തിരുവനന്തപുരം: സമ്മേളനകാലത്ത് അഭിപ്രായവ്യതാസങ്ങളും വിമർശനങ്ങളും പുതുമയല്ലെങ്കിലും പ്രശ്നം തീർക്കാർ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തേണ്ട നിലയിൽ പ്രാദേശിക വിഭാഗീയത പരിധിവിട്ടത് സി.പി.എമ്മിന് തലവേദനയാകുന്നു. പ്രതിസന്ധി തീർക്കാൻ കൊല്ലത്തിന് പിന്നാലെ ഞായറാഴ്ച പത്തനംതിട്ടയിലും എം.വി. ഗോവിന്ദന് പോകേണ്ടിവന്നു. ഇതിനിടെയാണ് തിരുവനന്തപുരം മംഗലപുരത്തെ പൊട്ടിത്തെറി.
വി.എസ്-പിണറായി സംഘർഷകാലത്ത് ഭിന്നത ഏറെക്കുറേ പ്രത്യയശാസ്ത്രപരമായിരുന്നു. എന്നാൽ പ്രാദേശികതലങ്ങളിൽ വ്യക്തിതാൽപര്യങ്ങളും അനഭിലഷണീയ പ്രവണതകളും ആശയരൂപമാർജിക്കുന്നുവെന്നതാണ് പുതിയ പ്രവണത. വിഭാഗീയതക്കപ്പുറം ഇത്തരം പ്രശ്നങ്ങൾ സംഘടനപരമായ വീഴ്ചയാണെന്ന വിലയിരുത്തലും പർട്ടിക്കുള്ളിലുണ്ട്. നേരത്തെ തന്നെ ഇത്തരം രീതികൾ പ്രാദേശികമായുണ്ടെങ്കിലും ഇത് തിരിച്ചറിയാനോ തടയിടാനോ നേതൃത്വത്തിന് കഴിയുന്നില്ല.
ജീർണതകൾ ഒഴിവാക്കി പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ദൗത്യവുമായി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ സംസ്ഥാന നേതൃത്വം മുന്നോട്ടുപോകുന്ന ഘട്ടത്തിൽപോലും പരാതികൾ വർധിക്കുകയാണ്. ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങൾ മാധ്യമങ്ങൾ ഊതിവീർപ്പിക്കുന്നെന്ന വാദമുയർത്തിയാണ് സി.പി.എം പ്രതിരോധിച്ചിരുന്നത്.
അധികാരത്തുടർച്ച സൃഷ്ടിച്ച പ്രത്യേക സാഹചര്യങ്ങളാണ് തെറ്റായ പ്രവണതകൾക്ക് ഇടയാക്കുന്നതെന്ന വിമർശനവുമുണ്ട്. കഴിഞ്ഞ എട്ടുവർഷത്തിനിടെ പാർട്ടി അംഗങ്ങളായവരിൽ ഭൂരിഭാഗത്തിനും ഭരണത്തണലിലുള്ള പാർട്ടിയെ മാത്രമാണ് അനുഭവമുള്ളത്. രൂക്ഷമാകുന്ന പ്രാദേശിക വിഭാഗീയതക്ക് പിന്നാലെ ജില്ല പഞ്ചായത്തംഗം കൂടിയായ പ്രാദേശിക നേതാവിന്റെ ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റവും ചെറുതല്ലാത്ത പ്രഹരമാണ്.
ദേശീയതലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ആളുകൾ പോകുന്നത് ചൂണ്ടി കോൺഗ്രസിനെ നിരന്തരം കടന്നാക്രമിക്കുകയാണ് സി.പി.എം ചെയ്തിരുന്നത്. ബി.ജെ.പിയിലേക്കുള്ള പരിശീലന കേന്ദ്രം എന്നായിരുന്നു സി.പി.എം നേതാക്കളുടെ കോൺഗ്രസ് വിമർശനം. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിലെ അപ്രതീക്ഷിത കൂടുമാറ്റം.
സന്ദീപ് വാര്യരുടെ കാര്യത്തിൽ ഓപറേഷൻ തുടങ്ങിയതും ചർച്ചകൾക്ക് തുടക്കമിട്ടതും സി.പി.എം ആണെങ്കിലും പക്ഷേ അദ്ദേഹത്തെ പാർട്ടിയിലേക്കെത്തിക്കാൻ സി.പി.എമ്മിനായില്ല. ബിപിൻ ബാബുവിനെതിരെ പാർട്ടി അച്ചടക്കനടപടി എടുത്തിരുന്നെങ്കിലും സമയപരിധി കഴിഞ്ഞതോടെ അത് പിൻവലിച്ചിരുന്നു. ഫലത്തിൽ അദ്ദേഹം പാർട്ടിയിലുണ്ടായിരുന്ന ആളാണ്. ഈ സമയത്തെ കാലുമാറ്റമാണ് സി.പി.എമ്മിനെ കൂടുതൽ സമ്മർദത്തിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.