കോഴിക്കോട്: ലൈംഗികാതിക്രമ കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ജില്ല കോടതി ഉത്തരവിലെ പരാമർശം വിവാദത്തിൽ. മുൻകൂർ ജാമ്യഹരജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോയിൽ പരാതിക്കാരിയെ ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രത്തിലാണ് കാണുന്നതെന്നും ഇക്കാരണത്താൽ പ്രതിയിൽ ചുമത്തിയ ശിക്ഷാനിയമം 354 എ പ്രകാരമുള്ള ലൈംഗിക പീഡനക്കുറ്റം നിലനിൽക്കില്ലെന്നുമാണ് ഉത്തരവിലുള്ളത്.
ശാരീരിക അവശതകളുള്ള 74കാരനായ സിവിക്, പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നത് അവിശ്വസനീയമാണ്. അതിനാൽ മുൻകൂർ ജാമ്യമനുവദിക്കാൻ യോജിച്ച കേസാണിതെന്നും പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജ് എസ്. കൃഷ്ണകുമാർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ആഗസ്റ്റ് 12ന് സിവികിന് മുൻകൂർ ജാമ്യമനുവദിക്കുകയായിരുന്നു. പരാതിക്കാരിയുടെ ഫേസ്ബുക്കിലെ ഫോട്ടോകളാണ് പ്രതിഭാഗം ഹാജരാക്കിയത്. കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ രണ്ട് ആൾജാമ്യമനുവദിക്കണമെന്നാണ് ഉത്തരവ്.
ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അഡ്വ. പി. രാജീവ് അറിയിച്ചു. സിവികിന് എതിരെയുള്ള രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം നൽകിയുള്ള ഉത്തരവിലാണ് വിവാദപരാമർശം. ആദ്യ കേസിലും ഇതേ കോടതി മുൻകൂർ ജാമ്യമനുവദിച്ചിരുന്നു. ദലിത് യുവതിയായിരുന്നു ആദ്യകേസിൽ പരാതിക്കാരി. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കെതിരായ ആക്രമണം തടയാനുള്ള നിയമപ്രകാരമുള്ള കുറ്റവും ആരോപിച്ചിരുന്നു.
ജാതിവിവേചനത്തിനെതിരായി ചിന്തിക്കുന്നയാളെന്ന് തെളിയിക്കാൻ ജാതിയേതെന്ന് വ്യക്തമാക്കാത്ത 1965ലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സിവിക് ആദ്യകേസിൽ ഹാജരാക്കിയിരുന്നു. അങ്ങനെയുള്ളയാൾ ദലിത് എന്ന് അറിഞ്ഞ് പരാതിക്കാരിയോട് കുറ്റം ചെയ്തുവെന്ന് പറയാനാവില്ലെന്നും പരാതിക്കാരിയും പ്രതിയുമായുള്ള ശാരീരിക സവിശേഷതകൾ പരിഗണിക്കുമ്പോൾ കേസെടുത്ത പ്രകാരമുള്ള ആക്രമണം സാധ്യമല്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു.
സിവികിന് എതിരെയുള്ള രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം നൽകിയുള്ള ഉത്തരവിലാണ് വിവാദ പരാമർശം. ആദ്യത്തെ കേസിലും ഇതേ കോടതി മുൻകൂർ ജാമ്യമനുവദിച്ചിരുന്നു. ദലിത് യുവതിയായിരുന്നു ആദ്യകേസിൽ പരാതിക്കാരി. ജാതിവിവേചനത്തിനെതിരായി ചിന്തിക്കുന്നയാളെന്ന് തെളിയിക്കാൻ ജാതിയേതെന്ന് വ്യക്തമാക്കാത്ത 1965 ലെ തന്റെ എസ്.എസ്.എൽ.സി സർടിഫിക്കറ്റ് സിവിക് ആദ്യകേസിൽ കോടതിയിൽ ഹാജരാക്കിയിരുന്നു.
