തിരുവനന്തപുരം: ബി.ജെ.പിക്ക് ഏറെ സാധ്യത കൽപിക്കപ്പെട്ടിരുന്ന പാലക്കാട്ടെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം കെ. സുരേന്ദ്രൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയിൽ കലാപം. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. തൃശൂർ കഴിഞ്ഞാൽ താമര വിരിയാൻ സാധ്യത കൽപിച്ചിരുന്ന പാലക്കാട്ട് 10,000ത്തിലേറെ വോട്ടുകളാണ് ബി.ജെ.പിക്ക് കുറഞ്ഞത്.
തൃശൂരിന് പിന്നാലെ പാലക്കാട് താമര വിരിയുമെന്നും യു.ഡി.എഫ് മൂന്നാംസ്ഥാനത്താകുമെന്നും കാണിച്ച് രണ്ടുദിവസം മുമ്പ് സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും പാലക്കാട്ട് തെറ്റി. പാലക്കാട് സുരേന്ദ്രന്റെ സ്വന്തം നോമിനിയാണ് സി. കൃഷ്ണകുമാർ. ഒറ്റക്കാണ് സുരേന്ദ്രൻ തീരുമാനമെടുത്തതെന്നും ആരോപണമുയരുന്നുണ്ട്.
ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ വിജയിക്കാൻ സാധ്യതയുണ്ടെന്നാണ് വിലിയിരുത്തൽ. മാത്രമല്ല, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ആഗ്രഹിച്ച സന്ദീപ് വാര്യരെയും തഴഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പാലക്കാട്ടെ പ്രചാരണങ്ങളിൽ സജീവമായില്ല. ശോഭ സുന്ദ്രേനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു സുരേഷ് ഗോപി ആവശ്യപ്പെട്ടത്.
സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ചയുണ്ടായത് ഗൗരവമായി പരിശോധിക്കണമെന്ന സന്ദീപ് വാചസ്പതിയുടെ പോസ്റ്റും സുരേന്ദ്രന് എതിരാണ്. പാലക്കാട്ടെ തോല്‍വി നേൃത്യത്തിന്‍റെ പരാജയമാണോ എന്ന ചോദ്യത്തിന് കെ. സുരേന്ദ്രനോട് ചോദിക്കണം എന്നായിരുന്നു ബി. ഗോപാലകൃഷ്‌ണന്‍റെ മറുപടി. പാലക്കാട്ടെ തോൽവിയെ കുറിച്ച് ശോഭസുരേന്ദ്രൻ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.