ന്യൂഡൽഹി: തന്നെ വീണ്ടും ഡി.ജി.പിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് അനുസരിക്കാത്ത സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോെക്കതിരെ ടി.പി. സെൻകുമാർ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തു. കോടതി ഉത്തരവ് ധിക്കരിക്കുന്ന നളിനി നെറ്റോക്കെതിരെ മുമ്പ് കോടതിയലക്ഷ്യത്തിന് കർണാടക ചീഫ് സെക്രട്ടറിയെ ജയിലിലടച്ചതുപോലെ കർശന നടപടിയെടുക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. കേസിൽ സംസ്ഥാന സർക്കാർ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, കേന്ദ്ര സർക്കാർ എന്നിവരും കക്ഷികളാണ്.
പരമോന്നത കോടതിയുടെ ഉത്തരവിനോട് ബോധപൂർവം അനുസരണക്കേട് കാണിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയലക്ഷ്യ ഹരജിയുമായി സമീപിക്കുന്നതെന്ന് സെൻകുമാർ അഡ്വ. ഹാരിസ് ബീരാൻ മുഖേന സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു. ഡി.ജി.പി സ്ഥാനത്തുനിന്ന് തന്നെ മാറ്റാൻ 2016 ജൂൺ 26ന് റിപ്പോർട്ട് നൽകിയ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് കോടതി ഉത്തരവ് നടപ്പാക്കാതെ കോടതിയലക്ഷ്യം കാട്ടുന്നത്. അതിനാൽ, 1995ലെ ടി.ആർ. ധനഞ്ജയയും ജെ. വാസുദേവനും തമ്മിലുള്ള കേസിൽ കർണാടക ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യത്തിന് ജയിൽശിക്ഷ നൽകിയതുപോലെ നളിനി നെറ്റോക്കെതിരെ കർക്കശ നടപടിയെടുക്കണമെന്നും സെൻകുമാർ ബോധിപ്പിച്ചു.
തന്നെ പുനർനിയമിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ഏപ്രിൽ 24ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാണ്. തുടർനടപടി ആവശ്യപ്പെട്ട് ഏപ്രിൽ 25ന് താൻ സർക്കാറിന് കത്തയക്കുകയും ചെയ്തു. ജൂൺ 30ന് സർവിസിൽനിന്ന് വിരമിക്കാനുള്ള ആളെന്ന നിലയിലാണ് സുപ്രീംകോടതി തെൻറ ഉത്തരവ് അടിയന്തരമായി പരിഗണിച്ച് തീർപ്പാക്കിയത്. എന്നാൽ, അധികാരസ്ഥാനത്തുള്ള വ്യക്തി ബോധപൂർവമായി ഉത്തരവ് നീട്ടിക്കൊണ്ടുപോകുകയാണ്.
മേയ് ഒമ്പതിന് സുപ്രീംകോടതി വേനൽക്കാല അവധിക്ക് പിരിയുമെന്നും പിന്നീട് ജൂലൈ മൂന്നിനാണ് തുറക്കുകയെന്നും ബോധിപ്പിച്ച സെൻകുമാർ, വിധിയുടെ ഗുണഫലം തനിക്ക് അനുഭവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തി. അതിനാൽ, നിയമവിരുദ്ധമായി പരാതിക്കാരനിൽനിന്ന് അപഹരിച്ച ഒരു വർഷത്തെ കാലാവധി റിട്ടയർമെൻറ് പരിഗണിക്കാെത തിരിച്ചുനൽകണമെന്നും സെൻകുമാർ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.