മഞ്ചേരി: വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മലപ്പുറം സെന്‍റ് ജെമ്മാസ് സ്കൂൾ റിട്ട. അധ്യാപകനും മലപ്പുറം നഗരസഭ സി.പി.എം മുൻ കൗൺസിലറുമായ കെ.വി. ശശികുമാറിന് (56) ജാമ്യം. മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി ജഡ്ജി കെ.ജെ. ആര്‍ബിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ രണ്ടാള്‍ ജാമ്യം, എല്ലാ ശനി, തിങ്കള്‍ ദിവസങ്ങളിലും രാവിലെ ഒമ്പതിനും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറാകണം, ഇരകളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, സമാന കേസുകളില്‍ ഉള്‍പ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളിലാണിത്.
അഞ്ചു ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണമെന്ന് ഉപാധി വെച്ചെങ്കിലും പ്രതിക്ക് പാസ്‌പോര്‍ട്ട് ഇല്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മലപ്പുറം വനിത പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് നിലവിൽ ജാമ്യം അനുവദിച്ചത്. ഈ വർഷം സ്കൂളിൽനിന്നു വിരമിച്ചപ്പോൾ ശശികുമാർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിനുതാഴെ പൂർവ വിദ്യാർഥികളിലൊരാൾ കമന്‍റിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ നിരവധിപേർ സമാന അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തി. വിവാദമായതോടെ ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ മാസം 13ന് വയനാട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.