തിരുവനന്തപുരം: സർക്കാർ വക ഡിജിറ്റൽ വിവരശേഖരത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും പ്രകൃതിദുരന്തങ്ങളിൽനിന്ന് സംരക്ഷണമൊരുക്കുന്നതിനും സംസ്ഥാനത്തെ ഡേറ്റ സെന്ററുകളുടെ ബാക് അപ് (വിവരപ്പകർപ്പ്) കേരളത്തിന് പുറത്തെ സെർവറുകളിലേക്ക് മാറ്റുന്നു. നിലവിൽ തലസ്ഥാനത്തെ രണ്ട് ഡാറ്റ സെർവറുകളിലാണ് സർക്കാർ വെബ്സൈറ്റുകൾ, ആപ്പുകൾ, ഇ-ഓഫിസ്, ഇ-ട്രഷറി, ഇ-ഹെൽത്ത്, റവന്യൂ വകുപ്പിന്റെ ഡിജിറ്റൽ രേഖകൾ തുടങ്ങിയ ഔദ്യോഗിക ഡിജിറ്റൽ വിവരശേഖരവും പോർട്ടലുകളും സൂക്ഷിച്ചിട്ടുള്ളത്. എന്നാൽ പ്രളയം, ഭൂകമ്പം, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയിൽ പെട്ട് ഡേറ്റ സെന്ററുകൾക്ക് കേടുപാടുണ്ടായാൽ വെബ്സൈറ്റുകളും പോർട്ടലുകളും ആപ്പുകളും സുപ്രധാന ഡേറ്റയുമെല്ലാം നഷ്ടമാകും. ഈ സാഹചര്യം മുന്നിൽ കണ്ടാണ് ഡിസാസ്റ്റർ റിക്കവറി (ഡി.ആർ) എന്ന പേരിലെ പുതിയ നീക്കം. ഇത്രനാളും ഡി.ആർ ഇല്ലാതെ ഡേറ്റ സെന്റർ പ്രവർത്തിച്ചുവെന്നത് വലിയ സുരക്ഷ വെല്ലുവിളി കൂടിയായിരുന്നു.
പ്രകൃതിദുരന്തങ്ങൾ സംസ്ഥാനമൊന്നാകെ ബാധിക്കാമെന്നതിനാലാണ് ബദൽ സൗകര്യത്തിന് മറ്റ് ജില്ലകൾ പരിഗണിക്കാതെ കേരളത്തിന് പുറത്തെ സാധ്യതകൾ പരിശോധിക്കുന്നത്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ സർക്കാർ -പൊതുമേഖല സെർവറുകളിലേക്ക് ഡേറ്റകൾ ബാക് അപ് ചെയ്യാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.