വിവാദ ഹരജി പിൻവലിക്കാൻ അനുമതി തേടൽ: ഐ. ജി ലക്ഷ്മണിന്​ ഹൈകോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ആരോപണങ്ങളുന്നയിച്ച് സമർപ്പിച്ച ഹരജി പിൻവലിക്കാൻ അനുമതി തേടിയ പുരാവസ്തു തട്ടിപ്പു കേസിൽ പ്രതിയായ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന്​ ഹൈകോടതിയുടെ രൂക്ഷ വിമർശനം. ഹരജിയിലെ പരാമർശങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കാതെ അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാവില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ വിമർശിച്ചു.

അഭിഭാഷകനെ കുറ്റപ്പെടുത്തിയുള്ള സത്യവാങ്മൂലം ഒഴിവാക്കി പുതിയ സത്യവാങ്മൂലം നൽകാനും തുടർന്ന്​ കോടതി നിർദേശിച്ചു. ഹരജിയിലെ വിവാദ പരാമർശം തന്‍റെ അറിവില്ലാതെ അഭിഭാഷകൻ കൂട്ടിച്ചേർത്തതാണെന്ന് വിശദീകരിച്ചാണ് ഇത്​ പിൻവലിക്കാൻ മറ്റൊരു അഭിഭാഷകൻ മുഖേന ലക്ഷ്മൺ അനുമതി തേടിയത്​.

മോൻസൺ മാവുങ്കൽ പ്രധാന പ്രതിയായ കേസിൽ സാമ്പത്തിക തട്ടിപ്പ്​ നടത്തിയെന്ന്​ ആരോപിച്ച്​ ക്രൈംബ്രാഞ്ച് തന്നെ പ്രതി ചേർത്തത്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി നേരത്തെ വിവാദമായിരുന്നു. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് അസാധാരണ ഭരണഘടന അതോറിറ്റി പ്രവർത്തിക്കുന്നതായി ലക്ഷ്മൺ നൽകിയ ഹരജിയിൽ ആരോപിച്ചിരുന്നു. ഹൈകോടതി ആർബിട്രേറ്റർമാർക്ക് പരിഹരിക്കാൻ നൽകുന്ന തർക്കങ്ങൾ പോലും പരിഹരിക്കുന്നത് ഇവരാണെന്നും മോൻസൺ ഹരജിയിൽ ആരോപിച്ചിരുന്നു.

വിവാദമായതോടെ അഭിഭാഷകനെ പഴിചാരിയാണ്​ ഹരജി പിൻവലിക്കാൻ അനുമതി തേടിയത്​. എന്നാൽ, അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ നോക്കരുതെന്ന്​ കോടതി ഹരജിക്കാരന്​ മുന്നറിയിപ്പ്​ നൽകി. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇങ്ങനെ പറയുന്നത്​ കോടതി നടപടികൾ പ്രഹസനമാക്കുന്നതിന്​ തുല്യമാണ്​. ഈ ആരോപണങ്ങൾ അഭിഭാഷകന്‍റെ ഭാവിയെ ബാധിക്കുന്നതാണ്. അതിനാൽ, ഈ വിശദീകരണമടങ്ങുന്ന സത്യവാങ്മൂലം പിൻവലിച്ച്​ പുതിയതു നൽകണമെന്നും അല്ലാത്തപക്ഷം കനത്ത പിഴ ചുമത്തേണ്ടി വരുമെന്നും കോടതി വ്യക്​തമാക്കി.

അതേസമയം, ഈ കേസുമായി ബന്ധപ്പെട്ട്​ സസ്‌പെൻഡ് ചെയ്തതിനെതിരെ ഐ.ജി ലക്ഷ്‌മൺ നൽകിയ ഹരജിയിൽ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാറിന്‍റെ വിശദീകരണം തേടി.

Tags:    
News Summary - Seeking permission to withdraw the impugned petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.