കൊച്ചി: ആദിവാസി വിദ്യാർഥികൾക്ക് തിരിച്ചടിയായി സേ പരീക്ഷക്ക് ഫീസടക്കാൻ പട്ടികവർഗ വകുപ്പിെൻറ സർക്കുലർ. ജൂലൈ 30നാണ് ഡയറക്ടർ പട്ടികവർഗ ഓഫിസർമാർക്ക് സേ പരീക്ഷ സംബന്ധിച്ച നിർദേശം നൽകിയത്. ഹയർ സെക്കൻഡറി, പ്ലസ് ടു ഫലം വന്നതിനുശേഷം ഇംപ്രൂവ് ചെയ്യുന്ന വിദ്യാർഥികൾക്കുള്ള സേ പരീക്ഷക്ക് ജൂലൈ 31ന് അപേക്ഷ സമർപ്പിക്കണമെന്നും പരീക്ഷ ഈ മാസം 11ന് നടത്താനുമാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. അത് രണ്ടും ആദിവാസി വിദ്യാർഥികളെ സംബന്ധിച്ചടത്തോളം കനത്ത തിരിച്ചടിയാണ്.
സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ 5375 ആദിവാസി വിദ്യാർഥികളിൽ 3530 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 1845 കുട്ടികൾക്ക് സേ പരീക്ഷയെഴുതണം. പരീക്ഷയിൽ വിജയിക്കാത്ത കുട്ടികളുടെ വിശദാംശങ്ങൾ പ്രമോട്ടർമാർ വഴി കണ്ടെത്തി അവസാന തീയതിക്ക് മുമ്പ് സ്കൂളിൽ അപേക്ഷയും ഫോട്ടോയും എത്തിക്കണം. സ്കൂളിൽ നേരിട്ട് എത്താനാകാത്ത സാഹചര്യത്തിൽ സ്കൂൾ അധികൃതരെ ബന്ധപ്പെട്ട് സേ പരീക്ഷ എഴുതുന്ന കുട്ടിയുടെ വിവരം അറിയിക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ജോയൻറ് ഡയറക്ടർ വാണി ദാസാണ് ഉത്തരവിട്ടത്. കോവിഡ് സാഹചര്യത്തിൽ സാമ്പത്തിക പരാധീനത കാരണം എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് ഫീസടക്കാനുള്ള തുകപോലും കണ്ടെത്താൻ കഴിയില്ല. പരീക്ഷഫീസ് ഇനത്തിൽ ഒരു പേപ്പറിന് 175 രൂപ നിരക്കിലും ഇംപ്രൂവ്മെൻറ് 500 രൂപ നിരക്കിലുമാണ് അടക്കേണ്ടത്.
ശരാശരി 1500 രൂപയോളം ഒരു വിദ്യാർഥി ഫീസിനത്തിൽ അടക്കണം. ഫൈനോടുകൂടി അടക്കേണ്ടത് ഇതിലേറെ തുകയാണ്. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് പരീക്ഷഫീസ് പൂർണമായും സൗജന്യമാക്കിയില്ലെങ്കിൽ ആദിവാസി വിദ്യാർഥികൾക്ക് പരീക്ഷയെഴുതുക അസാധ്യമാണ്. പട്ടികവർഗ വകുപ്പ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ അടിയന്തരമായി ഇടപെട്ട് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ആദിശക്തി സമ്മർ സ്കൂൾ അടക്കമുള്ള വിവിധ ആദിവാസി സംഘടനകൾ നിവേദനത്തിൽ ആവശ്യപ്പെട്ടത്. പരീക്ഷക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടിക്കിട്ടാനും പരീക്ഷ ഓണം കഴിഞ്ഞ് നടത്തുന്ന നിലയിൽ ക്രമീകരിക്കുന്നതിന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.