കോഴിക്കോട് :സേതുമാധവ വാര്യർ ആദിവാസി ഭൂമി കൈയേറിയതിനെതിരെ ഗവർണർക്ക് പരാതി. പ്രിയനന്ദനൻ സംവിധാനം ചെയ്ത 'ധബാരി കുരുവി' എന്ന സിനിമയിൽ ഊരു മൂപ്പത്തിയായി അഭിനയിച്ച 63കാരിയായ ചെല്ലമ്മയാണ് പരാതി അയച്ചത്. മുൻ മന്ത്രി കെ.ടി ജലീൽ അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിച്ച മാധവവാര്യർ തന്നെയാണ് ഭൂമി കൈയേറിയതെന്ന് ആദിവാസികൾ പറയുന്നു. അട്ടപ്പാടിയിൽ എച്ച്.ആർ.ഡി.എസുമായി ചേർന്നാണ് സേതുമാധവ ഫൗണ്ടേഷന്റെ പ്രവർത്തനം.
അട്ടപ്പാടി കോട്ടത്തറ വില്ലേജിൽ ചെല്ലമ്മയുടെ മുത്തഛൻ നഞ്ചന്റെ 3.90 ഏക്കർ (51.58 ഹെക്ടർ)ഭൂമിയും (സർവേ നമ്പരിൽ 1241/2) അതിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയും (സർവേ നമ്പർ-1240) മഹാരാഷ്ട്ര സോളിറ്റർ ഗ്രൂപ്പ് കൈയേറിയെന്നാണ് പരാതി. ഈ സ്ഥാപനം സേതുമാധവ വാര്യരുടേതാണ്. അതേസമയം മണ്ണാർക്കാട് കോടതിയിൽ ആദിവാസികളുടെ പേരിൽ ഭൂമി സംബന്ധിച്ച് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ ഒരു ദിവസം അത് പിൻവലിച്ചു. തുടർന്നാണ് ഭൂമിയിൽ കൈയേറ്റം നടത്തി മതിൽ സ്ഥാപിച്ചത്. ഭൂമിയുടെ ഉടമയായ നഞ്ചൻ ആർക്കും ഭൂമി കൈമാറുകയോ വിൽപനയോ ചെയ്തിട്ടില്ല.
എന്നാൽ ,കോട്ടത്തറ വില്ലേജ് ഓഫിസിലെയും ഒറ്റപ്പാലം ആർ.ഡി.ഒ ഓഫിസിലെയും പാലക്കാട് കലക്ടറേറ്റിലെയും ഉദ്യോഗസ്ഥർ മാധവ വാര്യ ഫൗണ്ടേഷന് മുന്നിൽ കീഴടങ്ങി. അവരെല്ലാം അന്യാധീനപ്പെട്ട ആദിവാസി ഭൂമിയുടെ കാര്യത്തിൽ കൈയേറ്റക്കാർക്കൊപ്പമാണ്. ഈ ഉദ്യോഗസ്ഥ സംഘത്തിൽനിന്ന് ആദിവാസികൾക്ക് ഒരിക്കലും നീതി ലഭിച്ചിട്ടില്ല.
കോടതിയിൽനിന്ന് കേസ് പിൻവലിച്ചതിനാൽ ഭൂമിയെ സംബന്ധിച്ച രേഖൾ വ്യജമാണെന്ന് തെളിയിക്കാനുള്ള അവസരവും ആദിവാസികൾക്ക് നഷ്ടമായി. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചാണ് മാധവവാര്യർ ആദിവാസി ഭൂമി തട്ടിയെടുത്തത്. ആദിവാസിയായ നഞ്ചൻ ഈ ഭൂമി വിൽപ്പന നടത്തിയതായിട്ടുള്ള എന്തെങ്കിലും രേഖ കണ്ടെത്താൻ അന്വേഷണം നടത്തണം. നഞ്ചൻ മൂപ്പന്റെ അവകാശികൾക്ക് ലഭിക്കേണ്ട ഭൂമിയാണ് മാധവവാര്യർ കൈയേറിയിരിക്കുന്നത്. അതിനാൽ ചെല്ലക്കും കുടുംബത്തിനും ഭൂമി തിരിച്ചുപിടിച്ച് നൽകണമെന്നാണ് ഗവർണറോട് കത്തിൽ ചെല്ലമ്മ ആവശ്യപ്പെട്ടത്.
അട്ടപ്പാടിയിലെ ആദിവാസികൾ പൊതുവിൽ സ്വന്തം ഭൂമിക്ക് വില്ലേജ് ഓഫിസിൽ നികുതി അടക്കാറില്ല. പാരമ്പര്യമായി ഭൂമി ഉപയോഗിക്കുന്നതിനാൽ സ്വന്തം പേരിലേക്ക് ഭൂരിഭാഗം പേരും ആധാരം മാറ്റിയിട്ടില്ല. മരമോ കല്ലോ അതിർത്തി തിരിച്ച് ഭൂമിയുടെ അതിർത്തി കണക്കാക്കുന്നൊരു വ്യവസ്ഥയാണ് ഇപ്പോഴുമുള്ളത്. ആദിവാസികൾ തമ്മിൽ ഭൂമിക്ക് തർക്കങ്ങളും ഉണ്ടാകാറില്ല. ഇതെല്ലാം ഭൂമാഫിയക്ക് വലിയ സഹായമാണ്.
സബ് രജിസ്റ്റാർ ഓഫിസിലും വില്ലേജ് ഓഫിസിലും ആദിവാസികൾ പോകാറില്ല. എന്നാൽ ഭൂമി കൈയേറ്റക്കാർ ഈ രണ്ട് ഓഫിസിലും സ്ഥിരമായിട്ടുണ്ട്. നല്ലശിങ്കയിലെ പല ആദിവാസികളുടെയും ഭൂമി പുറത്തുള്ളവർ 1986ന് മുമ്പുള്ള വ്യാജ ആധാരമുണ്ടാക്കി നിരവധി തവണ കൈമാറിയതായി രേഖയുണ്ടാക്കി. വർഷങ്ങൾക്ക് ശേഷമാണ് ഇവരൊക്കെ പ്രമാണവുമായി ആദിവാസി ഭൂമിയിലെത്തുന്നത്. ആദിവാസി ഭൂമി സർക്കാർ സംവിധാനത്തിന്‍റെ ഒത്താശയോടെ പൊലീസ് സഹായത്താൽ പിടിച്ചെടുക്കുകയാണ്. വില്ലേജ് ഓഫിസിൽ കരം അടച്ച് രസീത് അടക്കം ഹാജരാക്കി പറത്തുനിന്ന് വരുന്നവർ ഭൂമി സ്വന്തമാക്കുന്നു. പിന്നീട് ഭൂമി മറിച്ച് വിൽക്കുന്നു. അട്ടപ്പാടിയിലേക്ക് ദേശീയ അവാർഡ് എത്തിച്ച നഞ്ചിയമ്മയുടെ ഭൂമിയും ഭൂമാഫിയ തട്ടിയെടുത്ത അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.