കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകുന്ന നിയമനിര്‍മാണം വൈകുന്നതിനാല്‍ ഫീസടക്കാനാവാതെ ദുരിതത്തില്‍. സാമ്പത്തികമായി പിന്നാക്കമായ സ്വാശ്രയ മെഡിക്കല്വിദ്യാര്ഥികള്ക്കുള്ള ആനുകൂല്യങ്ങള്‍ ഹൈകോടതി ഉത്തരവ് കാരണം നിര്‍ത്തിയതാണ് തിരിച്ചടിയായത്. പകരം നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നടന്നതുമില്ല. എന്‍.ആര്.ഐ വിദ്യാര്‍ഥികളുടെ ഫീസില്‍നിന്ന് ഒരു ഭാഗം ദരിദ്ര വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്ന് ഇനാംദാര്‍ കേസില്‍ 2005ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇത്തരം വിദ്യാര്‍ഥികളുടെ ഫീസിനാവശ്യമായ തുക കണ്ടെത്താനും സൂക്ഷിക്കാനും വിതരണം ചെയ്യാനും നിയമനിര്‍മാണം നടത്തണമെന്നും നിര്‍ദേശിച്ചു. 2017ന് മറ്റൊരു വിധിയിലും സുപ്രീംകോടതി ഇത് ആവര്‍ത്തിച്ചു. എന്‍.ആര്.ഐ േക്വാട്ടയില്‍ യഥാര്‍ഥ എന്‍.ആര്.ഐകളുടെ മക്കളാണോ പഠിക്കുന്നതെന്നും ചോദിച്ചിരുന്നു.
കേരളത്തില്‍ ഫീസ് നിര്‍ണയ സമിതി സുപ്രീംകോടതി നിര്‍ദേശം 2017 മുതല്‍ നടപ്പാക്കാന്‍ ശ്രമം തുടങ്ങിയതാണ്. എന്‍.ആര്.ഐ വിദ്യാര്‍ഥികളുടെ ഫീസായ 20 ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷം രൂപ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളുടെ ഫീസായി കണ്ടെത്തണമെന്നായിരുന്നു സമിതി നിര്‍ദേശം.
ഇതുസംബന്ധിച്ച് 2018ല്‍ സര്‍ക്കാര്‍ ചട്ടം കൊണ്ടുവന്നത് ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമായിരുന്നു. ബജറ്റ് വിഹിതവും എന്‍.ആര്.ഐ വിദ്യാര്‍ഥികളില്‍നിന്ന് പിരിച്ച അഞ്ച് ലക്ഷം രൂപ വീതവുമുള്ള സഞ്ചിത നിധിയാണ് ഒരുക്കിയത്. വിവിധ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 2017-18 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിച്ചിരുന്നു.
203 കുട്ടികളാണ് ആനുകൂല്യത്തിനായി അന്ന് അപേക്ഷിച്ചത്. 65 പേരെ അതത് ജില്ല കലക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ആ വര്‍ഷം തിരഞ്ഞെടുത്തു. 20018-19ലും 2019-2020ലും അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയില്ല. ഇതിനിടയിലാണ് കഴിഞ്ഞ ജൂലൈയില്‍ കേരള ഹൈകോടതി വിധിയുണ്ടായത്. എന്‍.ആര്.ഐ വിദ്യാര്‍ഥികളില്‍നിന്ന് പണം സ്വീകരിച്ച് സഞ്ചിത നിധിയുണ്ടാക്കാന്‍ ഭരണപരമായ ഉത്തരവ് പോരാ, നിയമനിര്‍മാണം തന്നെ വേണമെന്നാണ് ഹൈകോടതി നിര്‍ദേശിച്ചത്. അഞ്ചു ലക്ഷം വീതം പിരിക്കരുതെന്നും നിര്‍ദേശിച്ചതോടെ സഞ്ചിതനിധിയിലേക്ക് പണം കണ്ടെത്താന്‍ സര്‍ക്കാറും ബുദ്ധിമുട്ടുകയാണ്. സഞ്ചിതനിധിയില്‍ സര്‍ക്കാര്‍ വിഹിതം വളരെ കുറവായതിനാല്‍ സാമ്പത്തികമായി പിന്നാക്കമായ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ബുദ്ധിമുട്ടിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.