കോഴിക്കോട്: രണ്ടാം പിണറായി സർക്കാറിലെ മന്ത്രിസഭാ ചിത്രം വ്യക്തമായപ്പോൾ മന്ത്രിമാരില്ലാതെ രണ്ട് ജില്ലകൾ. കാസർകോടിനും വയനാടിനുമാണ് സ്വന്തം മന്ത്രിമാരില്ലാത്തത്. അതേസമയം, തിരുവനന്തപുരം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ നിന്ന് മൂന്ന് വീതം മന്ത്രിമാരുണ്ട്.
കാസർകോട് നിന്ന് കഴിഞ്ഞ മന്ത്രിസഭയിൽ സി.പി.ഐയുടെ ഇ. ചന്ദ്രശേഖരൻ മന്ത്രിയായി ഉണ്ടായിരുന്നു. ഇത്തവണ അത് നഷ്ടമായി. വയനാടിന് കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും മന്ത്രിയില്ല. കണ്ണൂരിന് രണ്ടും കോഴിക്കോടിന് മൂന്നും മന്ത്രിമാർ ഉണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ രണ്ട് മന്ത്രിമാരാണ് സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ കണ്ണൂരിൽ നിന്ന് ഉള്ളത്. മന്ത്രിസഭയിൽ രണ്ടാമനാകുമെന്ന് കരുതുന്ന എം.വി. ഗോവിന്ദനാണ് ജില്ലയിലെ രണ്ടാമത്തെ മന്ത്രി. കഴിഞ്ഞ മന്ത്രിസഭയിൽ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ എന്നിവരായിരുന്നു മുഖ്യമന്ത്രിയെ കൂടാതെയുള്ള മന്ത്രിമാർ.
കോഴിക്കോടിന് ഇത്തവണ മൂന്ന് മന്ത്രിമാരാണുള്ളത്. ബേപ്പൂരിൽ നിന്ന് വിജയിച്ച ഡി.വൈ.എഫ്.ഐ നേതാവ് പി.എം. മുഹമ്മദ് റിയാസ്, കോഴിക്കോട് സൗത്തിൽ അട്ടിമറി വിജയം നേടിയ ഐ.എൻ.എല്ലിന്‍റെ അഹമ്മദ് ദേവർകോവിൽ, എൻ.സി.പിയുടെ എ.കെ. ശശീന്ദ്രൻ എന്നിവരാണ് കോഴിക്കോടിന്‍റെ മന്ത്രിമാർ. കഴിഞ്ഞ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രിയെ കൂടാതെ ഇത്തവണ തുടരുന്ന ഒരേയൊരു മന്ത്രി എ.കെ. ശശീന്ദ്രനാണ്.
താനൂരിൽ സി.പി.എം സ്വതന്ത്രനായി രണ്ടാംതവണയും മത്സരിച്ച് ജയിച്ച വി. അബ്ദുൽറഹ്മാനാണ് മലപ്പുറത്ത് നിന്നുള്ള ഏക പ്രതിനിധി. നേരത്തെ, കെ.ടി. ജലീൽ മന്ത്രിയായും ശ്രീരാമകൃഷ്ണൻ സ്പീക്കറായും ഉണ്ടായിരുന്നു.
പാലക്കാട് ജില്ലയിൽ നിന്ന് ചിറ്റൂരിൽ വിജയിച്ച കെ. കൃഷ്ണൻകുട്ടിയാണ് ഏക മന്ത്രി. തൃത്താലയിൽ കടുത്ത മത്സരത്തിൽ വി.ടി. ബൽറാമിനെ വീഴ്ത്തിയ എം.ബി. രാജേഷിന് സി.പി.എം സ്പീക്കറുടെ സ്ഥാനവും നൽകി.
തൃശൂരിൽ നിന്ന് കെ. രാധാകൃഷ്ണൻ (ചേലക്കര), ആർ. ബിന്ദു (ഇരിങ്ങാലക്കുട), കെ. രാജൻ (ഒല്ലൂർ) എന്നിങ്ങനെ മൂന്ന് മന്ത്രിമാരുണ്ട്.
പ്രധാന വകുപ്പ് ലഭിക്കുമെന്ന് കരുതുന്ന സി.പി.എമ്മിലെ പി. രാജീവ് മാത്രമാണ് എറണാകുളത്തുനിന്ന് മന്ത്രിസഭയിലെത്തുന്നത്.
ഇടുക്കിയെ പ്രതിനിധീകരിച്ച് കേരള കോൺഗ്രസ് എമ്മിലെ രണ്ടാമനായ റോഷി അഗസ്റ്റിൻ മന്ത്രിയാകും.
കോട്ടയം ജില്ലയിൽ വി.എൻ. വാസവൻ (ഏറ്റുമാനൂർ) മാത്രമാണ് മന്ത്രി. ചീഫ് വിപ്പായ എൻ. ജയരാജും (കാഞ്ഞിരപ്പള്ളി) കോട്ടയത്തുനിന്നാണ്.
തോമസ് ഐസകും ജി. സുധാകരനും മാറി നിന്നെങ്കിലും ഇത്തവണയും ആലപ്പുഴക്ക് രണ്ട് മന്ത്രിമാരുണ്ട്. സി.പി.എമ്മിലെ സജി ചെറിയാൻ (ചെങ്ങന്നൂർ), സി.പി.ഐയിലെ പി. പ്രസാദ് (ചേർത്തല) എന്നിവരാണ് ആലപ്പുഴയുടെ പ്രതിനിധികൾ.
പത്തനംതിട്ടയിൽ ആറൻമുളയിൽ നിന്ന് രണ്ടാംതവണയും വിജയിച്ച വീണാ ജോർജാണ് മന്ത്രിയായത്. ഡെപ്യൂട്ടി സ്പീക്കറായി സി.പി.ഐയിലെ ചിറ്റയം ഗോപകുമാറുമുണ്ട്.
കൊല്ലത്ത് കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര), ജെ.ചിഞ്ചുറാണി (ചടയമംഗലം) എന്നീ രണ്ട് മന്ത്രിമാരുണ്ട്.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന് മൂന്ന് മന്ത്രിമാരെയാണ് ലഭിച്ചത്. ജി.ആർ. അനിൽ (നെടുമങ്ങാട്), ആൻ്റണി രാജു (തിരുവനന്തപുരം), വി. ശിവൻകുട്ടി (നേമം) എന്നിവരാണ് ജില്ലയിലെ മന്ത്രിമാർ. കടുത്ത മത്സരത്തിലൂടെ നേമത്തെ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ച വി. ശിവൻകുട്ടിയെ സി.പി.എം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.