സമസ്തക്കകത്തെ വിഭാഗീയത: നേതൃത്വത്തി​െൻറ താക്കീത് ഫലിക്കുമോ?

മലപ്പുറം: സമസ്തക്കകത്തെ വിഭാഗീയപ്രവർത്തനങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വിഴുപ്പലക്കുകളും അവസാനിപ്പിക്കാൻ വീണ്ടും കർശന നിർദേശം നൽകിയെങ്കിലും കലഹം തീർത്തും അവസാനിപ്പിക്കാൻ സാധിക്കുമോ. പല തവണ നേതൃത്വം കലഹമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടും പ്രശ്നക്കാരെ നിലക്കുനിർത്താൻ നേതൃത്വത്തിനായില്ല. തുടക്കത്തിൽ വേണ്ടത്ര നിയന്ത്രണം ഉന്നതനേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാവാത്തതാണ് രംഗം വഷളാവുന്നതിലേക്ക് എത്തിച്ചത് എന്ന വിലയിരുത്തൽ സംഘടനക്കകത്തുണ്ട്.

സമസ്തയലെ നവീകരണ വാദികളും പരമ്പരാഗത വാദികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഒരു വശത്ത്. സി.പി.എമ്മിനോട് സ്വീകരിക്കുന്ന സമീപനത്തിന്റെ പേരിൽ വിള്ളലുണ്ടായി. ലീഗിന്റെ ചൊൽപടിയിൽ നിൽക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം. യഥാർഥത്തിൽ ലീഗും സമസ്തയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പറിച്ചുമാറ്റാനാവാത്തതാണ്.

സി.ഐ.സി തർക്കം അക്കാദമികമേഖലയിൽ സമസ്തയിൽ അടുത്ത കാലത്തുണ്ടായ വലിയ മുന്നേറ്റത്തിന് തടയിടുന്നതായി. കാലോചിതമായ സിലബസ് പരിഷ്കാരവും കാഴ്ചപ്പാടിൽ വന്ന മാറ്റവും ഉൾകൊള്ളാൻ ഒരു വിഭാഗം തയാറായില്ല. ഏത് അനുരഞജനങ്ങൾക്ക് ശേഷവും ഈ വിഷയത്തിലുള്ള തർക്കം സമസ്തയിൽ വീണ്ടും തലയുയർത്തുകയാണ്. സത്യത്തിൽ പുതിയ തലമുറയെയും രക്ഷിതാക്കളെയും ആകർഷിക്കുന്നതാണ് സി.ഐ.സി സിലബസ് എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാണക്കാട് കുടുംബം ഈ സിലബസിനെ അനുകൂലിക്കുന്നു എന്നത് എതിരാളികളെ പ്രകോപിതരാക്കുകയാണ്. സാമൂഹികമാധ്യമങ്ങളിൽ തുടങ്ങി പലപേരുകളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ പോര് പരസ്യമായതാണ് രംഗം വഷളാക്കിയത്. അതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന സമസ്തയിലെ പോഷകസംഘടനകളുടെ യോഗത്തിൽ നേതൃത്വം ശൈഥില്യത്തിനെതിരെ ശക്തമായ താക്കീത് നൽകിയത്.

സി.പി.എമ്മുമായുള്ള സഹകരണം, സി.ഐ.സി വിഷയം, ലീഗിനോടുള്ള സമീപനം തുടങ്ങിയ വിഷയങ്ങളിൽ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് നേതൃസംഗമത്തിൽ ഉന്നത നേതൃത്വം വിലക്ക് പ്രഖ്യാപിച്ചത്.

പാണക്കാട് കുടുംബവുമായി സമസ്ത നിലനിർത്തിപ്പോരുന്ന ബന്ധത്തിന് വിള്ളലുണ്ടാവുന്ന തരത്തിൽ ഒരു വിഭാഗം പ്രവർത്തിക്കു​ന്നു എന്ന പരാതിയുയർന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പരസ്യപ്രസതാവനകളും പ്രസംഗങ്ങളും പ്രചരിക്കുകയും ചെയ്തിരുന്നു. പല തവണ നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടും ഒരു വിഭാഗം അനുസരിച്ചിരുന്നില്ല എന്നാണ് പരാതി . ഇവർക്ക് സമസ്തയിലെ തന്നെ ഉന്നത നേതൃത്വത്തിൽ ചിലരുടെ ആശിർവാദമുണ്ട് എന്നതായിരുന്നു സംഘടനയെ കുഴക്കിയത്. ശൈഥില്യം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും നേതൃത്വം താഴെ തട്ടിലേക്ക് കർശന നിർദേശം നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സമസ്തക്കും ലീഗിനുമിടയിൽ വിള്ളലുണ്ടാക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടത്തുന്നുണ്ട് എന്ന് നേതൃതലത്തിൽ വിലയിരുത്തലുണ്ട്. മലപ്പുറത്തെ ചില ജനപ്രതിനിധികളെ ഇടനിലക്കാരാക്കിയാണ് സി.പി.എം ആശിർവാദത്തോടെ സമസ്തയിലെ ഒരുവിഭാഗത്തെ ഇടതുപാളയത്തിലെത്തിക്കാൻ നീക്കങ്ങൾ നടന്നത്. ലീഗിനെ ക്ഷയിപ്പിക്കുകയാണ് ലക്ഷ്യം.

