രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം: എസ്.പിക്കെതിരെ നടപടി

തിരുവനന്തപുരം: രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് മേയറുടെ വാഹനം പ്രോട്ടോകോൾ ലംഘിച്ച് കടന്നുകയറിയതിൽ എസ്.പിക്കെതിരെ നടപടി. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് സുരക്ഷവിഭാഗം എസ്.പി എൻ. വിജയകുമാറിനെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെന്‍ട്രല്‍ യൂനിറ്റ് ഒന്നിലേക്ക് മാറ്റി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ഡിസംബറിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പൂജപ്പുരയിലേക്ക് രാഷ്ട്രപതി വരുന്നതിനിടെയായിരുന്നു സംഭവം. വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാൻ പ്രോട്ടോകോൾ പ്രകാരം മേയർ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിനുശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തിൽനിന്ന് ഇറങ്ങിയത്.

സാധാരണഗതിയിൽ രാഷ്ട്രപതിയുടെ വാഹന വ്യൂഹം ഇറങ്ങുന്ന മുറക്ക് വേണം മറ്റ് വാഹനങ്ങൾ അനുഗമിക്കേണ്ടത്. എന്നാൽ, ഓൾസെയിന്‍റ്സ് കോളജ് മുതൽ ജനറൽ ആശുപത്രി വരെ കിലോമീറ്ററുകളോളം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം പാഞ്ഞു. ജനറൽ ആശുപത്രിക്ക് സമീപം വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് പിന്നിലേക്ക് മേയറുടെ കാർ കയറുകയായിരുന്നു. പിറകിലുള്ള വാഹനങ്ങൾ പൊടുന്നനെ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. 14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്.

മേയറുടെ നടപടി സുരക്ഷാവിഭാഗം എസ്.പിയുടെ വീഴ്ചയാണെന്നായിരുന്നു സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിന്‍റെ കണ്ടെത്തൽ. ജനുവരി ഒന്നിന് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 28ന് എന്‍. വിജയകുമാറിനെ സുരക്ഷാവിഭാഗത്തില്‍നിന്ന് പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായി സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെയും സംസ്ഥാന പൊലീസ് മേധാവിയെയും കണ്ട് അതൃപ്തി അറിയിച്ചു. മേയർ ചെയ്ത തെറ്റിന് എസ്.പിയെ ബലിയാടാക്കുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു ഇവർ. ഇതോടെ ഉത്തരവ് ആഭ്യന്തരവകുപ്പ് മരവിപ്പിച്ചു.

എന്നാൽ രാഷ്ട്രപതിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചക്ക് കാരണക്കാരായ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിെര നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് ഡി.ജി.പി അനിൽകാന്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയതോടെയാണ് എസ്.പിയെ സ്ഥലം മാറ്റിയത്.എൻ. വിജയകുമാറിന് പകരം സെക്യൂരിറ്റി വിഭാഗം ഐ.ജിയായി ടി.വിക്രമിനെ നിയമിച്ചു. പ്രൊബേഷൻ ഐ.പി.എസുകാരായ രാജ്‌ പ്രസാദിനെ ഇടുക്കി അസി. പൊലീസ്‌ സൂപ്രണ്ടായും പി. നിധിരാജിനെ പാലാ അസി. പൊലീസ്‌ സൂപ്രണ്ടായും പ്രസവാവധിയിലായിരുന്ന എം. ഹേമലതയെ മലപ്പുറം എം.എസ്‌.പി കമാൻഡന്‍റായും നിയമിച്ചു.

Tags:    
News Summary - Security breach during President's visit: Relocation of Special Branch SP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.