പാലക്കാട്: ബി.ജെ.പിയിലെ വിഭാഗീയത പരിഹരിക്കാൻ പാർട്ടി അധ്യക്ഷൻ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ബി.ജെ.പി കാര്യാലയത്തിൽ മാരത്തൺ ചർച്ച. പാർട്ടി-ഉപസംഘടന ഭാരവാഹികളുടെ യോഗമാണ് നടന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ തുടങ്ങിയ യോഗങ്ങൾ രാത്രിയോളം തുടർന്നു. ശോഭ സുരേന്ദ്രൻ പക്ഷത്തെ അനുനയിപ്പിക്കാനുള്ള നീക്കവും അധ്യക്ഷൻ നേരിട്ട് നടത്തി.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഫണ്ട് വെട്ടിച്ച ആളുകൾ തന്നെയാണ് സാമ്പത്തിക കമ്മിറ്റിയിലുള്ളതെന്ന ശോഭപക്ഷത്തിന്റെ ആരോപണങ്ങൾ ഉൾപ്പെടെ ചിലർ പങ്കുവെച്ചതായി അറിയുന്നു. പാലക്കാട് നിയോജക മണ്ഡലത്തിലെ ആളുകളെ മാറ്റി സ്ഥാനാർഥിയുടെ ഗ്രൂപ്പിൽപെട്ട, ജില്ലയുടെ ഇതര ഭാഗങ്ങളിൽനിന്നുള്ള ആളുകളെ നിശ്ചയിച്ചതാണ് പ്രവർത്തനം ദുർബലമാകാൻ കാരണമെന്നാണ് ശോഭപക്ഷം ആരോപിക്കുന്നത്.
കോയമ്പത്തൂരിൽനിന്ന് സുരേന്ദ്രൻ എത്തുന്നതിനു മുമ്പ് രാവിലെ നടന്ന ഇലക്ഷൻ മാനേജ്മെന്റ് കമ്മിറ്റിയിൽ ആളുകൾ കുറവായിരുന്നു. 42 പേർ പങ്കെടുക്കേണ്ടിടത്ത് 20ഓളം പേർ മാത്രമാണ് എത്തിയത്. റോഡ് ഷോ കഴിഞ്ഞിട്ടും ഒന്നാംഘട്ട പോസ്റ്റർ പാർട്ടി ഓഫിസിൽ കെട്ടിക്കിടക്കുന്നതിൽ നീരസം പ്രകടമാക്കിയ നേതൃത്വം അവ പതിക്കാൻ നിർദേശം നൽകി.
പാലക്കാട്: എൻ.ഡി.എ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ റോഡ് ഷോയിൽനിന്ന് വിഭാഗീയതയുടെ ഭാഗമായി താൻ മാറിനിന്നെന്ന വാർത്ത ദുരുദ്ദേശ്യപരമാണെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ്. 21ന് ഡൽഹിയിൽ പാർട്ടിയുടെ സജീവ അംഗത്വ കാമ്പയിനിന്റെ യോഗത്തിൽ സംസ്ഥാന കൺവീനർ എന്ന നിലയിൽ സംസ്ഥാന അധ്യക്ഷന്റെ നിർദേശപ്രകാരം പോയതായിരുന്നു. യോഗത്തിൽ പങ്കെടുത്തശേഷം സംസ്ഥാന അധ്യക്ഷന്റെ കൂടെയാണ് ചൊവ്വാഴ്ച രാവിലെ 11ന് പാലക്കാട്ട് തിരിച്ചെത്തിയതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.