തിരുവനന്തപുരം: കൊല്ലം അസീസിയ മെഡിക്കല്‍ കോളജിൽ സാമുദായിക സീറ്റുകളിൽ പ്രവേശനത്തിന് മതസംഘടനകളുടെ കത്ത് രേഖയായി സ്വീകരിക്കാൻ പ്രവേശന പരീക്ഷാ കമീഷണറുടെ ഉത്തരവ്. ഇതുസംബന്ധിച്ച് നേരത്തേ ഇറക്കിയ ഉത്തരവ് വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് പിൻവലിച്ചിരുന്നു. കോളജ് മാനേജ്മെൻറ് സമർപ്പിച്ച ഹരജിയിൽ ഹൈകോടതി വിധി പ്രകാരമാണ് അസീസിയ കോളജിൽ മതസംഘടനകളുടെ കത്ത് രേഖയായി സ്വീകരിക്കാൻ തീരുമാനിച്ചതെന്നാണ് പ്രവേശന പരീക്ഷാ കമീഷണറും ആരോഗ്യവകുപ്പും വിശദീകരിക്കുന്നത്.
അസീസിയ മെഡിക്കൽ കോളജിലെ 100 എം.ബി.ബി.എസ് സീറ്റുകളിൽ 35 എണ്ണമാണ് മുസ്ലിം സാമുദായിക േക്വാട്ടയിൽ നികത്തുന്നത്. ഇതിൽ 20 സീറ്റ് കേരളത്തിലെ മുസ്ലിം ജമാഅത്ത് അംഗങ്ങളുടെ മക്കൾക്കും 15 സീറ്റ് സുന്നി വിഭാഗത്തിൽനിന്നുള്ളവരുടെ മക്കൾക്കുമാണ്. 20 സീറ്റിലേക്ക് കൊല്ലം കേരള ജമാഅത്ത് ഫെഡറേഷനും 15 സീറ്റിലേക്ക് കൊല്ലം കേരള സുന്നി ജമാഅത്ത് യൂനിയനുമാണ് രേഖ നൽകേണ്ടത്. റവന്യൂ അധികാരികൾ നൽകുന്ന കമ്യൂണിറ്റി സർട്ടിഫിക്കറ്റിന് പുറമേയാണിത്.
ന്യൂനപക്ഷ വിഭാഗം നടത്തുന്ന മെഡിക്കൽ കോളജുകളിലെ സാമുദായിക സീറ്റുകളിൽ മുസ്ലിം ഉപവിഭാഗം എന്ന പരിഗണനയിൽ മതസംഘടനകൾക്ക് സംവരണം ഒരുക്കിയത് ‘മാധ്യമം’ വാർത്തയെ തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് റദ്ദ് ചെയ്തിരുന്നു. മെഡിക്കൽ പ്രവേശനത്തിന് മതസംഘടനകളിൽനിന്ന് കത്ത് നൽകാനുള്ള ഉത്തരവിലെ വ്യവസ്ഥയാണ് വിവാദമായിരുന്നത്. പുതുക്കിയ ഉത്തരവിറക്കിയപ്പോൾ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് സമുദായം തെളിയിക്കാൻ റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റ് മാത്രം രേഖയാക്കാൻ തീരുമാനിച്ചു.
എന്നാൽ, ഇതിനെതിരെ ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെൻറ് ഫെഡേറഷൻ കോടതിയെ സമീപിച്ചു. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സമുദായം തെളിയിക്കാൻ സഭ അധികാരികളിൽനിന്നുള്ള രേഖ മതിയെന്ന് കോടതി നിർദേശിച്ചു. ഇതോടൊപ്പം കൊല്ലം അസീസിയ കോളജും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ റദ്ദാക്കിയ ഉത്തരവിൽ കോഴിക്കോട് കെ.എം.സി.ടി, കണ്ണൂർ, ട്രാവൻകൂർ മെഡിക്കൽ കോളജുകളിലും വിവിധ മതസംഘടനകൾക്ക് സീറ്റ് സംവരണം നൽകിയിരുന്നു. പുതുക്കിയ ഉത്തരവിൽ ഇൗ കോളജുകളിൽ സമുദായം തെളിയിക്കാൻ റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റ് മാത്രമാണ് രേഖ.
അതേസമയം, ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെൻറുകള്‍ക്ക് കീഴിലെ ആറ് മെഡിക്കല്‍/ഡെൻറല്കോളജുകളിലെ സാമുദായിക സംവരണത്തിന് സഭാധികാരികളുടെ കത്ത് മാത്രമാണ് ബാധകമാക്കിയത്. അമല, ജൂബിലി, മലങ്കര, പുഷ്പഗിരി, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജുകള്‍ക്കും പുഷ്പഗിരി ഡെൻറല്‍ കോളജിനുമാണ് പുതിയ ഉത്തരവ് ബാധകം. സഭാ അംഗത്വം സംബന്ധിച്ച് റവന്യൂ അധികാരികള്‍ സര്‍ട്ടിഫിക്കറ്റ് നൽകുന്നത് പ്രായോഗികമല്ലെന്നും ചില കോളജുകള്‍ സഭക്കുള്ളിലെതന്നെ പ്രത്യേക രൂപതകളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നൽകുന്നുണ്ടെന്നും മാനേജ്മെൻറുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ ദീര്‍ഘിപ്പിച്ചിരുന്നു.
അതേസമയം, പെരിന്തല്‍മണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജുകളില്‍ 35 ശമതമാനം മാനേജ്മെൻറ് സീറ്റുകളിലെ പ്രവേശനത്തിന് നാലുവര്‍ഷത്തെ ഫീസിന് ബാങ്ക് ഗാരൻറിയും 11 ലക്ഷത്തിെൻറ പലിശരഹിത നിക്ഷേപവും നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കിയും പ്രവേശന പരീക്ഷാ കമീഷണര്‍ ഉത്തരവിറക്കിയിരുന്നു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇതും. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട ഈ രണ്ടുകോളജുകളിലെ എന്‍.ആര്‍.ഐ സീറ്റിലേക്ക് ബാങ്ക് ഗാരൻറിയും പലിശരഹിത നിക്ഷേപവും നൽകണമെന്ന വ്യവസ്ഥ നിലനിര്‍ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.