പാലക്കാട്: 2016 മുതൽ എ ക്ലാസ് മണ്ഡലമായി ബി.ജെ.പി കാണുന്ന പാലക്കാട്ട് ഇത്തവണ ലഭിച്ചത് കനത്ത തിരിച്ചടി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേരിട്ട് നയിച്ച തെരഞ്ഞെടുപ്പായിട്ടും വോട്ടിൽ ചോർച്ചയുണ്ടായത് പാർട്ടിയെ ഞെട്ടിച്ചു. പാലക്കാട് നഗരസഭ പരിധിയിൽ വോട്ട് കുറഞ്ഞതും ബി.ജെ.പി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കി. ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയാകുമെന്ന സൂചന വന്നതോടെയാണ് പാളയത്തിൽ പടയാരംഭിച്ചത്. മുതിർന്ന നേതാവും ദേശീയ കൗൺസിലംഗവുമായ എൻ. ശിവരാജനടക്കമുള്ളവർ ശോഭക്കൊപ്പമായിരുന്നു.
പാർട്ടിയിലെ വിഭാഗീയതയും സ്ഥിരം സ്ഥാനാർഥിയെന്ന ലേബലുമാണ് സി. കൃഷ്ണകുമാറിന് തിരിച്ചടിയായത്. പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർത്തെന്ന് പറഞ്ഞ് ശോഭ സുരേന്ദ്രൻ പ്രചാരണത്തിൽ സജീവമാകുകയും ചെയ്തു. എന്നാൽ, ഫലത്തിൽ അവ പ്രതിഫലിച്ചില്ല. ഇതിനിടെ മൂത്താൻ സമുദായം ബി.ജെ.പിയെ കൈവിടുമെന്ന് കരുതിയിരുന്നെങ്കിലും മൂത്താൻതറ, വടക്കൻതറ മേഖലയിലെ വോട്ടിങ്ങിൽ അതുണ്ടായിട്ടില്ല.
2021ൽ മെട്രോമാൻ ഇ. ശ്രീധരനെ നേടിയതിനേക്കാൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്ക് കുറഞ്ഞത്. ആർ.എസ്.എസ് നേരിട്ടിറങ്ങി പ്രവർത്തിച്ചിട്ടും ഫലം കണ്ടില്ല. സന്ദീപ് വാര്യരുടെ യു.ഡി.എഫ് പ്രവേശനവും തിരിച്ചടിയായി. 2021ൽ ഷാഫി പറമ്പിൽ 38.06 ശതമാനം വോട്ട് നേടിയപ്പോൾ ഇ. ശ്രീധരൻ 35.34 ശതമാനം വോട്ട് നേടിയാണ് രണ്ടാം സ്‍ഥാനത്തെത്തിയിരുന്നത്. 2021ലെ ഈ കണക്കിൽനിന്നാണ് ഇത്തവണ 28.63ലേക്ക് ബി.ജെ.പി കൂപ്പുകുത്തിയത്. 2016ൽ ശോഭ സുരേന്ദ്രൻ 29.08 ശതമാനത്തോടെയാണ് രണ്ടാം സ്ഥാനത്തെത്തിയിരുന്നത്. സംഘടനക്കുള്ളിലെ ഉൾപ്പോരുതന്നെയാണ് ബി.ജെ.പിക്ക് കനത്ത പ്രഹരമേൽപിച്ചത്. തുടർദിവസങ്ങളിൽ അതിന്റെ അലയൊലികളുയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.