കൊച്ചി: ഇടുക്കി പട്ടികജാതി ഓഫീസിൽ പല പദ്ധതികളുടെയും ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച് ബില്ലുകളും വിനിയോഗ സാക്ഷ്യപത്രവും ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട്. പട്ടികജാതി ലാപ്ടോപ്പ് വാങ്ങുന്നതിന് ഒരു വിദ്യാർഥിക്ക് 25,000 രൂപ നിരക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുക അനുവദിച്ചിരുന്നു. 2016-17, 2017-18 സാമ്പത്തിക വർഷം ലാപ്ടോപ്പിന് ഇടുക്കിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ തുകയുടെ ബില്ലുകളോ വിനിയോഗ സാക്ഷ്യപത്രമോ സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
11 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 26 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. സ്ഥാപനങ്ങൾ തുക വിനിയോഗിച്ചോ എന്നറിയില്ല. തുക അനുവദിച്ച് സ്ഥാപനങ്ങളിൽ ഇത് സംബന്ധിച്ച് പരിശോധന നടത്തണം.
2017-18
എം.ബി.സി പീരുമേട് - 50,000
കോളജ് ഓഫ് എഞ്ചി. മൂന്നാർ 4.75 ലക്ഷം
ഗവ. എഞ്ചി. കോളജ് പൈനാവ് - 7.50 ലക്ഷം
2016-17
അൽ-അസർ എഞ്ചിനിയറിങ് 2.25ലക്ഷം
ഗവ. എഞ്ചി. കോളജ് പൈനാവ് - ആറ് ലക്ഷം
ഗവ. പോളിടെക്നിക് നെടുങ്കണ്ടം- 2.25 ലക്ഷം
ഗവ. പോളിടെക്നിക് മുട്ടം - ഒരു ലക്ഷം
ഗവ. പോളിടെക്നിക് വണ്ടിപെരിയാർ -1.75 ലക്ഷം
ഈ സ്ഥാപനം ഉപയോഗിച്ചില്ലെങ്കിൽ അത് പലിശസഹിതം തിരിച്ചടക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. മെഡിക്കൽ, എൻജിനീയറിങ്, ആയുർവേദം, ഹോമിയോപ്പതി, അഗ്രികൾച്ചർ, വെറ്റിനറി, പോളിടെക്നിക് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികജാതി വിദ്യാർഥികൾക്ക് ആവശ്യമായ റഫറൻസ് ഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകൾ വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു. അനുവദിച്ച് തുക ചെലവഴിച്ചുവെന്നതിന് രേഖകളില്ല.
സ്ഥാപനങ്ങൾ വാങ്ങി ബില്ലുകളോ വിനിയോഗ സാക്ഷ്യപത്രമോ സമർപ്പിച്ചിട്ടില്ല. ഇതിനായി നാലു സ്ഥാപനങ്ങൾക്ക് 1.28 ലക്ഷം അനുവദിച്ചു. ഈ തുക ചെലവഴിച്ചിട്ടില്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്ന് 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കണമന്ന് ജില്ലാ പട്ടികജാതി ഓഫീസർക്ക് നിർദേശം നൽകണമെന്നാണ് ശിപാർശ.
2017
ഗവ. പോളിടെക്നിക് കുമളി - 30,400
ഗവ. പോളിടെക്നിക് നെടുങ്കണ്ടം -28,000
2018
ഗവ. പോളിടെക്നിക് കുമളി -40,000
ഗവ. പോളിടെക്നിക് നെടുങ്കണ്ടം -30,400
അതുപോലെ സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പട്ടികജാതി വികസന വകുപ്പിനു കീഴിലുളള കൂവപ്പള്ളി പ്രീ-മെട്രിക് ഹോസ്റ്റലിലെ കളിസ്ഥലത്തിന്‍റെ ഉദ്ഘാടനം 2018 മെയ് 25ന് നടത്തി. അതിന് 41,037 രൂപ ചെലവഴിച്ചു. എന്നാൽ, പദ്ധതിയുടെ ഫയൽ പരിശോധിച്ചപ്പോൾ കളിസ്ഥലം കൂവപ്പള്ളി പള്ളി വകയാണ്.
ഈ സ്ഥലം കുട്ടികൾക്ക് കളിക്കുന്നതിനുള്ള അനുമതിക്കായി പള്ളി വികാരിയും പട്ടികജാതി ഓഫീസറും തമ്മിൽ ഒരു കരാർ മാത്രം ഒപ്പുവെച്ചു. സ്ഥലം വകുപ്പിന് കൈമാറിയിട്ടില്ല. കളി സ്ഥലത്തിന്‍റെ നിർമാണത്തിനായി സമർപ്പിച്ച ശിപാർശ നേരത്തെ നിരസിച്ചിരുന്നു. പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനു മുൻപായി ഉദ്ഘാടനത്തിന് തുക ചെലവഴിക്കേണ്ട ആവശ്യമില്ല. ഈ തുക പട്ടികജാതി ജില്ലാ ഓഫീസർ 18% പലിശ സഹിതം തുക തിരിച്ചുപിടിക്കണം.
2017-18 സാമ്പത്തിക വർഷം ട്രഷറിയിൽ നിന്നും മുൻകൂറായി 2.81 ലക്ഷം പിൻവലിച്ചു. ഈ തുക ക്രമീകരിച്ചിട്ടല്ല. സർക്കാർ ഉത്തരവ് പ്രകാരം മുൻകൂറായി പിൻവലിക്കുന്ന തുക മൂന്നു മാസത്തിനുള്ളിൽ ക്രമീകരിക്കുന്നതാണ്. അതും പലിശ സഹിതം ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.