കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ വിജയിച്ചെന്ന വിവാദത്തിൽ ഗൂഢാലോചന ആരോപണം അന്വേഷിച്ച ക്രൈംബ്രാഞ്ച് തെളിവ് കിട്ടാതെ ഇരുട്ടിൽ തപ്പുന്നു. വിവാദത്തിന് പിന്നിൽ ഗൂഢാലോചന ആരോപിച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെയും മാധ്യമ പ്രവർത്തകയെയും അടക്കം പ്രതിചേർത്ത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ നൽകിയ പരാതിയാണ് മണിക്കൂറുകൾക്കകം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
ഡി.ജി.പിയുടെ അടിയന്തര നിർദേശത്തെ തുടർന്നായിരുന്നു ഇത്. അന്വേഷണം രണ്ടു മാസം പിന്നിട്ടിട്ടും ഗൂഢാലോചന തെളിയിക്കാൻ തക്ക വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് കിട്ടിയിട്ടില്ല. സാങ്കേതിക പിഴവെന്ന നിഗമനത്തിലാണ് അന്വേഷണം എത്തിനിൽക്കുന്നത്. എന്നാൽ, രാഷ്ട്രീയ പ്രാധാന്യം നേടിയ കേസിൽ ഇത്തരത്തിലൊരു റിപ്പോർട്ട് സമർപ്പിക്കാതിരിക്കാൻ ക്രൈംബ്രാഞ്ചിന് മേൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നാണ് ഉന്നതതല വിവരം.
മറ്റു പലരുടെയും റിസൽട്ടിൽ പിഴവുണ്ടെന്ന പ്രിൻസിപ്പലിന്റെ മൊഴി ശരിവെക്കുന്ന വിവരങ്ങളാണ് കോളജിലും നാഷനൽ ഇൻഫോമാറ്റിക്സിലും (എൻ.ഐ.സി) നടത്തിയ അന്വേഷണത്തിൽ കിട്ടിയത്. എൻ.ഐ.സിയിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതോടെ സോഫ്റ്റ്വെയർ തകരാർ സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമായി. ആർഷോയുടെ കാര്യത്തിൽ മാത്രമായി ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് നിഗമനം. പരീക്ഷക്ക് ഹാജരാകാതിരുന്നിട്ടും ആർഷോ വിജയിച്ചതായ മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡു ചെയ്ത് പ്രചരിപ്പിച്ചതിൽ മനപ്പൂർവമായ നീക്കമുണ്ടായിട്ടുണ്ടോ എന്ന പരിശോധനയിലും ക്രൈംബ്രാഞ്ചിന് തെളിവ് ലഭ്യമായിട്ടില്ല. വെബ്സൈറ്റിൽ നിന്ന് ആർഷോയുടെ ഫലം എങ്ങനെ പുറത്തായെന്ന അന്വേഷണവും ഫലം കണ്ടിട്ടില്ല.
പരീക്ഷാഫലം ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് മഹാരാജാസ് കോളജിലെ ഇടത് അധ്യാപക സംഘടന നേതാക്കളിൽ ചിലർ ക്രൈംബ്രാഞ്ചിന് വിവരം നൽകിയിരുന്നു. കോളജിലെ ആർക്കിയോളജി വിഭാഗം കോഓഡിനേറ്റർ ഡോ. വിനോദ് കുമാർ, പ്രിൻസിപ്പൽ വി.എസ്. ജോയ്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ,കോളജിലെ വിദ്യാർഥി സി.എ. ഫാസിൽ, ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ അഖില നന്ദകുമാർ എന്നിവരാണ് ഒന്ന് മുതൽ അഞ്ച് വരെ പ്രതികൾ. ഒന്നും രണ്ടും പ്രതികൾ ചേർന്ന് പരാതിക്കാരൻ രജിസ്റ്റർ ചെയ്യാത്ത മൂന്നാം സെമസ്റ്റർ പരീഷ പാസായതായി തെറ്റായ ഫലം തയാറാക്കി പ്രസിദ്ധീകരിച്ച ശേഷം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചെന്ന് പരാതി. മൂന്നു തവണ നോട്ടീസ് നൽകിയിട്ടും കെ.എസ്.യു പ്രസിഡന്റും ഫാസിലും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.