പാലക്കാട്: കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഓഫിസ് ആവശ്യം കഴിഞ്ഞാലുടൻ സ്കൂൾ അധികൃതർ രക്ഷാകർത്താക്കൾക്ക് മടക്കിനൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വല്ലപ്പുഴ വി.സി.എം എൽ.പി സ്കൂൾ വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ നൽകിയ പരാതിയിലാണ് ഉത്തരവ്. പ്രധാനാധ്യാപിക കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് 14 ദിവസത്തിനകം മടക്കിനൽകിയില്ലെങ്കിൽ പാലക്കാട് വിദ്യാഭ്യാസ ഉപമേധാവി ഇടപെട്ട് സർട്ടിഫിക്കറ്റ് വാങ്ങിനൽകണമെന്നും ഇത് നാലാഴ്ചക്കകം രേഖാമൂലം അറിയിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വല്ലപ്പുഴ സ്വദേശിനി വി.ടി. ആമിനയും നിവേദ്യയും സമർപ്പിച്ച പരാതികളിലാണ് നടപടി. വല്ലപ്പുഴ വി.സി.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപികക്ക് എതിരെയാണ് പരാതികൾ. രണ്ട് വർഷം കഴിഞ്ഞിട്ടും കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാണ് പരാതി. കുട്ടിയുടെ ചികിത്സ നടത്താൻ ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതുകാരണം സഹായം ലഭിച്ചില്ലെന്നും നഷ്ടമുണ്ടായ തുക പ്രധാനാധ്യാപികയിൽനിന്ന് ഈടാക്കിനൽകണമെന്നും പരാതിക്കാരിയായ ആമിന ആവശ്യപ്പെട്ടു.
ജനന സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണമുണ്ടായ അധിക നഷ്ടമായ 23,900 രൂപ പ്രധാനാധ്യാപികയിൽനിന്ന് ഈടാക്കിനൽകണമെന്ന ആമിനയുടെ പരാതി പിന്നീട് പരിഗണിക്കുമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് കമീഷൻ പ്രധാനാധ്യാപികയിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല.
നാലു മാസത്തെ സമയം അനുവദിച്ചിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല. പ്രധാനാധ്യാപികയിൽനിന്നുണ്ടായ നടപടി ഗൗരവമായെടുക്കുമെന്ന് കമീഷൻ ഉത്തരവിൽ വ്യക്തമാക്കി. വിഷയത്തിൽ നടപടി സ്വീകരിക്കാതിരുന്ന സ്കൂൾ മാനേജറേയും കമീഷൻ വിമർശിച്ചു. സ്കൂളിലെ അധ്യാപകർക്ക് ലഭിക്കേണ്ട ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും അധ്യാപിക തടഞ്ഞുവെച്ചിരിക്കുകയാണെന്ന മറ്റൊരു പരാതി കമീഷെൻറ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.