ജൂലൈ അവസാനവാരം സമസ്ത നേതാക്കളും ലീഗ് നേതാക്കളും കൊണ്ടോട്ടിയിൽ യോഗം ചേർന്ന് ഈ വിഷയം ചർച്ച ചെയ്തിരുന്നു. ​ഇതു പ്രകാരം സമസ്ത നേതൃത്വം വിഭാഗീയത അവസാനിപ്പിക്കണമെന്നും സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രസ്താനവകൾ അവസാനിപ്പിക്കണമെന്നും താഴെ തട്ടിലേക്ക് നിർദേശം നൽകി. എന്നിട്ടും വിഭാഗീയപ്രവർത്തനങ്ങൾ തടയാനായില്ല.

ഓഗസ്റ്റ് 26ന് മലപ്പുറം സുന്നി മഹല്ലിൽ എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി തങ്ങൾ വിളിച്ചുചേർത്ത യോഗത്തിൽ ഒരു വിഭാഗം ബഹളംവെച്ചതിനെ തുടർന്ന് യോഗം അലങ്കോലമായിതിനെ തുടർന്ന് പിരിച്ചുവിടേണ്ടി വന്നു. പലയിടങ്ങളിലും ആദർശസമ്മേളനങ്ങൾ എന്ന പേരിൽ യോഗം ചേർന്ന് വിഭാഗീയനീക്കങ്ങൾ തുടർന്നു. ആദർശസമ്മേളനങ്ങൾ എന്ന പേരിൽ നടക്കുന്ന പരിപാടികളിൽ പ്രശ്നം വഷളാവുന്നു എന്ന് ചൂണ്ടിക്കാട്ടി ഹമീദ് അലി ശിഹാബ് തങ്ങൾ, ഡോ.ബഹാ ഉദ്ദീൻ നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂർ, മൊയ്തീൻ ഫൈസി പുത്തനഴി, യു. ഷാഫി ഹാജി, നാസർ ഫൈസി കൂടത്തായി, അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, ഹംസ ഹാജി മൂന്നിയൂർ എന്നിവർ ഒപ്പിട്ട് കത്ത് നൽകിയിരുന്നു. ഇതോടെ ഇത്തരം യോഗങ്ങൾ നേതൃത്വം വിലക്കി. എന്നാൽ മുശാവറയുടെ തീരുമാനത്തെ അവഗണിച്ച് സെപ്തംബർ ഒന്നിന് മഞ്ചേരിയിൽ സമസ്ത ജാഗരണ സമ്മേളനവും രണ്ടിന് കണ്ണൂരിൽ

ആദർശ സമ്മേളനവും നടന്നിരുന്നു. വിവാദ വിഷയങ്ങൾക്ക് പുറമെ വിഭാഗീയതകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയ നേതാക്കളെ കുറ്റപ്പെടുത്തിയ പ്രസംഗങ്ങളാണ് അവിടെ നടന്നത്. ഈ മാസം ഒമ്പതിന് ചേർന്ന സമസ്ത വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ എം.സി മായിൻ ഹാജിയും, അബ്ദുസ്സമദ് പൂ ക്കോട്ടൂരും സമസ്തയിൽ ഒരു വിഭാഗം നടത്തുന്ന വിഭാഗീയപ്രവർത്തനങ്ങൾ വിശദീകരിച്ചു. ആറാം തിയതി കോഴിക്കോട്ട് നടന്ന സുന്നിമഹല്ല് ഫെഡറേഷൻ യോഗത്തിൽ അബ്ദുസ്സമദ് പൂക്കോട്ടൂർ സമസ്തയിൽ വിഷയത്തിന്റെ ഗൗരവം വിശദീകരിച്ചു. ഇതേ തുടർന്നാണ് ഞായറാഴ്ച കോഴിക്കോട്ട് ചേർന്ന നേതൃ​യോഗം വീണ്ടും താക്കീത് നൽകിയത്. സമസ്തയുടെ നൂറാം വാർഷികത്തിന്റെ ജില്ലകളിൽ പണ്ഡിതസമ്മേളനങ്ങൾ നടക്കുകയാണ്. ഈ വേദികൾ കലഹത്തിന്റെതും വിവാദത്തിന്റേതുമാവുമോ എന്നാണ് ഇനി കാണേണ്ടത്.

Tags:    
News Summary - Sectarianism within Samatha: Will the leadership's warning work?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.