തിരുവനന്തപുരം: എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികൾക്കായി സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലുള്ളത് 361746 പ്ലസ് വൺ സീറ്റുകൾ. ഇതിൽ 141050 സീറ്റുകൾ സർക്കാർ സ്കൂളുകളിലും 165100 സീറ്റുകൾ എയ്ഡഡ് മേഖലയിലുമാണ്. 55596 സീറ്റുകൾ അൺഎയ്ഡഡ് സ്കൂളുകളിൽ.
സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റുകളും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെൻറ് േക്വാട്ട സീറ്റുകൾ ഒഴികെയുള്ള സീറ്റുകളുമാണ് സർക്കാർ നേരിട്ട് നടത്തുന്ന ഏകജാലക പ്രവേശനത്തിന് കീഴിൽ വരുന്നത്. കഴിഞ്ഞ വർഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിലവിലുള്ള ബാച്ചുകളിൽ 20 ശതമാനം വരെ ആനുപാതിക സീറ്റ് വർധന അനുവദിച്ചിരുന്നു.
ഇത്തവണ ആനുപാതിക സീറ്റ് വർധന അനുവദിച്ചുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ എസ്.എസ്.എൽ.സി വിജയിച്ച കുട്ടികളുടെ എണ്ണത്തെക്കാൾ പ്ലസ് വൺ സീറ്റുകളുണ്ട്. എന്നാൽ, മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളെക്കാൾ 23408 പേർ കൂടുതലായി എസ്.എസ്.എൽ.സി വിജയിച്ചവരായുണ്ട്. കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലും എസ്.എസ്.എൽ.സി വിജയിച്ചവരുടെ എണ്ണം പ്ലസ് വൺ സീറ്റുകളെക്കാൾ കൂടുതലാണ്.
അപേക്ഷ സമർപ്പണം ജൂലൈ 15ന് മുമ്പ് ആരംഭിക്കും
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് ജൂലൈ 15ന് മുമ്പ് ഒാൺലൈൻ അപേക്ഷ സ്വീകരിച്ചുതുടങ്ങും. പ്രവേശന സമയക്രമത്തിൽ തീരുമാനമെടുക്കാൻ ഉന്നതതലയോഗം ബുധനാഴ്ചയോ വ്യാഴാഴ്ചയോ നടക്കും. ജൂലൈ 15ന് മുമ്പ് തുടങ്ങുന്ന അപേക്ഷ സമർപ്പണം പത്തുദിവസം നീളും. ജൂലൈ 15ന് പ്രസിദ്ധീകരിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ വിജയിക്കുന്നവർക്കുകൂടി സംസ്ഥാന സിലബസിൽ പ്ലസ് വൺ പഠനത്തിന് അപേക്ഷിക്കാൻ അവസരമൊരുക്കും. പ്രവേശനനടപടികൾ ഒാൺലൈനായതിനാൽ നിയന്ത്രണങ്ങൾ ബാധിക്കില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
അലോട്ട്മെൻറ് പൂർത്തിയാകുന്ന സമയത്ത് സ്കൂളുകൾ തുറക്കാനാകാത്ത സാഹചര്യമാണെങ്കിൽ പ്ലസ് വൺ ക്ലാസുകളും ഒാൺലൈൻ രീതിയിൽ തുടങ്ങും. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സൗകര്യമൊരുക്കും.
നിലവിൽ ഹയർസെക്കൻഡറി, െഎ.ടി.െഎ, പോളിടെക്നിക് എന്നിവിടങ്ങളിലായി 423975 സീറ്റുകളുണ്ട്. പ്രാഥമിക വിലയിരുത്തലിൽ എസ്.എസ്.എൽ.സി ജയിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ലഭ്യമാകുമെന്നാണ് കരുതുന്നത്. പല ജില്ലയിലും പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് പരിശോധിച്ച് ആവശ്യമായ ക്രമീകരണം നടത്തും. മുൻ വർഷത്തെ അപേക്ഷിച്ച് 9412 വിദ്യാർഥികൾ കുറവാണ് ഇത്തവണ എസ്.എസ്.എൽ.സി ജയിച്ചവർ.
മലപ്പുറം, വയനാട്, തിരുവനന്തപുരം ജില്ലകളിൽ പാഠപുസ്തക വിതരണം അവസാനഘട്ടത്തിലാണ്. മറ്റ് ജില്ലയിലും ഉടൻ പൂർത്തിയാക്കും. കൊല്ലം ജില്ലയിലെ വിദ്യാർഥികളുടെ നഷ്ടപ്പെട്ട പ്ലസ് ടു ഉത്തരക്കടലാസുകൾ കണ്ടെത്താൻ തപാൽവകുപ്പ് പരിശോധന തുടരുന്നു. അറബിക്, സംസ്കൃതം, ഉർദു വിഷയങ്ങൾക്കുള്ള ഒാൺലൈൻ ക്ലാസുകൾ വൈകാതെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
ഉയർന്ന വിജയം പത്തനംതിട്ടയിൽ; മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് കുട്ടനാട്
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണയും ഉയർന്ന വിജയം പത്തനംതിട്ടയിൽ. 99.71 ശതമാനമാണ് വിജയം. 99.57 ശതമാനം വിജയം നേടിയ ആലപ്പുഴയാണ് രണ്ടാംസ്ഥാനത്ത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ മലപ്പുറം ജില്ലയിൽ 98.65 ശതമാനമാണ് വിജയം. കുട്ടനാട് വിദ്യാഭ്യാസ ജില്ല നൂറ് ശതമാനം വിജയംനേടി.
