തിരുവനന്തപുരം: എ.ബി.വി.പിയോടും എം.എസ്.എഫിനോടും കാമ്പസ് ഫ്രണ്ടിനോടും ചേര്‍ന്നുനിന്ന് സമരം നടത്തുന്ന എ.ഐ.എസ്.എഫുമായി ഇനി സഹകരണമില്ലെന്ന് എസ്.എഫ്.ഐ. വിദ്യാര്‍ഥിസമൂഹത്തിന്‍െറ പൊതുലക്ഷ്യത്തിനുവേണ്ടിയുള്ള കൂട്ടായ്മയില്‍ ഇനിയും പങ്കാളിയാവുമെന്ന് എ.ഐ.എസ്.എഫും. ലോ അക്കാദമി സമരത്തില്‍ വിരുദ്ധ ചേരികളിലായിരുന്നു ഇരുസംഘടനകളും. ഈ പശ്ചാത്തലത്തിലാണ് പരസ്പരം സഹകരണം വേണ്ടെന്ന് എസ്.എഫ്.ഐയും എ.ഐ.എസ്.എഫും തീരുമാനമെടുത്തത്. അക്കാദമികവിഷയങ്ങളില്‍ മാത്രമല്ല, സമീപകാലത്ത് പല കാര്യങ്ങളിലും എ.ഐ.എസ്.എഫ് സ്വീകരിക്കുന്നത് ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനയുടെ സ്വഭാവത്തിലുള്ള നയമല്ളെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ജെയ്ക് സി. തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ലോ അക്കാദമിയില്‍ എ.ബി.വി.പിയും എസ്.ഐ.ഒയും കാമ്പസ്ഫ്രണ്ടും പോലുള്ള മതയാഥാസ്ഥിതിക സംഘടനകളുടെ കൂട്ടുകെട്ടിന് ഒപ്പമായിരുന്നു എ.ഐ.എസ്.എഫ്. സമാനമായ പ്രശ്നങ്ങള്‍ ഉരുത്തിരിഞ്ഞ് വരുമ്പോള്‍ അവിടെയും എ.ബി.വി.പിയോടും എം.എസ്.എഫിനോടും ഒക്കെ ചേര്‍ന്നുനില്‍ക്കുമോയെന്ന് എ.ഐ.എസ്.എഫ് പറയണം. അങ്ങനെ വെള്ളംചേര്‍ക്കുന്ന നയവുമായി നില്‍ക്കുന്ന സംഘടനയുമായി ഇപ്പോഴത്തെ സാഹചര്യത്തില്‍ യോജിച്ചുള്ള സമരത്തിന് എസ്.എഫ്.ഐ തയാറല്ല. കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എ.ഐ.എസ്.എഫുമായി സഖ്യമുണ്ടായിരുന്നു. ഈ നിലപാട് ആജീവനാന്തം ഉണ്ടാകില്ളെന്നും പുതിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും ജെയ്ക് വ്യക്തമാക്കി.
കാമ്പസുകളില്‍ എസ്.എഫ്.ഐയുടെ ഒരു ഒൗദാര്യവും തങ്ങള്‍ക്ക് വേണ്ടെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുബേഷ് സുധാകര്‍ പറഞ്ഞു. എ.ബി.വി.പിയുടെ വര്‍ഗീയ ഫാഷിസ്റ്റ് ശൈലിയോട് യോജിക്കുന്നില്ല. കെ.എസ്.യുവിന്‍െറ നയങ്ങളെയും അനുകൂലിക്കുന്നില്ല. വിദ്യാര്‍ഥിസമൂഹത്തിലെ പൊതുലക്ഷ്യത്തിനുവേണ്ടിയുള്ള കൂട്ടായ്മയില്‍ എ.ഐ.എസ്.എഫ് പങ്കാളിയാകുന്നതില്‍ എസ്.എഫ്.ഐക്ക് എന്തിനാണ് അസഹിഷ്ണുത. ദേശീയതലത്തില്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായി ഇടത് മതേതര വിദ്യാര്‍ഥിസമരത്തിന്‍െറ പൊതുവേദിയായി നില്‍ക്കുന്നത് എ.ഐ.എസ്.എഫ് ആണെന്ന് എസ്.എഫ്.ഐ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.