ആലപ്പുഴ: ആറുമാസമായി സർക്കാർ സബ്സിഡി നിലച്ചതോടെ ജില്ലയിൽ ഏഴ് ജനകീയ ഹോട്ടലുകൾ പൂട്ടി. ചേർത്തല, അരൂർ, തുറവൂർ, തലവടി, അമ്പലപ്പുഴ നോർത്ത്, കണ്ടല്ലൂർ, കൈനകരി എന്നിവിടങ്ങളിലെ ഹോട്ടലുകളാണ് പൂട്ടിയത്. പാചകവാതകത്തിന്റെയും അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെയും ഉയർന്നവിലയിൽ പിടിച്ചുനിൽക്കാൻ കഴിയാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് പൂട്ടുവീണത്.
രണ്ടരക്കോടിയോളമാണ് സബ്സിഡി ഇനത്തിൽ കുടിശ്ശികയുള്ളത്. ജില്ലയിൽ 87 ജനകീയ ഹോട്ടലുകളാണ് തുടങ്ങിയത്. കുടിശ്ശിക കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് പലരും മുന്നോട്ടുപോയത്. ഇതിനിടെ പലതവണയായി ഗ്യാസ് വില ഉയർന്നതും പ്രതിസന്ധി രൂക്ഷമാക്കി. ഈവർഷം സംസ്ഥാന സർക്കാറിൽനിന്ന് 60 കോടിയാണ് ജനകീയ ഹോട്ടലുകളുടെ സബ്സിഡിക്കായി മാറ്റിവെച്ചത്. ഇതുവരെ നൽകിയത് 30 കോടി മാത്രമാണ്.
ശേഷിക്കുന്ന 30 കോടി എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബശ്രീ ജില്ല മിഷൻ കത്ത് നൽകിയിട്ടുണ്ട്. ഇതുകൂടി കിട്ടിയില്ലെങ്കിൽ വീണ്ടും പലതും പൂട്ടുവീഴുന്ന സ്ഥിതിയാണ്. പ്രതിസന്ധി രൂക്ഷമായ ഇടക്കാലത്ത് സർക്കാർ 80 ലക്ഷം രൂപ നൽകിയെങ്കിലും പലരും കൈയിൽനിന്ന് പണം മുടക്കിയാണ് മുന്നോട്ടുപോയത്.
കുടുംബശ്രീ പ്രവർത്തകരാണ് ജനകീയ ഹോട്ടലുകൾ നടത്തുന്നത്. ഓരോ ഹോട്ടലിന്റെയും വിൽപനക്ക് അനുസരിച്ച് നാല് മുതൽ 10 വരെ ജീവനക്കാരാണുള്ളത്. നിലവിൽ 20 രൂപക്ക് ഊണ് നൽകിയാൽ കൈയിൽനിന്ന് പണംപോകുന്ന സ്ഥിതിയാണ്. ഒരു ഊണിന് 10രൂപയാണ് സബ്സിഡി ലഭിക്കുന്നത്. വിലവർധനയിൽ ചോറും രണ്ട് കറിയും മീൻചാറും തോരനും മെഴുക്കുപുരട്ടിയും അടങ്ങുന്ന ഊണ് 30 രൂപക്കുള്ളിൽ തയാറാക്കാൻ കഴിയില്ലെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു.
സബ്സിഡി പലപ്പോഴും സമയത്ത് ലഭിക്കാത്തതും പ്രശ്നമാണ്. ഊണിനൊപ്പം മീൻവറുത്തത്, കക്കയിറച്ചി അടക്കമുള്ള സ്പെഷൽ വിഭവങ്ങൾക്ക് കിട്ടുന്ന വരുമാനമാണ് നഷ്ടത്തിൽനിന്ന് കരകയറ്റുന്നത്. എന്നാൽ, ഹെൽത്ത് കാർഡ്, ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള എട്ടോളം പരിശോധനകൾ നടത്താൻ 3000-4000 രൂപവരെ അധികചെലവ് കണ്ടെത്തണം. നേരത്തേ 600 രൂപ മാത്രം ചെലവഴിച്ചിരുന്ന തുകയാണ് വർധിച്ചത്.
തദ്ദേശ സ്ഥാപനങ്ങളാണ് ഹോട്ടൽ പ്രവർത്തിക്കാനാവശ്യമായ സ്ഥലസൗകര്യവും വെള്ളവും ഉൾപ്പെടെ ഒരുക്കുന്നത്. ഊണിന്റെ വിൽപന കണക്കാക്കി കുടുംബശ്രീ ജില്ല മിഷനിൽനിന്നാണ് തുക അനുവദിക്കുന്നത്. ഊണിന് കൂടുതൽ വിൽപനയുള്ള ഹോട്ടലുകൾ ലാഭം കിട്ടുന്ന പണം അക്കൗണ്ടുകളിലാക്കി നടത്തിപ്പിന് ആവശ്യമായ തുക കണ്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.