36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് കാസര്‍കോട് ഗവ. കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

ശാസ്ത്ര ഗവേഷണങ്ങള്‍ മനുഷ്യന്‍റെ ബ്രൈറ്റ് ഫ്യൂച്ചറിനൊപ്പം ലോകത്തിന്‍റെ ഗ്രീന്‍ ഫ്യൂച്ചര്‍ കൂടി ലക്ഷ്യം വെച്ചുള്ളതാവണം -മുഖ്യമന്ത്രി

കാസര്‍കോട്: ശാസ്ത്ര ഗവേഷണങ്ങള്‍ മനുഷ്യന്റെ ബ്രൈറ്റ് ഫ്യൂച്ചറിനൊപ്പം ലോകത്തിന്റെ ഗ്രീന്‍ ഫ്യൂച്ചര്‍ കൂടി ലക്ഷ്യംവെച്ചുള്ളവ ആയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുപ്പത്തിയാറാമത് സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടനം കാസര്‍കോട് ഗവ. കോളജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനുതകുന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ ശാസ്ത്ര മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 അനുശാസിക്കുന്ന ശാസ്ത്രാഭിരുചിയും യുക്തിചിന്തയും വളര്‍ത്തുക എന്നത് പൗരന്റെ കടമയാണ്. ആ കാഴ്ചപ്പാടിനെ കാറ്റില്‍പ്പറത്തി നാടിനെ മതരാഷ്ട്രമാക്കി മാറ്റാന്‍, യുക്തിചിന്തകള്‍ക്കു പകരം കെട്ടുകഥകള്‍ക്കു പ്രാമുഖ്യം കൊടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവര്‍ വരെ അതിന് നേതൃത്വം നല്‍കുകയാണ്. അതു കൊണ്ടുതന്നെ തീര്‍ത്തും ജാഗ്രതയോടെ നീങ്ങേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്ര കോണ്‍ഗ്രസ് ആയതു കൊണ്ട് ശാസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രം മതിയെന്ന് കരുതരുത്. ശാസ്ത്രാവബോധവും യുക്തിചിന്തയും നിലനില്‍ക്കുന്നത് സാമൂഹിക ഐക്യത്തെക്കൂടി ആശ്രയിച്ചാണ് എന്ന കാര്യം ഏവരും ഓര്‍ക്കണം. വംശീയത ഉയര്‍ന്നുവന്ന ജര്‍മനിയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ അനുഭവം ഓര്‍ക്കണം. വിദ്വേഷത്തിലും ഭേദചിന്തകളിലും ഊന്നി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ശാസ്ത്ര ചിന്തകള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും നിലനില്‍പ്പുണ്ടാകില്ലെന്ന് തിരിച്ചറിയണം. ശാസ്ത്രത്തിന്റെ വളര്‍ച്ച എന്നത് സാമൂഹിക ഐക്യത്തെ കൂടി ആശ്രയിച്ചിരിക്കുന്നു എന്ന ബോധ്യത്തോടെ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കൂടി ശാസ്ത്രമേഖലയിലുള്ള എല്ലാവര്‍ക്കും കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുപ്പത്തിയാറാമത് സയന്‍സ് കോണ്‍ഗ്രസിന്റെ ആപ്തവാക്യം 'ട്രാന്‍സ്ഫോമിങ് കേരളാസ് എക്കണോമി ത്രൂ വണ്‍ ഹെല്‍ത്ത് അപ്രോച്ച്' അഥവ, ഏകാരോഗ്യ സമീപനത്തിലൂടെ കേരള സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റം എന്നതാണ്. മനുഷ്യരോടൊപ്പം തന്നെ പ്രകൃതിയുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിനു കൂടി പ്രാധാന്യം നല്‍കണം എന്നർഥം. മനുഷ്യനെ ബാധിക്കുന്ന എല്ലാ പകര്‍ച്ചവ്യാധികളുമെടുത്താല്‍ അതില്‍ 60 ശതമാനം ജന്തുജന്യ രോഗങ്ങളാണ്. പുതിയതായി പ്രത്യക്ഷപ്പെടുന്ന പകര്‍ച്ചവ്യാധികളില്‍ 70 ശതമാനത്തിലധികവും ജന്തുജന്യ രോഗങ്ങളാണ്. ഈ സാഹചര്യത്തില്‍ ഏകാരോഗ്യ സമീപനം എന്നത് മാനവരാശിയുടെ സുരക്ഷക്കും മുന്നേറ്റത്തിനും ഏറെ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ സംബന്ധിച്ചിടത്തോളം ഈ സമീപനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. കാരണം, ജനസാന്ദ്രതയും വനാവരണവും കൂടുതലായ ഒരു സംസ്ഥാനമാണ് കേരളം. അതു കൊണ്ടുതന്നെ പ്രകൃതിയുമായും ജീവജാലങ്ങളുമായും കൂടുതല്‍ ഇടപഴകിക്കഴിയുന്ന ഒരു ജനതയാണ് ഉള്ളത്. കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഒരു വെല്ലുവിളിയാകട്ടെ, പകര്‍ച്ചവ്യാധികളുടെ വ്യാപനമാണ്. അവയില്‍ത്തന്നെ ആശങ്കയുണ്ടാക്കുന്നവയാണ് ജന്തുജന്യ രോഗങ്ങള്‍. ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കും. ഈ സവിശേഷ സാഹചര്യത്തിലാണ് വണ്‍ ഹെല്‍ത്ത് പോളിസി അഥവ ഏകാരോഗ്യ സമീപനം സ്വീകരിച്ച് മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ 2021ല്‍ തീരുമാനിച്ചത്.

ഇതിന്റെ ആദ്യ ഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട 4 ജില്ലകളിലാണ് പദ്ധതി ആരംഭിച്ചത്. ഇത് സംബന്ധിച്ച് പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലാതല ഓഫീസര്‍മാര്‍ക്കും ലബോറട്ടറി അസിസ്റ്റന്റുമാര്‍ക്കും എല്ലാം പ്രത്യേകമായി പരിശീലനം നല്‍കി. സംസ്ഥാനത്ത് സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Scientific research should aim at the bright future of mankind and the green future of the world - Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.