കണ്ണൂർ: പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതിനെ തുടർന്ന് കോൺഗ്രസ് നേതാവും കണ്ണൂർ കോർപറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനുമായ പി.കെ. രാഗേഷിനെതിരെ പാർട്ടി നടപടി. പി.കെ. രാഗേഷും സഹോദരനും ബാങ്ക് പ്രസിഡന്റുമായ പി.കെ. രഞ്ജിത്തും അടക്കം ഏഴുപേരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. ചേറ്റൂർ രാഗേഷ്, എം.കെ. അഖിൽ, പി.കെ. സൂരജ്, കെ.പി. രതീപൻ, എം.വി. പ്രദീപ് കുമാർ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റുള്ളവർ. കെ.പി. അനിത, കെ.പി. ചന്ദ്രൻ എന്നിവരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയും ബൂത്ത് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടതായും ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു. ഔദ്യോഗിക പാനൽ പരാജയപ്പെട്ടതിന് പിന്നിൽ പി.കെ. രാഗേഷ് അടക്കമുള്ളവരാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
ഞായറാഴ്ച നടന്ന പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് വിമതപക്ഷം വിജയം നേടിയത് പാർട്ടിക്ക് തലവേദനയായിരുന്നു. യു.ഡി.എഫും സഹകരണ ജനാധിപത്യ മുന്നണിയും നേർക്കുനേർ മത്സരിച്ച് കോണ്ഗ്രസ് വിമതപക്ഷം ഒമ്പത് സീറ്റുകളിലും വിജയം നേടുകയായിരുന്നു. പി.കെ. രാഗേഷിന്റെ സഹോദരനും ബാങ്ക് പ്രസിഡന്റുമായ പി.കെ. രഞ്ജിത്താണ് വിമത പാനലിനെ നയിച്ചത്.
ബാങ്ക് തെരഞ്ഞെടുപ്പിൽ വിമതർക്കായി പ്രവർത്തിക്കുന്നില്ലെന്ന രാഗേഷിന്റെ വാദം പാർട്ടി തള്ളി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഗേഷിന്റെ വീട്ടിൽ വിമതയോഗം ചേർന്നിട്ടുണ്ടെന്ന പരാതി പാർട്ടി കമീഷൻ അന്വേഷിച്ചിരുന്നു.
ബാങ്ക് തെരഞ്ഞെടുപ്പിൽ യഥാർഥ അംഗങ്ങളെ അറിയിക്കാതെ 5350 മെംബർഷിപ് ഏകപക്ഷീയമായി തള്ളിക്കുകയും പാർട്ടിക്ക് അവമതിപ്പുണ്ടാകുംവിധം പ്രവർത്തിച്ചതായും ഡി.സി.സി വിലയിരുത്തി.
നേരത്തെ കെ. സുധാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ടപ്പോഴാണ് പി.കെ. രാഗേഷിന്റെ നേതൃത്വത്തിൽ ജനാധിപത്യ മുന്നണി രൂപവത്കരിച്ചത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പുവേളയിൽ കെ. സുധാകരനോട് കൂറ് പ്രഖ്യാപിച്ച് വീണ്ടും തിരികെയെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.