തിരുവനന്തപുരം: വിമാനത്താവളത്തിലെ സേവന നിരക്കുകൾ കുത്തനെ കൂട്ടി. ജൂലൈ ഒന്നുമുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ചൂണ്ടിക്കാട്ടി എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു കയറുന്ന ആഭ്യന്തരയാത്രികരുടെ യൂസർ ഡെവലപ്മെന്റ് ഫീസ് 506 രൂപയായിരുന്നത് 770 രൂപയാക്കി. ഇറങ്ങുന്ന യാത്രാക്കാരുടേത് 330 രൂപയും.
2024 ജൂലൈ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ളതാണ് ഈ നിരക്ക്. 2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെ നിരക്ക് വീണ്ടും വർധിക്കും. അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് ഇരട്ടപ്രഹരമാണ്. ആഭ്യന്തര യാത്രക്കാർ നൽകുന്നതിന്റെ ഇരട്ടി അന്താരാഷ്ട്ര യാത്രക്കാർ നൽകണം.
ഭക്ഷണം, പാനീയം, മറ്റ് സാധനങ്ങളുടെ വിൽപന ഇനത്തിൽ വരും വർഷങ്ങളിൽ 102 കോടി വരുമാനമേ കിട്ടൂ എന്ന വിമാനത്താവളത്തിന്റെ നിരീക്ഷണം അതോറിറ്റി തള്ളി. 392 കോടി വരുമാനം ലഭിക്കുമെന്നാണ് നിഗമനം. വിമാനങ്ങളുടെ ലാൻഡിങ് ചാർജും കൂട്ടിയിട്ടുണ്ട്. വിമാനഭാരം ടണ്ണിന് 309 രൂപയായിരുന്നത് 890 രൂപയാക്കി. പാർക്കിങ് ചാർജും കൂട്ടി.
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിൽ ടെർമിനൽ വിപുലീകരണം ഉൾപ്പെടെ 1200 കോടി രൂപ ചെലവിടാൻ എ.ഇ.ആർ.എ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് സേവനനിരക്കുകളിൽ മാറ്റം വരുത്തിയതെന്നാണ് വിമാനത്താവള അധികൃരുടെ വിശദീകരണം. 2016 മുതൽ 2022 വരെയുള്ള കാലയളവിൽ എയർപോർട്ട് അതോറിറ്റിക്കുണ്ടായ നഷ്ടം നികത്താൻ 902 കോടി രൂപ അദാനി എയർപോർട്ട് മുൻകൂർ നൽകണം. ഇതു കൂടി കണക്കിലെടുത്താണ് പുതിയ താരിഫ്.
ഇതു പ്രകാരം വിദേശത്തു നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രവാസികൾ നൽകേണ്ടി വന്നിരുന്ന അധിക തുക ഒഴിവാക്കി. നേരത്തെ 2200 രൂപയോളം യൂസേഴ്സ് ഫീ നൽകണമായിരുന്നു. യൂസേഴ്സ് ഫീ ഒഴിവാക്കണമെന്നത് പ്രവാസി സംഘടനകളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്.
തിരുവനന്തപുരം: വിമാനത്താവളത്തിലെ യൂസർ ഡെവലപ്മെന്റ് ഫീസ് വർധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം. പി കേന്ദ്ര വ്യോമയാനമന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡുവിന് കത്തയച്ചു. നിരക്ക് വർധന വ്യോമയാനമേഖലയെയും സമ്പദ്ഘടനയെയും ദോഷകരമായി ബാധിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെയും ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങളിലെയും വരുമാനവും സേവനനിരക്കുകളും കത്തിൽ താരതമ്യപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.