തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിൽ ആദ്യഘട്ട പാഠപുസ്തകങ്ങൾ തയാറാക്കാൻ വിശദ രൂപരേഖക്ക് അംഗീകാരമായി. പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ അടുത്തവർഷം സംസ്ഥാനത്തെ സ്കൂളുകളിലെ 115 പാഠപുസ്തകങ്ങൾ മാറും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് 2024 ജൂണിൽ സ്കൂൾ തുറക്കുമ്പോൾ മാറുന്നത്.
115 പുസ്തകങ്ങളിൽ 51 എണ്ണം ഭാഷാ പാഠപുസ്തകങ്ങളും മറ്റു വിഷയങ്ങളിലെ മലയാള മാധ്യമത്തിലെ 16 പുസ്തകങ്ങളും ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ മാധ്യമങ്ങളിലേക്ക് പരിഭാഷപ്പെടുത്തുന്ന 48 പുസ്തകങ്ങളും ഉൾപ്പെടുന്നു. ഇതിൽ 51 ഭാഷാ പാഠപുസ്തകങ്ങളുടെയും ഇതര വിഷയങ്ങളുടെ മലയാള മാധ്യമത്തിലുള്ള 16 പാഠപുസ്തകങ്ങളുമാണ് ആദ്യം തയാറാക്കേണ്ടത്. തുടർന്നായിരിക്കും ഇംഗ്ലീഷ്, തമിഴ്, കന്നട മാധ്യമത്തിലുള്ള പാഠപുസ്തകങ്ങൾ തയാറാക്കുക. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 2025 ജൂൺ മുതലായിരിക്കും മാറുക.
പാഠപുസ്തക രചനക്ക് മുന്നോടിയായി നിലപാട് രേഖകൾ ഏപ്രിൽ 30നകം പ്രസിദ്ധീകരിക്കും. കരട് പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പ്രസിദ്ധീകരണം മേയ് 15നകം നടക്കും. പാഠപുസ്തക രചനയുടെ ആശയ രൂപവത്കരണ ശിൽപശാല മേയ് ഒന്നു മുതൽ എട്ടു വരെ നടത്താനാണ് ധാരണ. പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകാനാനുള്ള സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗം സെപ്റ്റംബർ ഒന്നിനും എട്ടിനുമിടയിൽ ചേരും. ഓരോ ക്ലാസിലെയും ഓരോ പാഠപുസ്തകത്തിനും നാലു ദിവസം വീതമുള്ള അഞ്ചു ശിൽപശാലകൾ സംഘടിപ്പിച്ചായിരിക്കും പാഠപുസ്തക രചന പൂർത്തിയാക്കുക.
പാഠഭാഗങ്ങൾ തയാറാക്കുന്നമുറക്ക് ചിത്രീകരണങ്ങളും സമാന്തരമായി പൂർത്തീകരിക്കും. എഡിറ്റിങ് പൂർത്തിയാക്കിയ പുസ്തകങ്ങൾ പാഠപുസ്തക കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം കരിക്കുലം സബ്കമ്മിറ്റിയുടെ പരിശോധനക്ക് കൈമാറും. സബ്കമ്മിറ്റിയുടെ നിർദേശം കൂടി പരിഗണിച്ച് അനിവാര്യമാറ്റങ്ങൾ വരുത്തി സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. വിവിധ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരത്തിനു ശേഷം സർക്കാർ അനുമതിയോടെ അടുത്ത ഒക്ടോബറോടെ പാഠപുസ്തകങ്ങൾ അച്ചടിക്കായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.