തിരുവനന്തപുരം: 2016-17 ലെ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് അട്ടിമറിച്ച പ്രവേശനം ക്രമീകരിക്കാൻ നിയമസഭ പാസാക്കിയ ബില്ലിെൻറ കാര്യത്തില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമായി. നേരത്തേ ഗവർണർ ഒപ്പിട്ട ഒാർഡിനൻസാണ് ഇേപ്പാൾ നിയമസഭ പാസാക്കിയ ബില്ലായി ഗവർണറുടെ മുന്നിൽ എത്തുന്നത്. പ്രശ്നത്തിൽ സുപ്രീംകോടതി ഇടപെടൽ വന്നിരിക്കുകയാണ്.
ഇതോടെ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസു കൂടിയായ ഗവര്‍ണര്‍ പി. സദാശിവം എടുക്കുന്ന തീരുമാനം നിയമവൃത്തങ്ങള്‍ നിരീക്ഷിക്കുകയാണ്. നിയമസഭ പാസാക്കുന്ന ബില്ലിന് ഗവര്‍ണര്‍ ഒപ്പുവെക്കുന്നതോടെയാണ് നിയമ പ്രാബല്യം ലഭിക്കുക. ഗവര്‍ണര്‍ അംഗീകരിച്ചുനൽകിയാലും ഈ ബില്ലിെൻറ ഭരണഘടനാപരമായ സാധുത മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നറിയിച്ചിട്ടുണ്ട്.
അതേസമയം, സുപ്രീംകോടതിയില്‍നിന്ന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും ബില്ലുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. ബില്‍ ഗവര്‍ണര്‍ക്ക് അയക്കുന്നതിനുമുന്നോടിയായി അന്തിമ പരിശോധനക്ക് നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് നേരത്തേ ഗവർണറുടെ പരിഗണനക്ക് വന്നപ്പോള്‍ ചിലകാര്യങ്ങളില്‍ ഗവര്‍ണര്‍ വ്യക്തത തേടിയിരുന്നു. ജസ്റ്റിസ് ജയിംസ് കമ്മിറ്റിയും ഹൈകോടതിയും സുപ്രീംകോടതിയും പ്രവേശനാനുമതി നിഷേധിച്ച മുന്‍ സാഹചര്യങ്ങളൊന്നും നോക്കാതെയായിരുന്നു ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ വിദ്യാര്‍ഥിപ്രവേശനം നിഷേധിച്ച സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ക്കും പ്രാബല്യമുണ്ടാകും. ഇതോടെ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടിവരും.
ഓര്‍ഡിനന്‍സിന് നീക്കം തുടങ്ങിയപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഏതാണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോളജുകള്‍ക്ക് അനുകൂലമായനിലപാട് സ്വീകരിക്കുകയായിരുന്നു. വിദ്യാര്‍ഥി-യുവജന സംഘടനകള്‍ പോലും എതിര്പ്പറിയിച്ചിരുന്നില്ല. തുടക്കം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേതടക്കം ഉന്നതോദ്യോഗസ്ഥരില്‍ പലരും സര്‍ക്കാര്‍ നീക്കത്തിനെതിരായിരുന്നു.
പ്രവേശനത്തിന് കോളജുകള്‍ കോഴവാങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും പ്രവേശന പരീക്ഷയിലെ ഉയര്‍ന്ന റാങ്ക് മാനദണ്ഡമാക്കണമെന്നുമായിരുന്നു ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ് റിപ്പോര്‍ട്ട് നൽകിയിരുന്നത്. ഇതനുസരിച്ച് റാങ്ക് പരിശോധിച്ച് അദ്ദേഹം റിപ്പോര്‍ട്ട് നൽകിയെങ്കിലും അതു സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ഇതിനെച്ചൊല്ലിയുള്ള ഭിന്നതയെത്തുടര്‍ന്നാണ് ബി. ശ്രീനിവാസ് കേന്ദ്രസര്‍വിസില്‍ ഡെപ്യൂട്ടേഷന് തെരഞ്ഞെടുത്ത് പോയതെന്നും പറയപ്പെടുന്നു.
ബിൽ ഗവർണർക്ക് അയച്ചു -സ്പീക്കർ
തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനം സംബന്ധിച്ച് നിയമസഭ പാസാക്കിയ ബിൽ ഒപ്പുെവച്ച് ഗവർണർക്ക് അയച്ചതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പാസാക്കിയ ബിൽ ഗവർണർക്ക് അയക്കാതിരിക്കാനാവില്ല. ഭരണാഘടനവിരുദ്ധമായി ഒന്നും ബില്ലിൽ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.