തിരുവനന്തപുരം: മഹാമാരി പടർന്നുവ്യാപിച്ച 286 ദിനരാത്രങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ വെള്ളിയാഴ്ച വിദ്യാർഥികളെത്തുന്നു. പത്ത്, പ്ലസ് ടു ക്ലാസുകളിലെ എട്ട് ലക്ഷത്തിലധികം പേരാണ് വീണ്ടും പള്ളിക്കൂടമുറ്റത്തെത്തുന്നത്. പൊതുപരീക്ഷ നടക്കുന്ന ക്ലാസുകളിലെ വിദ്യാർഥികളെന്ന നിലയിലാണ് പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികളെ ബാച്ചുകളായി സ്കൂളുകളിൽ എത്തിക്കുന്നത്.
മാർച്ച് 17 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് പാഠഭാഗങ്ങളിൽ റിവിഷനും സംശയനിവാരണത്തിനുമായാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. കഴിഞ്ഞ മാർച്ച് 16 മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നെങ്കിലും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പാതിവഴിയിൽ നിർത്തി മാർച്ച് 20നാണ് സംസ്ഥാനത്തെ സ്കൂളുകൾ അടച്ചത്.
രണ്ട് പരീക്ഷകളും പിന്നീട് മേയിൽ പൂർത്തിയായെങ്കിലും മറ്റ് ക്ലാസുകളിലെ പരീക്ഷ പൂർണമായി ഒഴിവാക്കി. സ്കൂൾ തുറക്കാനാവില്ലെന്ന് വ്യക്തമായതോടെ ജൂൺ ഒന്നിന് തന്നെ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി പുതിയ അധ്യയന വർഷത്തെ ഡിജിറ്റൽ/ഓൺലൈൻ ക്ലാസ് തുടങ്ങി കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ നടന്നു. കോവിഡ് നിയന്ത്രണ വിധേയമാകുന്ന സമയത്ത് സ്കൂളുകൾ തുറക്കാമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ.
പ്രതീക്ഷിച്ച സമയത്തും കോവിഡ് നിയന്ത്രണ വിധേയമാകാതെ വന്നതോടെയാണ് പത്ത്, പ്ലസ് ടു വിദ്യാർഥികളെ സ്കൂളിലെത്തിക്കാനും മാർച്ചിൽ പരീക്ഷ നടത്താനും തീരുമാനിച്ചത്. പാഠ്യപദ്ധതിയിൽ 25 ശതമാനം വെട്ടിക്കുറക്കാൻ സി.ബി.എസ്.ഇ തീരുമാനിച്ചെങ്കിലും ഡിജിറ്റൽ/ ഒാൺലൈൻ പഠന സങ്കേതങ്ങളുടെ പിൻബലത്തിൽ ജൂൺ ഒന്നിന് തന്നെ അധ്യയനം തുടങ്ങിയ വിദ്യാഭ്യാസ വകുപ്പ് പാഠഭാഗങ്ങൾ വെട്ടിക്കുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
പത്താം ക്ലാസിൽ 4.25 ലക്ഷം വിദ്യാർഥികളും രണ്ടാംവർഷ ഹയർസെക്കൻഡറിയിൽ 3.84 ലക്ഷവും വി.എച്ച്.എസ്.ഇയിൽ 28000ത്തോളം പേരുമാണ് സ്കൂളുകളിലെത്തുന്നത്. പരമാവധി മൂന്ന് മണിക്കൂർ അധ്യയനത്തിൽ 50 ശതമാനത്തിൽ കവിയാത്ത കുട്ടികളുള്ള രണ്ട് ബാച്ചുകളായി ക്ലാസുകൾ നടത്താനാണ് സർക്കാർ നിർേദശം.
രണ്ട് ക്ലാസിലും വെവ്വേറെ 300ലധികം കുട്ടികളുണ്ടെങ്കിൽ 25 ശതമാനം വിദ്യാർഥികളെ വീതം എത്തിക്കാനാണ് നിർദേശം. മറ്റ് ക്ലാസുകൾക്ക് ഇൗ അധ്യയന വർഷം ക്ലാസ് റൂം അധ്യയനം സാധ്യമാകുമോ എന്നതിൽ വ്യക്തതയില്ല. ശാരീരികമായി അകന്ന് നിൽക്കുമ്പാഴും പ്രതിസന്ധികാലത്ത് സഹജീവികളെ ചേർത്തുപിടിക്കുന്നതിെൻറ കാഴ്ചകളും തിരിച്ചറിവുമായാണ് കുട്ടികൾ വീണ്ടും അറിവിെൻറ ലോകത്തേക്ക് വരുന്നത്.
പഠനത്തിെൻറയും കളിചിരികളുടെയും സമ്മിശ്ര ലോകത്തുനിന്ന് പൊടുന്നനെ ഒരുനാൾ അടച്ചിടലിെൻറയും ഒറ്റപ്പെടലിെൻറയും നാളുകളിലേക്ക് എടുത്തെറിയപ്പെട്ട ബാല്യകൗമാരങ്ങളെ തിരിച്ചുപിടിക്കാൻ കൗൺസലിങ് ഉൾപ്പെടെ ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചേർന്നിരുന്ന് പഠിച്ച ക്ലാസ് മുറികളിൽ ഇനി അകന്നിരുന്നു പഠിക്കേണ്ട നാളുകളാണ് വരുന്നത്. കാണാമറയത്തിരുന്ന് പഠിപ്പിച്ച കുട്ടികൾ കൺമുന്നിലെത്തുന്നത് അധ്യാപകരെയും ഉണർവിെൻറ നാളുകളിലേക്ക് നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.