തിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ സ്കൂൾ അധ്യയനം ഏപ്രിലിലേക്ക് നീട്ടാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. മാർച്ചിലെ അവസാന പ്രവൃത്തിദിനത്തിൽ തന്നെ സ്കൂൾ മധ്യവേനലവധിക്കായി അടക്കും. 210 അധ്യയന ദിനങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ വിദ്യാഭ്യാസ കലണ്ടറിൽ മാറ്റം വരുത്തും. അധ്യയന ദിനങ്ങൾ 205 ആയി നിജപ്പെടുത്താനും പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഗുണമേന്മ പദ്ധതി മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗം തീരുമാനിച്ചു.
ഏപ്രിൽ അഞ്ചുവരെ അധ്യയനം നീട്ടിയതും കൂടുതൽ ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയതും പുനഃപരിശോധിക്കില്ലെന്ന് കഴിഞ്ഞദിവസം മന്ത്രി പറഞ്ഞിരുന്നു. ഇതോടെ, സംയുക്ത അധ്യാപക സമിതി സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പെടെ പ്രത്യക്ഷ സമരപരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അധ്യാപകരിൽനിന്ന് ഒന്നടങ്കം പ്രതിഷേധമുയർന്നതോടെ മന്ത്രിയുടെ നിലപാട് തള്ളി സി.പി.എം അനുകൂല കെ.എസ്.ടി.എയും സി.പി.ഐ അനുകൂല എ.കെ.എസ്.ടി.യുവും രംഗത്തുവന്നിരുന്നു.
കഴിഞ്ഞ ക്യു.ഐ.പി യോഗത്തിൽ അറിയിക്കാതെയും വിദ്യാഭ്യാസ വകുപ്പിന് പുറത്തുനിന്നുള്ളവരുടെ ഉപദേശത്തിലുമാണ് തീരുമാനമെന്ന ആരോപണം ശക്തമായിരുന്നു. ഇതോടെ, ബുധനാഴ്ച വീണ്ടും യോഗം വിളിച്ച് തീരുമാനം തിരുത്തുകയായിരുന്നു. പുതിയ തീരുമാനത്തോടെ ഈ അധ്യയന വർഷം മാർച്ച് 27ന് സ്കൂളുകൾ അടക്കുകയും 28ന് മധ്യവേനൽ അവധി ആരംഭിക്കുകയും ചെയ്യും. 13 ശനിയാഴ്ചകളാണ് പ്രവൃത്തിദിനങ്ങളായി നിശ്ചയിച്ചത്.
ഇതിൽ മാർച്ച് 16, 23 എന്നിവ ആറാം പ്രവൃത്തി ദിവസമായി വരുന്നതിനാൽ അവ ഒഴിവാക്കണമെന്ന് കെ.പി.എസ്.ടി.എ പ്രസിഡന്റ് കെ. അബ്ദുൽ മജീദും കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുല്ലയും യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, 205 അധ്യയന ദിനം തികക്കാൻ അധ്യാപകർ സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഇരുവരുടെയും വിയോജിപ്പോടെയാണ് 13 ശനിയാഴ്ചകൾ പ്രവൃത്തിദിനമായി അംഗീകരിച്ചത്. യോഗത്തിൽ മന്ത്രിക്കു പുറമെ, പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ. പ്രകാശ്, അധ്യാപക സംഘടന പ്രതിനിധികളായ എൻ.ടി. ശിവരാജൻ, തമീമുദ്ദീൻ, കെ. അബ്ദുൽ മജീദ്, കെ.എം. അബ്ദുല്ല, ഒ.കെ. ജയകൃഷ്ണൻ, ഹരീഷ് കടവത്തൂർ, പി.എസ്. ഗോപകുമാർ, എം.കെ. ബിജു എന്നിവരും പങ്കെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയത്തിന് അടിസ്ഥാനമായ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് പൂർത്തിയായി. ബുധനാഴ്ച വൈകീട്ട് അഞ്ച് വരെ സമ്പൂർണ പോർട്ടൽ വഴിയായിരുന്നു കുട്ടികളുടെ വിവരങ്ങൾ ചേർക്കാൻ അനുമതി. ഇതിൽ യു.ഐ.ഡി (ആധാർ) സഹിതം വിവരങ്ങൾ സമർപ്പിച്ച കുട്ടികളുടെ എണ്ണമാണ് തസ്തികനിർണയത്തിന് പരിഗണിക്കുക.
ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം വിശകലനം ചെയ്ത് ഡയറക്ടർക്ക് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും കുട്ടികളുടെ എണ്ണം വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കുക. അതേസമയം, സംശയമുള്ള സ്കൂളുകളിൽ നേരിട്ട് പോയി പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ ഓഫിസർമാർക്ക് ഡയറക്ടർ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ഒട്ടേറെ സ്കൂളുകളിൽ കുട്ടികളുടെ ഹാജർ പുസ്തകം ഉൾപ്പെടെ രേഖകൾ പരിശോധിച്ചു.
വ്യാജ അഡ്മിഷൻ വഴിയും യു.ഐ.ഡിയിൽ കൃത്രിമം കാണിച്ചും കുട്ടികളുടെ എണ്ണം പെരുപ്പിച്ച് അധിക തസ്തികകൾ സൃഷ്ടിക്കുകയും സൂപ്പർ ചെക്ക് സെൽ പരിശോധനയിൽ കൃത്രിമം കണ്ടെത്തുകയും ചെയ്ത സ്കൂളുകളിലാണ് പരിശോധനക്ക് നിർദേശമുണ്ടായിരുന്നത്. ഒരു കുട്ടിയുടെ വർധനയിലൂടെ അധിക തസ്തികക്ക് സാധ്യതയുള്ള സ്കൂളുകളിലും പരിശോധന നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.