ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ല -എസ്.എഫ്.ഐ

കോഴിക്കോട്: സംസ്ഥാന ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ. സ്വകാര്യ സർവകലാശാലകളുടെ കടന്നുവരവിൽ വലിയ ആശങ്കയുണ്ടെന്നും അവയ്ക്ക് മേൽ സർക്കാർ നിയന്ത്രണം വേണമെന്നും എസ്.എഫ്‌.ഐ നേതാവ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ആശങ്കകൾ സർക്കാരിനെ അറിയിക്കും. 

സ്വകാര്യ സര്‍വകലാശാലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കണം. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അനുശ്രീ പറഞ്ഞു.

അതേസമയം, കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകർക്കുന്നതിനു വേണ്ടിയുള്ള ഡീലാണ് വിദേശ സർവകലാശാലയുടെ വരവിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭം തുടങ്ങുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു.

വിദേശ സർവകലാശാലകൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചാൽ അതിന് "കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം" എന്ന് പേരിടണം. ഒപ്പം പുഷ്പന്റെ പേരിൽ ഒരു ചെയർ ആരംഭിക്കുക കൂടി ചെയ്യണം. വിദേശ സർവകലാശാലയുടെ വരവിനെ കെ.എസ്.യു വലിയ ആശങ്കയോടെയാണ് നോക്കി കാണുന്നത്. നിലവിൽ കേരളത്തിലെ വിദ്യാർഥികൾ വിദേശത്തേക്ക് കുടിയേറുന്നത് വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്ട്രീയവത്കരണവും ഗുണനിലവാര തകർച്ചയും ഒപ്പം അതിരൂക്ഷമായ തൊഴിലില്ലായ്മയും കൊണ്ടാണ്. ഇവ പരിഹരിക്കുന്നതിന് യാതൊരു വിധ നിർദ്ദേശങ്ങളോ നടപടികളോ എടുക്കാതെ, വിദേശ സർവകലാശാലയുടെ വരവിനെപറ്റി പരാമർശിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. 

Tags:    
News Summary - SFI can not agree with budget foreign university proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.