സുൽത്താൻ ബത്തേരി: വാകേരി മേഖലയിലെ നരഭോജി കടുവക്കായി ബുധനാഴ്ചയും തിരച്ചിൽ ഊർജിതം. 20 പേർ അടങ്ങിയ വനം വകുപ്പിന്റെ മൂന്ന് സംഘങ്ങൾ എസ്റ്റേറ്റുകളും വനയോരവും കയറിയിറങ്ങി. രാവിലെ, കൂടല്ലൂരിലെ കോഴിഫാമിനടുത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഡ്രോൺ ഉൾപ്പെടെയുള്ളവയും കടുവയെ കണ്ടെത്താനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
മാരമല, ഗാന്ധി നഗർ ഭാഗങ്ങളിലാണ് ചൊവ്വാഴ്ച കടുവയെ കണ്ടതായി പ്രദേശവാസികളിൽ ചിലർ പറഞ്ഞത്. നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഇവിടെ തിരച്ചിൽ നടത്തുന്നത്. വലിയ കാപ്പിത്തോട്ടങ്ങൾ, കുറ്റിക്കാടുകൾ, തേക്ക് തോട്ടം എന്നിവയൊക്കെയാണ് ഈ ഭാഗങ്ങളിൽ. തേക്ക് തോട്ടത്തിലാണെങ്കിൽ കടുവയെ പെട്ടെന്ന് കാണാനാവും. എന്നാൽ, കുറ്റിക്കാടുകൾക്കിടയിൽ പതിഞ്ഞിരുന്നാൽ പെട്ടെന്ന് കണ്ടെത്താനാകാത്തത് വനപാലകർക്ക് വെല്ലുവിളിയാണ്.
പാപ്ലശ്ശേരി മുതൽ ഗാന്ധിനഗർ-കൂടല്ലൂർ-വാകേരി ഭാഗത്തേക്ക് റോഡിന്റെ ഒരു ഭാഗം വനമാണ്. ഇവിടെ കുറച്ചുഭാഗത്ത് കാട്ടാനകളെ പ്രതിരോധിക്കാൻ കരിങ്കൽ മതിലുണ്ട്. പാമ്പ്ര എസ്റ്റേറ്റുകളും ഇതിനടുത്താണ്. ഇവിടെയൊക്കെ കടുവക്ക് തങ്ങാൻ പറ്റിയ സാഹചര്യമാണ്. മുമ്പ് പലതവണ ഈ ഭാഗങ്ങളിൽ കടുവകൾ വന്നിരുന്നു. സ്വകാര്യ തോട്ടത്തിൽ നിന്നും റിസർവ് വനത്തിലേക്ക് കടുവക്ക് കയറിയിറങ്ങാനും കഴിയും.
അതിനാൽ കഴിഞ്ഞ ദിവസം ഒരു സ്ത്രീ കണ്ട കടുവ നരഭോജി കടുവ തന്നെയാണോ എന്ന് തിരിച്ചറിയുകയെന്നതും വനം വകുപ്പിന് വലിയ കടമ്പയാണ്. നരഭോജി ആണെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ വെടിവെക്കാനാവൂ. ഈയൊരു അവസ്ഥയിൽ മയക്കുവെടി വെക്കാനുള്ള തീരുമാനമാണ് വനം വകുപ്പിനുള്ളത്. അതേസമയം, നരഭോജി കടുവയെ വെടിവെച്ച് കൊല്ലരുതെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചവർക്ക് ബുധനാഴ്ച ഹൈകോടതി പിഴയിട്ടത് വനം വകുപ്പിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. വാകേരി മേഖലയിലെ നാട്ടുകാരും വിധിയെ സ്വാഗതം ചെയ്യുകയാണ്. നരഭോജിയെ ജീവനോടെ പിടിച്ചാലും കൊണ്ടുപോകാൻ തങ്ങൾ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശത്തുകാർ. കോളനി കവലയിലും കൂടല്ലൂരിൽ കോഴിഫാമിനടുത്തും കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. കടുവ കൂട്ടിൽ കയറിയാൽ ആശങ്ക ഒഴിയുമെങ്കിലും സംഘർഷ സാധ്യതയുണ്ട്. പ്രജീഷ് കൊല്ലപ്പെട്ടതു മുതൽ വനം വകുപ്പിനോടൊപ്പം ഇവിടെ പൊലീസും ജാഗ്രതയിലാണ്. പാപ്ലശ്ശേരി, ഗാന്ധിനഗർ, മാരമല, കൂടല്ലൂർ, വാകേരി ഭാഗത്തെ വനം സുൽത്താൻ ബത്തേരി നഗരത്തിനടുത്ത് സത്രംകുന്ന് വരെ നീളുന്നതാണ്. കിലോമീറ്ററുകൾ നീളുന്ന കരിങ്കൽ മതിലിന് ശേഷം വാകേരി മുതൽ റെയിൽ വേലിയാണ് സത്രംകുന്നിലേക്കുള്ളത്. ഈ പ്രതിരോധങ്ങൾ ആനയെ മാത്രം കണക്കുകൂട്ടി സ്ഥാപിച്ചതാണ്. കരിങ്കൽ മതിലിന് മുകളിൽ ഉയരത്തിൽ കമ്പിവേലി സ്ഥാപിക്കണമെന്ന ആവശ്യം മാരമല, ഗാന്ധിനഗർ ഭാഗത്തുള്ളവർ ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.