തൊടുപുഴ: ബസ് ജീവനക്കാർക്കും മറ്റും രഹസ്യമായി നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിച്ചുനൽകിയിരുന്ന സുവിശേഷ പ്രസംഗകൻ അറസ്റ്റിൽ. കോലാനി പാറക്കടവ് ഭാഗത്ത് താമസിക്കുന്ന പുത്തൻമണ്ണത്ത് വീട്ടിൽ പൗലോസ് പൈലിയാണ് (68) അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഏഴിന് തൊടുപുഴ പ്രൈവറ്റ് സ്റ്റാൻഡിൽ ബസ് ജീവനക്കാർക്ക് നിരോധിത ഉൽപന്നങ്ങൾ വിൽക്കവെ തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
പ്രതിയുടെ ദേഹപരിശോധനയിൽ 97 പാക്കറ്റും വീട്ടിൽനിന്ന് 376 പാക്കറ്റും നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു.പിടിയിലാകുമ്പോൾ 97 ഹാൻസ് പാക്കറ്റുകൾ ബനിയനുള്ളിലും പാന്റിന്റെ നാല് പോക്കറ്റിലും അടിവസ്ത്രത്തിലും പൊതികളാക്കി സൂക്ഷിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളിൽ 30 രൂപക്ക് കിട്ടുന്ന ഒരു പാക്കറ്റ് 50 രൂപക്കാണ് വിറ്റിരുന്നത്. മഫ്തിയിൽ എത്തിയ പൊലീസ് സംഘത്തെ തിരിച്ചറിയാതെ വിൽപന തുടർന്നതാണ് പ്രതി പിടിയിലാകാൻ കാരണം.
തുടർന്ന് പ്രതിയുമായി പാറക്കടവിലെ വീട്ടിലെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഇരുപതിനായിരത്തോളം രൂപ വിലവരുന്ന ഹാൻസ് പാക്കറ്റുകൾ കണ്ടെത്തി. ഇവ ചാക്കിലാക്കി കിടപ്പുമുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
സുവിശേഷ പ്രസംഗകനായി നാട്ടിൽ അറിയപ്പെടുന്ന പ്രതി ദിവസവും ഉച്ച വരെ ബസ് സ്റ്റാൻഡിൽ ഹാൻസ് വിൽപനയും ഉച്ചക്കുശേഷം സുവിശേഷ പ്രസംഗത്തിലും ഏർപ്പെട്ടുവരുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എസ്. അരുൺകുമാറും സിവിൽ പൊലീസ് ഓഫിസർ പി.എസ്. സുമേഷും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.