ഐ.സി.യുവിലെ പീഡനം: ഇരയെ ഭീഷണിപ്പെടുത്തിയ കേസിൽ അഞ്ച് ജീവനക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജിക്കൽ ഐ.സി.യുവിൽ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ മെഡിക്കൽ കോളജിലെ അഞ്ച് ജീവനക്കാർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 100 പേജുള്ള കുറ്റപത്രമാണ് മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശന്‍റെ നേതൃത്വത്തിലുള്ള സംഘം കുന്ദമംഗലം കോടതിയിൽ സമർപ്പിച്ചത്. കേസിലെ പ്രതിയായ അറ്റൻഡർ ശശീന്ദ്രനെതിരെ നൽകിയ മൊഴി തിരുത്താൻ ഇരയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗ്രേഡ് 1 അറ്റൻഡന്റർ എൻ.കെ. ആസ്യയാണ് ഒന്നാം പ്രതി. ഗ്രേഡ് 1 അറ്റൻഡന്റമാരായ ഷൈനി ജോസ്, വി. ഷലൂജ, ഗ്രേഡ് 2 അറ്റൻഡന്റ് പി.ഇ. ഷൈമ, നഴ്സിങ് അസിസ്റ്റന്‍റ് പ്രസീത മനോളി എന്നിവരെ യഥാക്രമം രണ്ടു മുതൽ അഞ്ചുവരെ പ്രതികളായും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയൽ പരേഡിൽ അതിജീവിത പ്രതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു. കേസിൽ ജാമ്യം ലഭിച്ച പ്രതികൾ സസ്പെൻഷനിലാണ്.

സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കൽ (195 എ), സ്ത്രീകൾക്ക് മാനഹാനി വരുത്തൽ (509) തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. താൻ ഒറ്റക്കുള്ളപ്പോഴാണ് പ്രതികൾ തന്നെ ഭീഷണിപ്പെടുത്തിയതെന്നതാണ് അതിജീവിതയുടെ മൊഴി. അതിജീവിത മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി ഉൾപ്പെടെ മാറ്റാൻ സ്വാധീനംചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്.

അതിനിടെ, കുറ്റാരോപിതരായ ജീവനക്കാരെ, കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സർവിസിൽ തിരിച്ചെടുത്തത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. പൊലീസ് അന്വേഷണം പൂർത്തിയാവുന്നതിന് മുമ്പായിരുന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇവരെ സർവിസിൽ തിരിച്ചെടുത്തത്. തുടർന്ന് തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമീഷൻ, ദേശീയ വനിത കമീഷൻ എന്നിവർക്ക് പരാതി നൽകി.

വിഷ‍യത്തിൽ സംസ്ഥാന വനിത കമീഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിൽനിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. തുടർന്ന് ഡി.എം.ഇ ഇടപെടുകയും സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് നിർദേശം നൽകുകയുമായിരുന്നു. കേസിന്‍റെ തുടക്കം മുതൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആക്ഷേപമുയർന്നിരുന്നു.

Tags:    
News Summary - Sexual assault in kozhikode medical college ICU: Chargesheet filed in threatening case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.