കേളു

തിരുവനന്തപുരം: പട്ടികജാതി-വർഗ വിദ്യാഥികളുടെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള സഹായം ലഭിക്കാത്തത് കാരണം പഠനം പ്രതിസന്ധിയിലാകുന്ന വിഷയം ശ്രദ്ധയിൽപെട്ടില്ലെന്ന് മന്ത്രി ഒ.ആർ. കേളു. 2021-22 അധ്യയന വര്‍ഷം മുതല്‍ വിദ്യാർഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ഡയറക്ട് ബെനിഫിട് ട്രാന്‍സ്ഫര്‍ സ്കീം (എസ്.എൻ.എ-പി.എഫ്.എം.എസ്) മുഖേന മാത്രമേ അനുവദിച്ച് നല്‍കുവാന്‍ പാടുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ നിബന്ധന ഏര്‍പ്പെടുത്തി.

എന്നാല്‍, ഇത് സംബന്ധിച്ച് സാങ്കേതിക സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തിയതു കാരണം സ്കോളര്‍ഷിപ്പ് കുടിശികയാവുന്ന സാഹചര്യമുണ്ടായി. സാങ്കേതിക സഹായം ലഭ്യമായ ഉടന്‍ തന്നെ കുടിശിക അടക്കമുള്ള മു ഴുവന്‍ തുകയും വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചു.

വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിലും സ്ഥാപനങ്ങള്‍ ഈ അപേക്ഷകൾ പരിശോധിച്ച് ഫോര്‍വേര്‍ഡ് ചെയ്യുന്നതിലും വന്ന കാലതാമസവും കുടിശിക വരാന്‍ കാരണമായി. വിവിധ സർവകലാശാലകളുടെയും പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓണ്‍ലൈൻ പ്ലാറ്റ് ഫോമുകൾ ഏകീകരിച്ച് താമസംവിനാ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് നടപടി തുടങ്ങി.

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ പട്ടികജാതി വിദ്യാർഥികളുടെ 2023-24 അധ്യയന വര്‍ഷം വരെയുള്ള അപ്രൂവല്‍ ലഭിച്ച ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ക്ലെയിമുകള്‍ ഫണ്ടിന്റെ ലഭ്യതക്ക് വിധേയമായി വിതരണം ചെയ്യുന്നുണ്ട്.

2024-25 സാമ്പത്തിക വര്‍ഷം ബജറ്റില്‍ ലഭ്യമായ തുക പൂണമായും വിനിയോഗിച്ച് പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ 2022-23, 2023-24 അധ്യയന വര്‍ഷങ്ങളിലെ അപ്രൂവല്‍ ലഭിച്ച ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ക്ലെയിമുകള്‍ വിതരണം ചെയ്തു. 2023-24 വരെയുള്ള സ്കോളര്‍ഷിപ്പ് തുകയുടെ കുടിശിക വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും ഡോ. എം.കെ. മുനീർ, യു.എ. ലത്തീഫ്, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം എന്നവർക്ക് മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

Tags:    
News Summary - SC-ST students not getting hostel fees: The crisis of studies was not noticed - O.R. Kelu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.