ഇതാദ്യമായാണ് വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ വിദ്യാർഥികളും ഒന്നടങ്കം വിജയിക്കുന്നത്. കുട്ടനാട്ടിൽ പരീക്ഷയെഴുതിയ 2106 പേരിൽ എല്ലാവരും വിജയിച്ചു. അഞ്ച് വിദ്യാർഥികൾ പരാജയപ്പെട്ടതിനാൽ തിരുവല്ല വിദ്യാഭ്യാസ ജില്ലക്ക് നൂറ് ശതമാനം വിജയം നഷ്ടപ്പെട്ടു.
വിജയം 99.87 ശതമാനം. ജില്ലകളിലെ വിജയശതമാനം: തിരുവനന്തപുരം -98.94, കൊല്ലം -99.08, പത്തനംതിട്ട -99.71, ആലപ്പുഴ -99.57, കോട്ടയം -99.38, ഇടുക്കി -99.23, എറണാകുളം -99.32, തൃശൂർ -98.93, പാലക്കാട് -98.74, മലപ്പുറം -98.65, കോഴിക്കോട് -98.3, വയനാട് -95.04, കണ്ണൂർ -99.31, കാസർകോട് -98.61.
1837 സ്കൂളുകൾക്ക് സമ്പൂർണ വിജയം
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും വർധന. 1837 സ്കൂളുകൾ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം ഇത് 1703 ആയിരുന്നു. 637 സർക്കാർ സ്കൂളിലെ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ഉപരിപഠന യോഗ്യത നേടി.
796 എയ്ഡഡ് സ്കൂളിലെയും 404 അൺ എയ്ഡഡ് സ്കൂളിലെയും പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും സമ്പൂർണ വിജയം നേടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സർക്കാർ വിദ്യാലയങ്ങളിൽ 38 എണ്ണത്തിെൻറയും എയ്ഡഡ് വിദ്യാലയങ്ങളിൽ 83 എണ്ണത്തിെൻറയും വർധനയാണുണ്ടായത്. നൂറുമേനി വിജയം നേടിയ സ്കൂളുകൾ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്.
100 ശതമാനം വിജയം നേടിയ സ്കൂളുകൾ: തിരുവനന്തപുരം -148, കൊല്ലം -144, പത്തനംതിട്ട- 145, ആലപ്പുഴ -144, കോട്ടയം -190, ഇടുക്കി -125, എറണാകുളം -223, തൃശൂർ -155, പാലക്കാട്- 104, മലപ്പുറം -140, കോഴിക്കോട് -73, വയനാട് -33, കണ്ണൂർ -125, കാസർകോട് -81. ലക്ഷദ്വീപ് -നാല്, ഗൾഫ് -മൂന്ന്.
ഗൾഫിലെ സ്കൂളുകൾക്ക് മികച്ച വിജയം
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫിലെയും ലക്ഷദ്വീപിലെയും സ്കൂളുകൾക്ക് മികച്ച വിജയം. ഗൾഫിലെ ഒമ്പത് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ 597ൽ 587 പേരും വിജയിച്ചു. വിജയം 98.32 ശതമാനം. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഫുജൈറ ദ ന്യൂ ഇന്ത്യൻ സ്കൂൾ, ഉമ്മുൽഖുവൈൻ ദ ന്യൂ ഇന്ത്യൻ സ്കൂൾ എന്നിവ നൂറുശതമാനം വിജയം നേടി.
ലക്ഷദ്വീപിൽ 94.76 ശതമാനമാണ് വിജയം. ഒമ്പത് സ്കൂളുകളിൽ പരീക്ഷയെഴുതിയ 592 പേരിൽ 561 പേർ വിജയിച്ചു. നാല് സ്കൂളുകൾ നൂറുശതമാനം വിജയം നേടി. കൽപ്പേനി ഡോ.കെ.കെ. മുഹമ്മദ് കോയ ഗവ. സീനിയർ സെക്കൻഡറി സ്കൂൾ, ഗവ. എച്ച്.എസ് മിനിക്കോയ്, ഗവ.എച്ച്.എസ് കടമത്ത്, ഗവ.എച്ച്.എസ് ചെത്തലത്ത് എന്നിവയാണ് നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ.
എ പ്ലസ് എണ്ണത്തിൽ വർധന
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ എ പ്ലസുകാരുടെ എണ്ണത്തിലും വൻവർധന. 41,906 പേരാണ് ഇത്തവണ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം ഇത് 37,334 ആയിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ 4572 പേർ കൂടുതൽ. കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്-6447 പേർ. കോഴിക്കോടാണ് രണ്ടാമത്്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.