ആഴക്കടലില്‍ ജീവന് പണയംവെച്ച് ഉപജീവനം തേടുന്ന മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ പലതും ഫലംകാണാതാകുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് മത്സ്യബന്ധനത്തിനിടെ കടലിലുണ്ടായ അപകടങ്ങളില്‍ 327 പേരാണ് മരിച്ചത്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിെൻറ കണക്കാണിത്.
ഇതിൽ കൂടുതല്‍പേര്‍ മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ് -145 പേര്. കൊല്ലത്ത് 68 പേരും ആലപ്പുഴയിലും എറണാകുളത്തും 25 പേര്വീതവും കോഴിക്കോട് 19 പേരും കാസര്‍കോട്ട് 16 പേരും മലപ്പുറത്ത് 11 പേരും കണ്ണൂരില്‍ ഏഴുപേരും തൃശൂരില്‍ അഞ്ചുപേരും മരിച്ചു. കോട്ടയം ജില്ലയില്‍നിന്നുള്ള അഞ്ചുപേരും പാലക്കാട് ജില്ലക്കാരനായ ഒരാളും മത്സ്യബന്ധനത്തിനിടെ അപകടത്തിൽ മരിച്ചു. ഇതിന് പുറമെ 2017ല്‍ ഓഖി ദുരന്തത്തിൽ 91 പേരെ കാണാതായി. ഓഖി ദുരന്തമുണ്ടായപ്പോള്‍ അപകടത്തില്‍പെട്ട 143 മത്സ്യത്തൊഴിലാളികളില്‍ 52 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കെണ്ടടുക്കാനായത്. ഓഖിയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ കൂടുതല്‍ സുരക്ഷയൊരുക്കാൻ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നുപോലും ഫലം കണ്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ ഐ.എസ്.ആര്.ഒയുടെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ 1500 കിലോമീറ്റർ വരെയുള്ള വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന നാവിക് എന്ന ഉപകരണം വികസിപ്പിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തെങ്കിലും അത് കൃത്യമായി പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ്. കടലില്‍ അപകടത്തില്‍പെടുന്നവരെ അടിയന്തരമായി രക്ഷപ്പെടുത്താന്‍ ഫിഷറീസ് വകുപ്പ് പ്രതീക്ഷ, പ്രത്യാശ, കാരുണ്യ എന്നീ പേരുകളില്‍ മറൈന്‍ ആംബുലന്‍സുകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇറങ്ങിയെങ്കിലും ഇവയുടെ പ്രവര്‍ത്തനങ്ങളും ഫലപ്രദമെല്ലന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കപ്പല്‍ചാല്‍ വിട്ട് പായുന്ന കപ്പലുകള്‍ മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയാണ്.
തലസ്ഥാന ജില്ലയുടെ പുറംകടല്‍ വഴി ദിവസവും അഞ്ഞൂറോളം കപ്പലുകളാണ് കടന്നുപോകുന്നത്. തീരത്തുനിന്ന് 12 മുതല്‍ 20 നോട്ടിക്കല്‍ മൈല്‍വരെയുള്ള അംഗീകൃത കപ്പല്‍ ചാലുകളിലൂടെ പോകാതെ തീരക്കടലിലേക്ക് കപ്പലുകള്‍ കയറുന്നതാണ് അപകട കാരണം. ഇത്തരം കടന്നുകയറ്റങ്ങൾ മത്സ്യത്തൊഴിലാളികള്‍ കോസ്റ്റ് ഗാര്‍ഡിനെയും കോസ്റ്റൽ പൊലീസിനെയും അറിയിക്കാറുണ്ടെങ്കിലും കര്‍ശന നടപടിയുണ്ടാകാറില്ല. ക്രൂ ചെയിഞ്ചിങ്ങിനായി കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞം തീരത്ത് എത്തുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
ഓഖി ദുരന്തത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ചേര്‍ന്ന സംയുക്തയോഗത്തില്‍ പുറംകടലില്‍ 24 മണിക്കൂര്‍ നിരീക്ഷണം നടത്തുമെന്ന് തീരസംരക്ഷണസേനയും നാവികസേനയും ഉറപ്പുനല്‍കിയിരുന്നു. എന്നാൽ, നിരീക്ഷണങ്ങളില്ലാതെ വന്നതോടെ വീണ്ടും വിദേശകപ്പലുകളും ട്രോളറുകളും തോന്നുംപടി തീരക്കടലിലേക്ക് കയറുന്ന അവസ്ഥയാണ്.
തുടരും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.