തൃശൂർ: കോവിഡ് കാലത്തെ സുപ്രീംകോടതിയുടെ ഇടപെടലിനെ അഭിനന്ദിച്ച് കത്തെഴുതിയ തൃശൂർ സ്വദേശിനിയായ 10 വയസുകാരിക്ക് അഭിനന്ദനവുമായി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ലിധ്വിന ജോസഫ് എന്ന അഞ്ചാംക്ലാസുകാരിയാണ് ചീഫ് ജസ്റ്റിസിന്‍റെ വിലാസത്തിൽ കത്തെഴുതിയത്.
ഓക്സിജൻ വിതരണത്തിനും അതുവഴി നിരവധി ജീവനുകൾ രക്ഷിക്കാനും സുപ്രീംകോടതി ഉത്തരവിട്ടത് ഏറെ സന്തോഷമുണ്ടാക്കിയെന്ന് ലിധ്വിന കത്തിൽ പറഞ്ഞു. ഡൽഹിയിലും ഇന്ത്യയിലാകെയും കോവിഡ് വ്യാപനവും മരണനിരക്കും കുറച്ചുകൊണ്ടുവരാൻ ബഹുമാനപ്പെട്ട കോടതി നടപടിയെടുക്കുന്നതായി അറിയാം. ഇതിന് ഞാൻ നന്ദി പറയുന്നു. ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു -ലിധ്വിന കത്തിൽ പറഞ്ഞു.
സ്വന്തം കൈപ്പടയിൽ മനോഹരമായി എഴുതിയ കത്ത് മേയ് അവസാനത്തോടെയാണ് സുപ്രീംകോടതിയിൽ ലഭിച്ചത്. ന്യായാധിപൻ വൈറസിനെ ഇല്ലായ്മ ചെയ്യുന്നതിന്‍റെ പ്രതീകാത്മക ചിത്രവും ലിധ്വിന കത്തിനൊപ്പം ചേർത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ കത്തിന് മറുപടി നൽകിയത്. 'കത്തും മനോഹരമായ ചിത്രവും ലഭിച്ചു. രാജ്യത്തെ സംഭവവികാസങ്ങൾ അഞ്ചാംക്ലാസുകാരി കൃത്യമായി മനസിലാക്കുന്നുവെന്നതിൽ ഏറെ ആശ്ചര്യമുണ്ട്. ഉത്തരവാദിത്തവും ജാഗ്രതയുമുള്ള ഒരു പൗരയായി രാഷ്ട്രനിർമാണത്തിൽ പങ്കാളിയാകാൻ കഴിയട്ടെ' -ചീഫ് ജസ്റ്റിസ് മറുപടിയിൽ പറഞ്ഞു. ഭരണഘടനയുടെ ഒപ്പുവെച്ച പതിപ്പ് ലിധ്വിനക്ക് സമ്മാനമായി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.