കൊച്ചി: സ്കൂളുകളിൽ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ പണം മുൻകൂർ ലഭിക്കാൻ സ്വീകരിക്കുന്ന നടപടികളെന്തെന്ന് അറിയിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. ഉച്ചഭക്ഷണം നൽകിയതിന്റെ കുടിശ്ശിക ഭാരം പ്രധാനാധ്യാപകരിൽ അടിച്ചേൽപിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്. പദ്ധതിക്കായി മുൻകൂർ പണം നൽകുമെന്ന് 2013ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പദ്ധതിക്കായി സ്കൂളുകളിലെ പ്രധാനാധ്യാപകർ ചെലവാക്കിയ തുക അനുവദിക്കുക, ഉച്ചഭക്ഷണ പദ്ധതിയുടെ കൃത്യമായ ചെലവ് നിശ്ചയിച്ച് തുക മുൻകൂർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ തുടങ്ങിയവരടക്കം നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ഉച്ചഭക്ഷണ പദ്ധതിക്കായി 54.60 കോടി കഴിഞ്ഞ ദിവസം അനുവദിച്ചതായി ഗവൺമെന്റ് പ്ലീഡർ അറിയിച്ചു. പാചകക്കാർക്ക് നൽകാനുള്ള പണം ഉൾക്കൊള്ളിച്ചിട്ടുണ്ടോയെന്ന് സർക്കാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാറിൽനിന്ന് നൽകിയിരിക്കുന്ന ഫണ്ട് ഈ അധ്യയന വർഷം അവസാനം വരെയുള്ള ചെലവിന് തികയില്ലെന്നും സർക്കാർ അഭിഭാഷക അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ വിഹിതം ലഭിച്ചില്ലെങ്കിൽ പണം നൽകില്ലെന്നാണോ പറയുന്നതെന്ന് കോടതി വാക്കാൽ ആരാഞ്ഞു.
കേന്ദ്ര വിഹിതമില്ലാതെ നടപ്പാക്കാനാവില്ലെങ്കിൽ പദ്ധതി നിർത്തിവെക്കുന്നതാവും ഉചിതം. ബജറ്റ് വിഹിതം കണക്കിലെടുക്കുമ്പോൾ കേന്ദ്രവിഹിതമില്ലാതെ തന്നെ സർക്കാറിന് തുക നൽകാൻ കഴിയുമെന്നാണ് മനസ്സിലാകുന്നത്. നിലവിൽ അനുവദിച്ച തുക സെപ്റ്റംബർ വരെയുള്ള ആവശ്യത്തിന് മതിയാകുമെന്നും കോടതി വിലയിരുത്തി.
എന്നാൽ, ജൂൺ മുതൽ പാചകക്കാർക്ക് ലഭിക്കാനുള്ള പണം ലഭിച്ചിട്ടില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. മുട്ടയും പാലും നൽകണമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ പറയുന്നില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇത്തരമൊരു ഉത്തരവു നൽകിയത്. ഇത് അധ്യാപകർക്ക് ബാധ്യതയായി മാറുകയാണെന്നും ഹരജിക്കാർ ആരോപിച്ചു. തുടർന്ന് ഹരജി ഒക്ടോബർ 16ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.