മൂവാറ്റുപുഴ: പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം കലക്ടറേറ്റിലെ സെക്ഷന്‍ ക്ലര്‍ക്ക് വിഷ്ണു പ്രസാദ്, മഹേഷ്, സി.പി.എം നേതാക്കളായ അന്‍വര്‍, നിധിന്, കൗലത്ത് എന്നിവരടക്കം ഏഴുപേര്‍ക്കെതിരെയാണ് കുറ്റപത്രം. പ്രളയദുരിതാശ്വാസ ഫണ്ടില്‍നിന്ന് 28 ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പ്രതികൾ സർക്കാറിനെ വഞ്ചിച്ച് ലാഭം നേടിയെന്നും സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളും ഗൂഢാലോചനയിൽ പങ്കാളികളായെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രളയ ഫണ്ട് തട്ടാൻ പ്രതികൾ കമ്പ്യൂട്ടർ രേഖകളിൽ തിരുത്തൽ വരുത്തി. അർഹരെ ഒഴിവാക്കി സി.പി.എം നേതാക്കളുടെ അക്കൗണ്ട് അടക്കം ചേർത്ത് 27 ലക്ഷം രൂപ തട്ടിയെടുത്തു. കൂടുതൽ തുക തട്ടിയെടുത്തത് കലക്ടറേറ്റിലെ ക്ലർക്ക് വിഷ്ണു പ്രസാദാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കി. തട്ടിയെടുത്ത തുകയിൽ ഇതുവരെ കണ്ടെത്തിയത് 10.58 ലക്ഷം രൂപയാെണന്ന് കുറ്റപത്രം പറയുന്നു. കേസിൽ ജില്ല കലക്ടർ എസ്. സുഹാസ്, മുൻ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല എന്നിവരടക്കം 172 സാക്ഷികളാണുള്ളത്.
അയ്യനാട് സഹകരണ ബാങ്ക് അധികൃതർക്ക് തട്ടിപ്പിൽ പങ്കില്ലെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി. വഞ്ചന, ഗൂഢാലോചന, പണംതട്ടല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ജനങ്ങളെയും സര്‍ക്കാറിനെയും പ്രതികള്‍ വഞ്ചിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ 1200 പേജ് വരുന്ന കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
കേസിൽ പ്രതികളെല്ലാം ജാമ്യത്തിലാണ്. നേരത്തേ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് ഏറെ വിവാദമായിരുന്നു. കേസെടുത്ത് ഒരുവര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്.
കലക്ടറേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കായിരുന്ന വിഷ്ണുപ്രസാദ് പ്രതിയായ രണ്ടാം കേസില്‍ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.