ആറളം ഫാമിൽ പണിയ ആദിവാസി വിഭാഗത്തെ തുടച്ചു നീക്കുന്നതിനെതിരെ സെക്രട്ടേറിയറ്റ് മാർച്ച് നാളെ

കോഴിക്കോട് : ആറളം ഫാമിൽ നിലവിൽ പട്ടയം ഉള്ളവരുടെ രണ്ടായിരത്തോളം വരുന്ന ആദിവാസികളുടെ പട്ടയം റദ്ദാക്കി അവരുടെ പ്ലോട്ടുകളിൽ കൈയറിയവർക്ക് പട്ടയം നൽകാനുള്ള സർക്കാർ നീക്കത്തിനിതെ നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് ആദിവാസി ഗോത്രമാസഭ സ്റ്റേറ്റ് കോർഡിനേറ്റർ എം. ഗീതാനന്ദൻ അറിയിച്ചു. ആറളം ഫാമിൽ 2006- മുതൽ കുടിയിരുത്തിയ ആദിവാസികളിൽ അതിപിന്നാക്കം നിൽക്കുന്ന പണിയ ഗോത്രവർഗക്കാരുടെ പട്ടയങ്ങളാണ് റദ്ദാക്കുന്നതിൽ ഭൂരിപക്ഷവും.

കൈയേറ്റക്കാർ ആകട്ടെ 2010 -ന് ശേഷം സി.പി.എം നേതൃത്വത്തിൽ പല ഘട്ടങ്ങളിലായി ആദിവാസികളുടെ പട്ടയ ഭൂമിയിൽ കൈയേറിയവരാണ്. 2006 മുതലുള്ള യഥാർഥ പട്ട ഉടമകളുടെ വീടുകളിലും കൃഷി ഭൂമിയിലുമാണ് കൈയേ നടന്നത്. തങ്ങൾക്ക് അനുകൂലമായി വോട്ടർമാരെ ഉണ്ടാക്കുകയും ആറളം പഞ്ചായത്തിലും പേരാവൂർ നിയോജകമണ്ഡലത്തിലും രാഷ്ട്രീയ ഭൂരിപക്ഷം നേടാനുള്ള ഈ നടപടി നിയമവിരുദ്ധവും ഫലത്തിൽ ആദിവാസി സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന പണിയർ, വയനാട്ടിലെ അടിയർ, കാട്ടു നായ്ക്കർ തുടങ്ങിയവരെ വംശീയമായി ഉന്മൂലനം ചെയ്യുന്ന പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്.

2016- ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ ആറളം പഞ്ചായത്തിലും, പേരാവൂർ നിയോജകമണ്ഡലത്തിലും ഭൂരിപക്ഷം നേടാനുള്ള ഒരു 'ഇസ്രായേൽ' തന്ത്രമായി സി.പി.എം പിന്നീട് ഇതിനെ മാറ്റി. കണ്ണൂർ ജില്ലാ കൂടാതെ പുറം ജില്ലകളിൽ നിന്നും പാർട്ടി അനുഭാവികളെയും, ആദിവാസികൾ അല്ലാത്തവരെയും, മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ളവരെയും ആസൂത്രിതമായി കൈയേറ്റം ഉണ്ടായി.

ആദിവാസികൾക്ക് നൽകുന്ന പട്ടയം നിയമം അനുസരിച്ച് നൽകുന്ന ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ല. അനന്തരാവകാശികൾക്ക് കൈമാറാനെ പാടുള്ളൂ. നിയമം ഇതായിരിക്കെ പട്ടയ ഉടമകൾ മറ്റൊരിടത്താണ് താമസിക്കുന്നത് എന്നതുകൊണ്ട് മാത്രം പട്ടയം റദ്ദാക്കാൻ ആർക്കും അധികാരമില്ല. കേരളത്തിൽ കുടിയേറ്റക്കാർ ഉൾപ്പെടെയുള്ളവർക്ക് ഭൂമി നൽകാൻ ചട്ടങ്ങൾ ഉണ്ട്. ഇവർ ആരെങ്കിലും വിദേശത്ത് ജോലിക്ക് പോയാലോ മറ്റൊരിടത്ത് താമസിച്ചാലോ പട്ടയം റദ്ദാക്കാറില്ല. ആദിവാസികൾക്ക് നൽകുന്ന ഭൂമി വില്ലേജുകളിൽ പോക്ക് വരവ് ചെയ്യാനോ നികുതി സ്വീകരിക്കാനോ സർക്കാർ താൽപര്യം കാണിക്കുന്നില്ല. സമൂഹത്തിലെ അതിദുർബലരായ പണിയ വിഭാഗത്തെ പുനരുധിവാസ ഭൂമിയിൽ നിന്നും പുറംതള്ളുന്ന നടപടിയിൽനിന് സർക്കാർ പിൻവാങ്ങണമെന്നും എം.ഗീതാനന്ദൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - Secretariat march tomorrow against the removal of the tribal community built in Aralam Farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.