തിരുവനന്തപുരം: സുരക്ഷിതമായും ആശങ്കയില്ലാതെയും സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് സമഗ്രമായ മാർഗനിർദേശം തയാറാക്കാൻ ആരോഗ്യ^വിദ്യാഭ്യാസ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആരോഗ്യ^വിദ്യാഭ്യാസ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലാകും ഇത്. നവംബർ ഒന്നിനുതന്നെ സ്കൂളുകൾ തുറക്കും. ക്ലാസുകൾ ഉച്ചവരെയും ഒന്നിടവിട്ട ദിവസങ്ങളിലും ക്രമീകരിക്കാനാണ് ആലോചന. ആവശ്യമെങ്കിൽ ഉച്ചക്കുശേഷം ഒാൺലൈൻ ക്ലാസ് നടത്തും.
വീട്ടിൽനിന്ന് കുട്ടികൾ പുറപ്പെടുന്നതു മുതൽ സുരക്ഷിതമായി സ്കൂളിൽനിന്ന് തിരിച്ചെത്തുന്നതുവരെ പൂർണ സുരക്ഷ ഉറപ്പാക്കിയാകും മാർഗനിർദേശമെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടി, വീണ ജോർജ് എന്നിവർ പറഞ്ഞു. 'ബയോബബ്ൾ' മാതൃകയിൽ സ്‌കൂൾ പ്രവർത്തിക്കുന്ന വിധമാകും നടപടികൾ.
ഇക്കാര്യങ്ങൾ അധ്യാപകർ, രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ, തദ്ദേശ സ്ഥാപനങ്ങൾ, കലക്ടർമാർ, രക്ഷാകർത്താക്കൾ, ആരോഗ്യവിദഗ്ധർ എന്നിവരുമായി ചർച്ച ചെയ്യും. കുട്ടികളുടെ യാത്രാ സൗകര്യം, ഷിഫ്റ്റ് സംവിധാനം, സ്കൂളുകളിൽ ഒരുക്കേണ്ട അടിസ്ഥാന സൗകര്യം, സ്കൂളുകളിലും ക്ലാസിലും ഒരേ സമയം അനുവദിക്കാവുന്ന കുട്ടികൾ, ഉച്ചഭക്ഷണം നൽകൽ, ശുചിമുറി ക്രമീകരണം, വെള്ളംകുടിക്കാനുള്ള ക്രമീകരണം, ഒരു െബഞ്ചിൽ ഇരിക്കാവുന്ന കുട്ടികളുടെ എണ്ണം, സാനിറ്റൈസർ ഉപയോഗം തുടങ്ങി എല്ലാ കാര്യങ്ങളിലും വ്യക്തമായ മാനദണ്ഡമുണ്ടാക്കാനാണ് ഒന്നര മണിക്കൂർ നീണ്ട ചർച്ചയിലെ തീരുമാനം.
പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സ്‌കൂൾ തുറക്കുംമുമ്പ് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കും. ആവശ്യമെങ്കിൽ പരിശീലനമടക്കം നൽകും. ബന്ധപ്പെട്ട വകുപ്പുകളുമായെല്ലാം ആലോചിക്കും.
ഇൗ മാസം അവസാനത്തോടെ സീറോ പ്രിവിലൻസ് പഠന റിപ്പോർട്ട് വരുമെന്നും വിദ്യാഭ്യാസ വകുപ്പിന് ആരോഗ്യ വകുപ്പ് എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു. ഏറ്റവും വലിയ സ്‌കൂൾ മുതൽ കുറച്ച് കുട്ടികളുള്ള സ്കൂളുകളുടെ വരെ അഭിപ്രായം കേൾക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. രക്ഷാകർത്താക്കൾക്ക് ബോധവത്കരണം നൽകും.
ആവശ്യമെങ്കിൽ കുട്ടികൾക്ക് കൗൺസലിങ് നൽകുന്നതും പരിശോധിക്കും. അധ്യാപകർ, രക്ഷാകർത്താക്കൾ, സ്‌കൂൾ ജീവനക്കാർ, വാഹനങ്ങളിലെ ജീവനക്കാർ എന്നിവർ കോവിഡ് വാക്സിൻ എടുത്തിരിക്കണം. സ്കൂളുകളിൽ ആരോഗ്യ സംരക്ഷണ സമിതികൾ രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.