തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ജാതിയും മതവും രേഖപ്പെടുത്താതെ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച് നിയമസഭയിൽ സമർപ്പിച്ച കണക്ക് അബദ്ധങ്ങൾ നിറഞ്ഞത്. സ്കൂളുകളിൽനിന്ന് ആറാം പ്രവൃത്തി ദിനത്തിൽ ശേഖരിച്ച കണക്കിനെ ആധാരമാക്കിയാണ് 1,24,147 കുട്ടികൾ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ രേഖാമൂലം ഡി.കെ. മുരളിക്ക് മറുപടി നൽകിയത്. മറുപടിക്കൊപ്പം സഭയിൽ വെച്ച 9209 സ്കൂളുകളിലെ കണക്ക് വെവ്വേറെ പരിശോധിച്ചപ്പോഴാണ് അബദ്ധം പുറത്തുവന്നത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളുടെ പട്ടികയിലാണ് വ്യാപക പിഴവുള്ളത്. കൂടുതലും മതന്യൂനപക്ഷങ്ങൾ നടത്തുന്ന അൺ എയ്ഡഡ് സ്കൂളുകളാണ്. ഇവയിൽ മിക്കതിലും ബന്ധപ്പെട്ടപ്പോൾ ജാതിയും മതവും രേഖപ്പെടുത്തിയാണ് വിദ്യാർഥികൾ പ്രവേശനം നേടിയതെന്ന് സ്കൂൾ അധികൃതർ പറയുന്നു. നൂറിൽ കൂടുതൽ കുട്ടികൾ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്ന രീതിയിൽ പട്ടികയിൽ ഉൾപ്പെട്ട സ്കൂളുകളുടെ കണക്കിൽ മിക്കതിലും അബദ്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂർ ശ്രീനാരായണ വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളിൽ 1079 കുട്ടികൾ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്ന കണക്ക് ശരിയല്ലെന്ന് മാനേജ്മെൻറ് പറയുന്നു. മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ അൽഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 1011 കുട്ടികൾ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സഭയിൽ സമർപ്പിച്ച കണക്ക്. എന്നാൽ, ഇവിടത്തെ മുഴുവൻ വിദ്യാർഥികളും ജാതിയും മതവും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രധാന അധ്യാപകൻ പറയുന്നത്. എറണാകുളം ചാലക്കൽ ദാറുസ്സലാം, കളമശേരി രാജഗിരി, കാസർകോട് നായന്മാർമൂല എൻ.എ മോഡൽ എച്ച്.എസ്, പച്ചമ്പാല മൽജഉൽ ഇസ്ലാം, മുഹിമ്മാത്ത് എച്ച്.എസ്.എസ് എന്നിവിടങ്ങളിലും ജാതിയും മതവും രേഖപ്പെടുത്തിയാണ് പ്രവേശനം നൽകിയതെന്ന് സ്കൂൾ അധികൃതർ പറയുന്നു.
കോഴിക്കോട് മർക്കസ് ഇൻറർനാഷനൽ സ്കൂളിൽ 371 കുട്ടികളും മലപ്പുറം െഎക്കരപ്പടി മർക്കസ് പബ്ലിക് സ്കൂളിൽ 291ഉം പാലക്കാട് ഭാരത്മാത എച്ച്.എസ്.എസിൽ 677ഉം എറണാകുളം അത്താണി സെൻറ് ഫ്രാൻസിസ് അസീസി സ്കൂളിൽ 261ഉം കണ്ണൂർ പെരിങ്ങാടി അൽ ഫലാഹ് ഹൈസ്കൂളിൽ 195ഉം വഴിക്കടവ് എ.യു.പി.എസിൽ 750ഉം വേങ്ങാട് എ.എം.യു.പി.എസിൽ 941ഉം കാസർകോട് അൽസഖാഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 491ഉം കുട്ടികൾ മതവും ജാതിയുമില്ലാതെ പ്രവേശനം നേടിയെന്നാണ് രേഖ. കണക്കിൽ പിഴവുണ്ടെന്ന് കാണിച്ച് സർക്കാർ സ്കൂളുകളും രംഗത്തുവന്നിട്ടുണ്ട്.
എന്നാൽ ‘സമ്പൂർണ’ സോഫ്റ്റ്വെയർ വഴി ശേഖരിച്ച കണക്കാണ് നിയമസഭയിൽ വന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പറയുന്നു. സമ്പൂർണയിൽ ജാതിയും മതവും കോളം പൂരിപ്പിക്കൽ നിർബന്ധമല്ലാത്തതിനാൽ പല സ്കൂളുകളും ഇവ ചേർത്തിട്ടുണ്ടാകില്ലെന്നും ഡി.പി.െഎ വിശദീകരിക്കുന്നു. എന്നാൽ നിയമസഭയിൽ നൽകിയ മറുപടിയിൽ ഗുരുതര പിഴവുകൾ കയറിക്കൂടിയത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വിശദീകരിക്കേണ്ടിയും വരും.
പിഴക്കാത്ത കണക്ക് ഹയർസെക്കൻഡറിയിലേത്
ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കൃത്യമായി നൽകിയത് ഹയർസെക്കൻഡറി ഡയറക്ടറേറ്റ്. ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ 275 കുട്ടികളും രണ്ടാം വർഷ ഹയർസെക്കൻഡറിയിൽ 239ഉം കുട്ടികളാണ് ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയത്. പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള ഒാൺലൈൻ അപേക്ഷ സമർപ്പിച്ചതിൽനിന്നാണ് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് കണക്ക് ശേഖരിച്ചത്. പ്ലസ് വൺ പ്രവേശനത്തിന് സംവരണമുള്ളതിനാൽ ജാതിയും മതവും രേഖപ്പെടുത്തൽ നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.