തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തുകയും ഫീസ് നിശ്ചയിക്കുന്നതും വ്യവസ്ഥ ചെയ്യുന്ന 2017ലെ കേരള മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും)ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ സ്തംഭിച്ചതിനാൽ ബില്ലിൻമേലുള്ള ചർച്ച നടന്നില്ല.
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി, വർഗത്തിലും മറ്റു പിന്നാക്ക സമുദായങ്ങളിൽപെട്ട വിദ്യാർഥികൾക്ക് സീറ്റ് സംവരണം ചെയ്യുന്നതും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളിലെ കോഴ്സുകളിലേക്കുള്ള പ്രവേശനപ്രക്രിയക്ക് മേൽനോട്ടം വഹിക്കുന്നതിനും മാർഗനിർദേശം നൽകുന്നതിനും ഫീസ് തീരുമാനിക്കുന്നതിനും പ്രവേശനവും ഫീസ് നിയന്ത്രണവും എന്ന സമിതി രൂപവത്കരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. സുപ്രീം കോടതിയിൽനിന്നോ ഹൈകോടതിയിൽനിന്നോ വിരമിച്ച ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി മെംബർ സെക്രട്ടറിയാണ്. ആരോഗ്യവും കുടുംബക്ഷേമവും, നിയമം, വകുപ്പുകളുടെ സെക്രട്ടറിമാർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, പ്രവേശനപരീക്ഷാ കമീഷണർ എന്നിവർ എക്സ് ഒഫിഷ്യോ അംഗങ്ങളാണ്.
ഐ.എം.എ പ്രതിനിധി, വിദ്യാഭ്യാസവിദഗ്ധൻ, പട്ടികജാതിയിലോ-വർഗത്തിലോപെട്ട വിദ്യാഭ്യാസ വിദഗ്ധൻ, ചാർട്ടേഡ് അക്കൗണ്ടൻറ് എന്നീ അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്യുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവരുടെ കാലാവധി മൂന്നുവർഷമായിരിക്കും. എന്നാൽ, സർക്കാറിന് ആവശ്യമുണ്ടെങ്കിൽ ഇവരെ വീണ്ടും നിയമിക്കാം. സ്വകാര്യ എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനവുമായി ബന്ധമുള്ളവരെ സമിതിയിൽ അംഗമാക്കില്ല. ഓരോ കോഴ്സിലേയും ഫീസ് ഈ സമിതിയാണ് തീരുമാനിക്കേണ്ടത്. പ്രവേശനം, ഫീസ് എന്നീ കാര്യങ്ങളിൽ പരാതിയുണ്ടായാൽ അന്വേഷിക്കുന്നതിന് സമിതിക്ക് സിവിൽ കോടതിയുടെ അധികാരം നൽകിയിട്ടുണ്ട്. ഭരണഘടന പ്രകാരമുള്ള സംവരണവും ഉറപ്പാക്കണം. ഫീസ് നിശ്ചയിക്കുന്നതിന് ചില മാനദണ്ഡങ്ങളും സമിതി ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ കോഴ്സിെൻറ സ്വഭാവം, സ്ഥലത്തിെൻറയും കെട്ടിടത്തിെൻറയും മുതൽമുടക്ക്, സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലം, നടത്തിപ്പ് ചെലവ് എന്നിവ കണക്കിലെടുത്തായിരിക്കണം ഫീസ് നിശ്ചയിക്കേണ്ടത്. ഇതിനു മുമ്പായി സ്ഥാപന അധികാരികളുടെ ഭാഗം കൂടി കേൾക്കണം.
ഏതെങ്കിലും സ്വകാര്യ മെഡിക്കൽ സ്ഥാപനം വ്യവസ്ഥകൾക്കുവിരുദ്ധമായി പ്രവേശനം നടത്തുകയോ നിശ്ചയിക്കപ്പെട്ടതിൽ കൂടുതൽ ഫീസ് ചുമത്തിയെന്ന് തെളിഞ്ഞാൽ സമിതി അന്വേഷണം നടത്തണം. സ്ഥാപനത്തിൽ പരിശോധന നടത്താനും നടപടിയെടുക്കാനും അധികാരമുണ്ടായിരിക്കും. സമിതി നിശ്ചയിക്കുന്ന ഫീസ് ഒരാൾ കോഴ്സ് പൂർത്തിയാക്കുന്നതു വരെ പരിഷ്കരിക്കാൻ പാടില്ല. ഒരു അധ്യയന വർഷം ഒരു വർഷത്തെ ഫീസിലധികം ഈടാക്കാനും പാടില്ല. ഇത്തരത്തിൽ ഈടാക്കുന്നത് തലവരിപ്പണമായി കണക്കാക്കി നടപടിയെടുക്കും. സമിതിയുടെ വ്യവസ്ഥകൾ ലംഘിച്ചാൽ 10 ലക്ഷം രൂപയും പ്രതിവർഷം 12 ശതമാനം എന്ന നിരക്കിൽ ഇതിെൻറ പലിശയും ചേർത്ത് ഈടാക്കും. കൂടുലായി ഈടാക്കുന്ന ഫീസ് സമിതി നിർദേശപ്രകാരം തിരിച്ചു നൽകണം. ഇതു ചെയ്യാത്ത പക്ഷം വർഷം 12 ശതമാനം നിരക്കിൽ പലിശസഹിതം വിദ്യാർഥിക്ക് നൽകണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഏതെങ്കിലും കോഴ്സിലേക്ക് പ്രവേശനം നിർത്തിവെക്കാനോ അനുവദിക്കപ്പെട്ട സീറ്റുകളുടെ എണ്ണം കുറക്കാനോ സ്ഥാപനത്തോട് ആവശ്യപ്പെടാനോ സ്ഥാപനത്തിെൻറ അംഗീകാരം പിൻവലിക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യാനോ സമിതിക്ക് അധികാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.