കോഴിക്കോട്: സിനിമ രംഗത്ത് പ്രവർത്തിക്കുന്ന വനിതകളുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിനെതിരെ പൊലീസുകാരന്റെ കുറിപ്പ്്. പണിയെടുത്ത ജീവനക്കാരന് കൂലി കൊടുക്കാതെ പ്രതികാരം ചെയ്യുന്ന കേരളത്തിലെ ഒരേയൊരു പോലീസ് അധികാരിയാണ് സിനിമാ തൊഴിലിടത്തിലെ പരാതി പരിഹരിക്കാൻ നിയോഗിച്ച പ്രത്യേക സംഘത്തിലെ ഒരു പ്രധാനിയെന്ന് സിവിൽ പൊലീസ് ഓഫിസറായ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘പൊലീസിലെ ഗുണ്ടാബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയതിന് എന്നെ സസ്പെൻഡ് ചെയ്യുകയും, കഞ്ചാവ് വിൽപന കേസിലെ വാറണ്ട് പ്രതിയെ എസ്.എച്ച്.ഒ രക്ഷപ്പെടുത്തി വിട്ട ക്രിമിനൽ കുറ്റം ചൂണ്ടിക്കാണിച്ചതിന് മാസങ്ങളായി ശമ്പളം തടഞ്ഞ് വെക്കുകയും, കേസെടുക്കാതെ എസ്.എച്ച്.ഒയെ സംരക്ഷിക്കുകയും ചെയ്ത ഏമാനാണ് സിനിമാ തൊഴിലിടത്തിലെ പരാതി പരിഹരിക്കാൻ നിയോഗിച്ച പ്രത്യേക സംഘത്തിലെ ഒരു പ്രധാനി! പണിയെടുത്ത ജീവനക്കാരന് കൂലി കൊടുക്കാതെ പ്രതികാരം ചെയ്യുന്ന കേരളത്തിലെ ഒരേയൊരു പോലീസ് അധികാരി! കണ്ടറിയണം കോശീ...’ എന്നാണ് കുറിപ്പിൽ പറയുന്നത്.
മലയാള സിനിമ മേഖലയെ പിടിച്ചുലച്ച ലൈംഗികാരോപണങ്ങൾ തുടരുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനാണ് ചുമതല. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ നാല് വനിത ഐ.പി.എസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടുന്ന ഏഴംഗസംഘമാണ് അന്വേഷിക്കുക. ഡി.ഐ.ജി അജിത ബീഗം, ക്രൈംബ്രാഞ്ച് എസ്.പി മെറിൻ ജോസഫ്, കോസ്റ്റൽ പൊലീസ് എ.ഐ.ജി ജി. പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്റെ, ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി വി. അജിത്ത്, ക്രൈംബ്രാഞ്ച് എസ്.പി മുധുസൂദനൻ എന്നിവരാണ് മറ്റംഗങ്ങൾ.
നിലവിലെ ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണമാണ് നടക്കുക. വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകളെ സംഘം അങ്ങോട്ടു ബന്ധപ്പെടുകയും വിശദാംശങ്ങൾ തേടുകയുംചെയ്യും. പരാതിയുമായി മുന്നോട്ടുപോകാനും മൊഴി നൽകാനും താൽപര്യമുണ്ടോ എന്നും ചോദിക്കും. ഇവർ മൊഴി നൽകിയാൽ തുടരന്വേഷണമുണ്ടാകും.
ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്തിനും ‘അമ്മ’ ജനറൽ സെക്രട്ടറിയായിരുന്ന നടന് സിദ്ദിഖിനുമെതിരായ ആരോപണങ്ങളാണ് തുടക്കത്തിൽ അന്വേഷിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളും അന്വേഷണപരിധിയിൽ വരുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.