അങ്ങനെയുള്ളയാൾ ദലിത് എന്ന് അറിഞ്ഞുകൊണ്ട് പരാതിക്കാരിയോട് കുറ്റം ചെയ്തുവെന്ന് പറയാനാവില്ലെന്നും പരാതിക്കാരിയുടെയും പ്രതിയുടെയും ശാരീരിക സവിശേഷതകൾ പരിഗണിക്കുമ്പോൾ കേസെടുത്ത പ്രകാരമുള്ള ആക്രമണം സാധ്യമല്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്ത് നടന്ന ക്യാമ്പിൽ ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് രണ്ട് കേസുകളിലുമുള്ള ആരോപണം.
പരാതിക്കാരിയുടെ വസ്ത്രം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന കോടതിയുടെ പരാമർശം വിവാദമായതോടെ വലിയ വിമർശനമാണ് ഉയരുന്നത്. പുരുഷാധിപത്യ മനോഭാവമാണ് കോടതിയുടെ ഉത്തരവിലുള്ളതെന്ന് കെ. അജിത പറഞ്ഞു. ജുഡീഷ്യറി യിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന ഇത്തരം വിധികൾക്ക് കടിഞ്ഞാണിടണമെന്ന് എഴുത്തുകാരി സി.എസ് ചന്ദ്രിക പ്രതികരിച്ചു.
കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ ജാമ്യം അനുവദിച്ച ഉത്തരവ് നിയമപരമല്ലെന്നും ഹൈകോടതി സ്വമേധയാ പരിശോധനക്ക് വിധേയമാക്കണമെന്നും ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി. പ്രമോദ്. എസ്.സി, എസ്.ടി അതിക്രമം തടയൽ നിയമപ്രകാരവും ലൈംഗികാതിക്രമ ആരോപണങ്ങളുമുള്ള കേസുകളിൽ ലാഘവ ബുദ്ധിയോടെ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകണമെന്നും ആവശ്യപ്പെട്ടു.
ലൈംഗിക പീഡനക്കേസുകളിൽ അതിജീവിതയുടെ വിലാസം അടക്കമുള്ളവ വെളിപ്പെടുത്താനോ ആക്ഷേപ പരാമർശത്തിനോ അധികാരം വിനിയോഗിക്കുന്നത് നിർഭാഗ്യകരമാണ്. ഏതോ ഫോട്ടോ വെച്ച് അതിജീവിതയെ സ്വഭാവഹത്യ നടത്തുംവിധമുള്ള പരാമർശം കോടതി ഉത്തരവിൽ ഇടംപിടിക്കുന്നത് ന്യായീകരിക്കാനാവില്ല. വ്യക്തിസ്വാതന്ത്ര്യം അനുവദിക്കുന്ന വസ്ത്രധാരണരീതി കുറ്റകൃത്യത്തിനുള്ള പ്രകോപനമാവുമെന്ന് പറയുന്നതിനും ന്യായീകരണമില്ല. വസ്ത്രധാരണരീതി പ്രതിക്ക് പ്രകോപനപരമായി എന്ന് കോടതിക്ക് അഭിപ്രായമുണ്ടെങ്കിൽ അത്തരമൊരു പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ല.
കോഴിക്കോട്: പിഞ്ചുമക്കളെ പിച്ചിച്ചീന്തി കൊന്നുതള്ളിയ വാളയാര്‍ സംഭവത്തില്‍ ഉള്‍പ്പെടെ കോടതികളില്‍നിന്ന് വേദനിപ്പിക്കുന്ന സമീപനമാണുണ്ടാകുന്നതെന്നും ഇതിന്റെ ഒടുവിലെ ഉദാഹരണമാണ് സിവിക് ചന്ദ്രന് വിഷയത്തില്‍ കോഴിക്കോട് കോടതിയില്‍നിന്ന് കേട്ടതെന്നും വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട്. സംസ്ഥാനത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഭരണകൂടങ്ങളുടെയും നിയമപാലകരുടെയും മാത്രമല്ല, കോടതികളുടെയും അഴകൊഴമ്പന്‍ നിലപാട് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.